സിറിയന്‍ ജനതയുടെ ആവശ്യം പരിഗണിക്കും - പ്രസിഡന്റ്

Tuesday 21 June 2011 5:46 pm IST

സന: പരിഷ്കരണത്തിനുളള സിറിയന്‍ ജനതയുടെ ആവശ്യം പരിഗണിക്കുമെന്ന്‌ പ്രസിഡന്റ്‌ ബഷാ അല്‍ അസദ്‌ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ വിധ്വംസക പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും ഇതു തുടര്‍ന്നാല്‍ ചര്‍ച്ചകളുണ്ടാവില്ലെന്നും ബഷാ അല്‍ അസദ്‌ മുന്നറിയിപ്പ്‌ നല്‍കി. എന്നാല്‍ ഭരണമാറ്റം ഉറപ്പുനല്‍കാതെ പ്രസിഡന്റ്‌ നടത്തിയ പ്രഖ്യാപനങ്ങളെ തളളിക്കളയുന്നതായി പ്രക്ഷോഭരംഗത്തുളള സംഘടനകള്‍ അറിയിച്ചു. പ്രക്ഷോഭമാരംഭിച്ചതിനുശേഷം ഇത്‌ മൂന്നാം തവണയാണ്‌ സിറിയന്‍ പ്രസിഡന്റ്‌ രാജ്യത്തെ അഭിസംബോധന ചെയ്തത്‌. രാജ്യത്ത്‌ മാറ്റങ്ങള്‍ക്ക്‌ ആഗ്രഹിക്കുന്നതായും ഇതിന്‌ വിവിധ മേഖലയിലെ 100 പേരെ പങ്കെടുപ്പിച്ച്‌ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുമെന്നും ബഷാ അല്‍ അസദ്‌ പ്രഖ്യാപിച്ചു. പ്രക്ഷോഭകരെ വിധ്വംസകപ്രവര്‍ത്തകര്‍ എന്നാണ്‌ സിറിയന്‍ പ്രസിഡന്റ്‌ വിശേഷിപ്പിച്ചത്‌. സിറിയയിലെ ഇത്തരം വിധ്വംസകപ്രവര്‍ത്തകരെയും ജനാധിപത്യവാദികളെയും വേര്‍തിരിച്ചുതന്നെ കാണണമെന്നും ബഷാ അല്‍ അസദ്‌ പറഞ്ഞു. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പ്രക്ഷോഭം തുടര്‍ന്നാല്‍ ചര്‍ച്ചകളുണ്ടാവില്ലെന്ന മുന്നറിയിപ്പും സിറിയന്‍ പ്രസിഡന്റ്‌ നല്‍കി. രാജ്യമിപ്പോള്‍ ചരിത്രപരമായ മാററത്തിന്‌ വേദിയാവുകയാണെന്നു പറഞ്ഞ പ്രസിഡന്റ്‌ പല രാജ്യങ്ങളും സിറിയക്കെതിരെ ഗൂഡാലോചനകള്‍ നടത്തുന്നുണെ്ടന്നും വ്യക്തമാക്കി. ഭരണഘടനാ പരിഷ്ക്കാരത്തെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ച പ്രസിഡന്റ്‌ പക്ഷേ അതിനുളള നടപടികള്‍ വിശദമാക്കിയില്ല. ഇതിനായി കുറേ സമിതികള്‍ രൂപീകരിക്കുമെന്നു മാത്രമാണ്‌ അദ്ദേഹം അറിയിച്ചത്‌. തുര്‍ക്കിയിലേക്ക്‌ പലായനം ചെയ്തവര്‍ തിരിച്ചുവരണമെന്നും പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ പുതുമയൊന്നുമില്ലെന്നാണ്‌ പ്രക്ഷോഭകര്‍ പ്രതികരിച്ചത്‌. പ്രതിപക്ഷസംഘടനകളുടെ നേതാക്കളും നിരാശയാണ്‌ രേഖപ്പെടുത്തിയത്‌. പ്രഖ്യാപനങ്ങളില്‍ നിരാശരായ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയതായ്‌ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.