വൈക്കം: ഇത്തിപ്പുഴ പാലത്തിന്റെ അപ്രോച്ച്റോഡില്‍ അഗാധഗര്‍ത്തം. ഇതെത്തുടര്‍ന്ന് തിരക്കേറിയ വൈക്കം-എറണാകുളം റൂട്ടില്‍ ഗതാഗതം ഏറെനേരം മുടങ്ങി.
വൈക്കം-എറണാകുളം റൂട്ടില്‍ മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഇന്നലെ രാവിലെ 11 മണിയോടെ വന്‍ കുഴി രൂപംകൊണ്ടത്.
പാലത്തിന്റെ തെക്കുവശത്ത് അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്ത് പാലത്തിന്റെ കിഴക്കെ കൈവരിയുടെ ഒരുമീറ്റര്‍ അകലെയാണ് ഗര്‍ത്തം രൂപപ്പെട്ടത്. ആറുമീറ്റര്‍ ചുറ്റളവിലും മൂന്നു മീറ്റര്‍ ആഴത്തിലുമായാണ് കുഴിയുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപ്രോച്ച് റോഡിന്റെ ഈ ഭാഗം പൂര്‍ണമായും പൊള്ളയായ നിലയിലാണെന്ന് കണ്ടെത്തി.
ഒരടി കനത്തില്‍ മുകളില്‍ തട്ടുപോലെ നിന്നിരുന്ന ടാര്‍ പാളിക്ക് മുകളിലൂടെയാണ് വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്നത് എന്നാണ് പൊതുമരാമത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. വൈകുന്നേരത്തോടെ കുഴിനികത്തി ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: