മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു

Thursday 8 August 2013 9:43 pm IST

കടുത്തുരുത്തി: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുവര്‍ണധ്വജ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള രണ്ടാമത് ഉത്സവത്തിനു കൂടിയാണ് കൊടിയേറുന്നത്. ചടങ്ങുകള്‍ക്കൊപ്പം ഗണേശ മണ്ഡപത്തില്‍ കലാപരിപാടികള്‍ക്കും ഉത്സവകാലം വേദിയാകും. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ എട്ടിന് മാഞ്ഞൂര്‍ പുതുകുളങ്ങര ദേവീക്ഷേത്രത്തില്‍നിന്നും കോടിക്കൂറ ഘോഷയാത്ര, 10.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. ഉത്സവദിവസങ്ങളില്‍ രാവിലെ എട്ടിന് വിശേഷാല്‍ നവകം, പഞ്ചഗവ്യം, അഭിഷേകം. ഒമ്പതിന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം. വൈകൂന്നേരം 6.30ന് മുളപൂജ, 9.30ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഒമ്പതിന് വിനായക ചതുര്‍ത്ഥി ദിനത്തിലാണ് പള്ളിവേട്ട. രാവിലെ 5.30ന് 1,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിക്കും. 11 ന് കേരളത്തിലെ 12 ഓളം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജ. കുടമാറ്റം ഇത്തവണത്തെ പ്രത്യേകതയാണ്. രാത്രി ഒമ്പതിന് വലിയ വിളക്ക്, പള്ളിവേട്ട. 8-ാം ഉത്സവദിനമായ 10 നാണ് ആറാട്ട്, വൈകൂന്നേരം 4.30ന് കൊടിയിറക്ക്. തുടര്‍ന്ന് മാഞ്ഞൂര്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ആറാട്ട്. ഒമ്പതിന് ക്ഷേത്രത്തില്‍ ആറാട്ട് സ്വീകരണം. രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, കലാമണ്ഡലം ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും. എട്ടിന് കഥകളി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി ഏഴിനാണ് ഗണേശമണ്ഡപത്തില്‍ പരിപാടി. നാലിന് മള്ളിയൂര്‍ ഗണേശ നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. സംഗീത സദസ്, ഭക്തിഗാനമേള. ഏഴിന് ഡബിള്‍ തായമ്പക. എട്ടിന് രമ്യാ നമ്പീശന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍. വിനായക ചതുര്‍ത്ഥി ദിനത്തില്‍ പുലര്‍ച്ചെ ആറന്മുള ശ്രീകുമാര്‍ നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി. കാഴ്ചശ്രീബലിക്ക് അകമ്പടിയായി 11.30ന് പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണിത്വത്തില്‍ 120 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം. 2.30 ന് കലാമണ്ഡലം പരമേശ്വരന്റെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം. 5.30 ന് കാഴ്ചശ്രീബലി സമയത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മേള പ്രമാണിത്വത്തില്‍ 120 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളം. ആറാട്ടുദിനമായ 10ന് രാത്രി ക്ഷേത്രത്തില്‍ ആറാട്ട് സ്വീകരണ സമയത്ത് പഞ്ചവാദ്യം, പാണ്ടിമേളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.