ജീവിത പ്രാരാബ്ദങ്ങള്‍ക്കു നടുവിലും....... കുലത്തൊഴില്‍ കൈവിടാതെ

Sunday 11 August 2013 9:34 pm IST

പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് പട്ടിണി: ജീവിതം വിളക്കിച്ചേര്‍ക്കാന്‍ ഇവര്‍ മറ്റ് തൊഴില്‍ തേടുന്നു പാലാ: അന്യസംസ്ഥാനങ്ങളില്‍ നിന്നും മൊത്തവ്യാപാരികള്‍ വഴി സ്വര്‍ണാഭരണങ്ങള്‍ ജുവലറികളില്‍ എത്തിത്തുടങ്ങിയതോടെ ഈരംഗത്ത് തൊഴിലെടുത്തിരുന്ന പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. തൊഴില്‍ നഷ്ടപ്പെട്ട് കുടുംബം പട്ടിണിയിലേക്ക് മാറിയതോടെ സ്വര്‍ണാഭരണം പോലെ ജീവിതവും വിളക്കിച്ചേര്‍ക്കാന്‍ വഴിതേടി വലിയൊരുവിഭാഗം സ്വര്‍ണതൊഴിലാളികളും മറ്റ് തൊഴിലുകളെ ആശ്രയിക്കുകയാണിപ്പോള്‍. പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ ഫാക്ടറികള്‍ സ്ഥാപിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ വൈവിദ്ധ്യമുള്ള ആഭരണങ്ങള്‍ ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചതും ആയിരക്കണക്കിന് സ്വര്‍ണത്തൊഴിലാളികള്‍ക്ക് തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കി. തൊഴിലില്‍ നിന്ന് വരുമാനം കുറഞ്ഞതോടെ പുതിയ തലമുറയും ഈ തൊഴിലിലേക്ക് വരുന്നില്ല. ആഭരണങ്ങള്‍ മുറിച്ചു വിളക്കാനും ചില്ലറ പണികള്‍ക്കും മാത്രമാണിപ്പോള്‍ ജൂവലറി ഉടമകള്‍ പരമ്പരാഗത തൊഴിലാളികളെ ആശ്രയിക്കുന്നത്. അതും ഒരാള്‍ക്ക് മാത്രമായി പണി ചുരുങ്ങി. മറ്റ് തൊഴിലുകള്‍ തോടിപ്പോകാന്‍ കഴിയാത്ത മുതിര്‍ന്നവരായ ഏതാനും പേര്‍ മാത്രമാണിപ്പോള്‍ ഈ രംഗത്ത് പണിയെടുക്കുന്നത്. അവര്‍ക്ക് വരുമാനവും തുച്ഛമാണ്. സ്വര്‍ണ്ണം, വെള്ളി ആഭരണനിര്‍മ്മാണ മേഖലയില്‍ പണിയെടുത്തിരുന്നവര്‍ക്ക് ജീവിതം ഐശ്വര്യവും സമ്പന്നവുമായിരുന്ന കാലഘട്ടമുണ്ടായിരുന്നു, ഒരു പതിറ്റാണ്ടുമുമ്പുവരെ. കലയും ഭാവനയും കരവിരുതം ഒത്തിണങ്ങിയയതൊഴിലാളികളില്‍ നിന്നും പിറവിയെടുത്തിരുന്ന ആഭരണങ്ങള്‍ വൈവിദ്ധ്യം കൊണ്ട് ആഭരണശാലകളെയും വ്യത്യസ്തമാക്കിയിരുന്നു. മൊത്തവ്യാപാരികള്‍ രംഗത്തു വന്നതോടെ സ്വര്‍ണ്ണം സ്റ്റോക്കില്ലാത്തവര്‍ക്കും വമ്പന്‍ സ്വര്‍ണാഭരണശാല തുടങ്ങാമെന്ന അവസ്ഥ വന്നു. സ്വര്‍ണം വിറ്റ് പണം തിരികെ നല്‍കിയാല്‍ മതി. മൊത്ത വ്യാപാരികള്‍ക്ക്. സ്വര്‍ണം കൊടുത്ത് പണിക്കൂലിയും പണിക്കുറവും നല്‍കി ആഭരണങ്ങള്‍ പണിയുമ്പോഴുള്ള അധികചെലവും വ്യാപാരികള്‍ക്ക് ഒഴിവായി. 916 ആഭരണങ്ങള്‍ പ്രചാരത്തിലായതോടെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പണിക്കുറവ് കുറച്ചതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. മിക്കപ്പോഴും പണിതീര്‍ത്ത് ആഭരണം നല്‍കുമ്പോള്‍ കയ്യില്‍ നിന്നും കാശുപോകുന്ന അവസ്ഥയിലാണെന്ന് ഈമേഖലയില്‍ വല്ലപ്പോഴും മാത്രം വന്ന് പണിയെടുക്കുന്ന കടപ്പാട്ടൂര്‍ സ്വദേശി രാജേന്ദ്രന്‍ പറയുന്നു. പരമ്പരാഗത തൊഴിലാളികള്‍ക്ക് ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷമാത്രമാണിപ്പോള്‍ ഇവര്‍ക്ക് കൈമുതല്‍. ഓട്ടു നിര്‍മ്മാണത്തിന്റെ പാരമ്പര്യം കൈവിടാതെ മോഹനന്‍ ചങ്ങനാശേരി: ഓടില്‍ കവിത രചിക്കുകയാണ് ചങ്ങനാശേരി ചരിവുപറമ്പില്‍ സി.സി.മോഹനന്‍ എന്ന അന്‍പത്തിയഞ്ചുകാരന്‍. 1997ല്‍ അച്ഛന്‍ ചെല്ലപ്പന്റെ കൈപിടിച്ച് മൂശയില്‍ പണിയെടുത്തു തുടങ്ങിയ മോഹനന്‍ കാലത്തിന്റെ മൂശയില്‍ ജീവിതം ഉരുക്കിയെടുക്കുകയാണ്. പ്രതിസന്ധികളോട് പടവെട്ടിയാണ് മുമ്പോട്ടു നീങ്ങുന്നത്. നിലവിളക്ക്, കിണ്ടി, ഉരുളി, മൊന്ത, എന്നീ ഓട്ടുപാത്രങ്ങള്‍ കലര്‍പ്പില്ലാതെ വാര്‍ത്തെടുക്കുന്നു. ചെമ്പ്, കട്ടിനാഗം എന്നീ കൃത്രിമ വസ്തു ചേര്‍ക്കാതെ നല്ല് ഓടിലാണ് മോഹനന്‍ ഓട്ടുപകരണങ്ങള്‍ വാര്‍ക്കുന്നത്. നല്ല ഓടില്‍ തീര്‍ത്ത സാധനങ്ങള്‍ ക്ലാവു പിടിക്കില്ല. വിലകൂടിയ വെളുത്തീയം മാത്രമാണ് ചേര്‍ക്കുന്നത്. പരമ്പരാഗതമായ നിര്‍മ്മാണ രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. മിനുക്കുപണി മാത്രമേ യന്ത്രത്തില്‍ ചെയ്യൂ. പ്രത്യേകരീതിയിലുള്ള കളിമണ്ണ്, ഒരിഞ്ഞ് നീളത്തില്‍ ചണച്ചാക്ക് അരിഞ്ഞ് ഉമിയും കൂട്ടി കുഴച്ചെടുത്ത് ആദ്‌യ്‌തെ മോഡല്‍(കരു) ഏതു രൂപത്തിലാണോ ആ രൂപത്തില്‍ പിടിച്ചെടുക്കുന്നു. അതിനുശേഷം രണ്ടാമത് ചാണകവും, പ്രത്യേകരീതിയിലുള്ള മണ്ണ് കുഴച്ചെടുത്ത് കരുവില്‍ തേക്കുന്നു, ഈ കരുവിന്റെ മധ്യത്തില്‍ നാരായം എന്ന ഉപകരണം കയറ്റി മണ്ണില്‍ കടഞ്ഞെടുക്കുന്നു. മൂന്നാംഘട്ടം ചാണകവും മണ്ണും കല്ലില്‍ വച്ച്കണ്‍മഷിപോലെ അരച്ച് ഈ കരുവില്‍ പൂശുന്നു. അതിനുശേഷം ഏത് തൂക്കം വേണോ ആ തൂക്കത്തില്‍ മെഴുക് പിടിച്ചെടുക്കും. അതിനുശേഷം ചാണകവും പ്രത്യേകതരം മണ്ണും ചേര്‍ത്ത് അതില്‍ തേച്ചുപിടിപ്പിക്കും. മെഴുകിന്റെ പുറത്ത് തേച്ച മണ്ണ് മെഴുകില്‍ പതിയും. വീണ്ടും ഇടിച്ചമണ്ണും ഓട്ടക്കലവും പതിപ്പിച്ച് മണ്ണ് തേക്കും. ഇത് ഉണങ്ങിയശേഷം ദ്വാരമിട്ട് ഉള്ളിലെ മെഴുക് ഉരുക്കിയെടുക്കും. അപ്പോള്‍ കരു പൊള്ളയാകും. വീണ്ടും കരു പഴുപ്പിച്ച് മൂശയില്‍ 1500 ഡിഗ്രി ചൂടില്‍ ഓടുരുക്കി ഈ ദ്വാരത്തില്‍ക്കൂടി ഒഴിക്കും. പിറ്റേദിവസം ഈ മണ്ണ് കളയുമ്പോള്‍ രൂപം തയ്യാറായിക്കിട്ടുന്നു. ഇവ വളരെ കരവിരുതോടെ ചെയ്തു തീര്‍ക്കേണ്ട പണിയാണ്. മുമ്പ് ചങ്ങനാശേരിയില്‍ 25 മൂശയുണ്ടായിരുന്നു. എല്ലാവരും പണി നിര്‍ത്തി. എന്തും സഹിച്ച് പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ അറിവ് നിര്‍ത്താതെ കൊണ്ടുനടക്കുകയാണെന്ന് മോഹനന്‍ പറഞ്ഞു. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. തൊഴിലാളികള്‍ക്ക് യാതൊരു ലാഭവും കിട്ടാറില്ല. മായം ചേര്‍ത്ത ഓട്ടുപാത്രങ്ങള്‍ വിപണിയില്‍ സുലഭമാണ്. നല്ല ഓടിന് വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രമണിയാണ് മോഹനന്റെ ഭാര്യ. രണ്ടുമക്കള്‍:മനുവും ശ്യാമും. രണ്ടുപേരും പഠിക്കുന്നു. മനു പിതാവിന്റെ പാതയിലാണ്. ഓട്ടുപാത്രനിര്‍മ്മമാണത്തില്‍ അച്ഛനെ സഹായിക്കാന്‍ മടികാണിക്കാറില്ല. ശില്പനിര്‍മ്മാണത്തില്‍ മനുമോഹന്‍ മികവു കാണിക്കുന്നു. ഇടനിലക്കാരായ വ്യാപാരികള്‍ പരമ്പരാഗത ഓട്ടുനിര്‍മ്മാണതൊഴിലാളികളെ തമ്മില്‍ തെറ്റിക്കുന്നതായും മോഹനന്‍ ആരോപിച്ചു. കാലത്തിന്റെ മൂശയില്‍ ഓട്ടുനിര്‍മ്മാണത്തില്‍ പരീക്ഷണങ്ങള്‍ക്കിട നല്‍കാതെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് മോഹനന്‍. പാരമ്പര്യപെരുമയുടെ 'ഉല'യൂതി രമണന്‍ ശ്രദ്ധേയനാകുന്നു പൂഞ്ഞാര്‍: പരമ്പരാഗത രീതിയിലുള്ള ഇരുമ്പ് പണികള്‍ ചെയ്യുന്ന അലയും ഉലയും അതേ പടി നിര്‍ത്തിക്കൊണ്ടി പൂഞ്ഞാര്‍ പനച്ചികപ്പാറ മല്ലൂപ്പാറ ഭാഗത്ത് തച്ചിരിക്കല്‍ രമണന്‍ ശ്രദ്ധേയനാകുന്നു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പരമ്പരാഗത ശൈലിയിലുള്ള തറവാട്ടു മുറ്റത്തെ ആലയാണ് രമണന്‍ സംരക്ഷിച്ച് നിലനിര്‍ത്തി ഇപ്പോഴും പണികള്‍ ചെയ്യുന്നത്. ഒരുകാലത്ത് പ്രദേശവാസികള്‍ മുഴുവന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനും കേടുപാടുകള്‍ തീര്‍ക്കാനുമായി ആശ്രയിച്ചിരുന്ന ഗ്രാമീണ മേഖലകളിലെ ഇത്തരം പണിശാലകള്‍ പുതിയ സാഹചര്യത്തില്‍ പലതും പ്രവര്‍ത്തനം നിലച്ചുപോവുകയോ, ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്ത് അന്യമാകുന്ന കാലഘട്ടത്തിലാണ് പഴയ ശൈലിക്ക് യാതൊരു മാറ്റവും വരുത്താതെ സംരക്ഷിക്കുന്നത്. രമണന്റെ മുത്തച്ഛന്‍ ഗോപാലപ്പണിക്കനായിരുന്നു ദീര്‍ഘകാലം ആലയില്‍ പണി ചെയ്തിരുന്നത്. പ്രായാധിക്യം മൂലം ഗോപാലപ്പണിക്കന്‍ ജോലി ചെയ്യാനാവാതെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യം എത്തിയപ്പോഴാണ് രമണന്‍ ആലയുടെ ചുമതല ഏറ്റെടുക്കുന്നത്. ചാക്ക്, കുഴമണ്ണ്, പലക മുതലായവ ഉപയോഗിച്ചാണ് 'ഉല' നിര്‍മ്മിക്കുന്നത്. 'തണ്ടായം' എന്ന് പേരുള്ള മേല്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നീളമുള്ള തണ്ട് താഴ്ത്തുമ്പോള്‍ ഉലയില്‍ നിന്ന് വായുപുറത്തുവരുന്നു. ഈ ഭാഗത്താണ് കരി ഇട്ട് കത്തിച്ച് ഊതിതെളിക്കുന്ന കനലില്‍ വച്ച് ആയുധങ്ങള്‍ പഴുപ്പിച്ച് പണിചെയ്യുന്നത്. പിന്നീട് 'അടകല്ലി'ല്‍ വച്ച് കൂടം, ചുറ്റിക, കൊടില്‍ തുടങ്ങിയവ ഉപയോഗിച്ച് പണിതെടുത്ത ആയുധം മരത്തോണിയിലെ വെള്ളത്തില്‍ വച്ച് 'പതം' വരുത്തിയാണ് ഉപയോഗയോഗ്യമാക്കുന്നത്. ആധുനിക സംവിധാനങ്ങള്‍ പ്രചാരത്തില്‍ വന്നതോടെ ലെയ്ത്തിനും വെല്‍ഡിംഗിനുമെല്ലാം ഇരുമ്പുപണികള്‍ വഴിമാറി 'വിശ്വകര്‍മ്മ'ജരായ ഇവരുടെ പരമ്പരാഗത കുലത്തൊഴില്‍ ചെയ്തിരുന്ന ആലകള്‍ ക്രമേണ അന്യംനിന്നുപോകുകയാണ്. പരമ്പരാഗതശൈലിയില്‍ തന്നെ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ക്കാണ് ഗുണമേന്മയും ആളുകള്‍ക്ക് താത്പര്യവും എങ്കിലും പുതിയതലമുറയുടെ താത്പര്യമില്ലായ്മയും പണികളുടെ കാഠിന്യവും ആണ് ആലകള്‍ നിശ്ചലമാകാന്‍ കാരണമെന്ന് രമണന്‍ പറയുന്നു. അമ്പത്തിയെട്ടാം വയസിലും അഭിമാനത്തോടെ..... എരുമേലി: സര്‍ക്കാര്‍ ജോലിയടക്കം വിവിധ ജോലികള്‍ ചെയ്തിട്ടും കുലത്തൊഴില്‍ കൈവിടാതെ അമ്പത്തിയെട്ടാം വയസിലും അഭിമാനത്തോടെ..... എരുമേലി നെടുങ്കാവുവയല്‍ ചരുവില്‍ വീട്ടില്‍ ടി.എന്‍.ശശിയാണ് തന്റെ ജീവിതരഹസ്യം പങ്കുവയ്ക്കുന്നത്. സഹോദരങ്ങള്‍ക്കൊപ്പം ഇരുമ്പുപണി ചെയ്ത് ആലയില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുമ്പോഴാണ് 1978ല്‍ എരുമേലിയിലെ ഒരു പാരലല്‍ കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്. ബിഎസ്‌സി ഫിസിക്‌സ് പഠനം പൂര്‍ത്തിയാക്കിയ ശശിയുടെ വിദ്യാഭ്യാസ മികവില്‍ ഇടയ്ക്ക് മൂന്നുവര്‍ഷം വിദേശത്തും ജിയോളജിക്കല്‍ ലബോറട്ടറിയില്‍ ജോലിയും നേടി. വിദേശത്തേക്ക് ജോലിക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും തന്റെ ആലയിലെ പണികള്‍ ഇടവേളകളില്‍ പൂര്‍ത്തീകരിച്ചിരുന്നു. തന്റെ 40 വര്‍ഷത്തെ ആലയിലെ പണിക്കിടെ 36-ാമത്തെ വയസില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ യുഡിക്ലാര്‍ക്കായി നീതിന്യായ വകുപ്പില്‍ ജോലി. സര്‍ക്കാര്‍ ജോലിയില്‍ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും തന്റെ കുളത്തൊഴിലില്‍ ലഭിക്കുന്ന ശമ്പളം വളരെ കൂടുതല്‍ ആണെന്നും ശശി തുറന്നു പറഞ്ഞു. സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ തന്നെ അവധിയുള്‍പ്പെടുന്ന ഇടവേളകളിലെല്ലാം തന്റെ കൈ ആലയുടെ നാളത്തില്‍ തിരി തെളിയിക്കാനെത്തിയിരുന്നു. തന്റെ പത്താം വയസില്‍ പതുക്കെപ്പതുക്കെ തുടങ്ങിയ പരമ്പരാഗത പണിയില്‍ പുര്‍ണ്ണസന്തുഷ്ടനും തൃപ്തനുമായതാണ് ഈ മികവില്‍ തുടരാന്‍ വഴിയൊരുക്കിയത്. വീടിനോട്‌ചേര്‍ന്നുള്ള ചെറിയ ആലയില്‍ നിരവധി പണിയായുധങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമ്പോഴും കുലത്തൊഴില്‍ അഭിമാനമായി ഉയര്‍ത്തിപ്പിടിക്കാനാണ് തന്റെ ആഗ്രഹമെന്നും ശശി ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ തന്റെ പുതിയ തലമുറ കുലത്തൊഴിലിനോട് വേണ്ടത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ശശി പറഞ്ഞു. തന്റെ ജോലിയുടെ വിജയപാതകള്‍ക്ക് ഭാര്യ ശ്രീകുമാരി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ടു പെണ്‍കുട്ടികളായ ശ്രീലക്ഷ്മിയും, ശ്രീക്കുട്ടിയും പഠിക്കുന്നുണ്ടെങ്കിലും തന്റെ ജോലിയില്‍ അവരും സന്തോഷത്തിലാണ്. ആലയില്‍ നിന്നുയരുന്ന തിരിനാളങ്ങള്‍ തന്റെ കുടുംബത്തിന്റെ അഭിമാനത്തെ ഒന്നുകൂടി കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണെന്നും ആരോഗ്യമുള്ളിടത്തോളം കാലം തന്റെ കുലത്തൊഴില്‍ കൈവിടില്ലെന്നും ശശി പറഞ്ഞു. ആധുനികതയുടെ കുത്തൊഴുക്കില്‍ കുലത്തൊഴിലുകള്‍ നാമാവശേഷമാകുന്നു കറുകച്ചാല്‍: മലയാളിക്കു പൈതൃകമായി ലഭിച്ചകുലത്തൊഴിലുകള്‍ ആധുനികതയുടെ മറവിവ് നാശോന്മുഖമാകുന്നു. മണ്ണും മനുഷ്യനുമായുള്ള ബന്ധത്തില്‍ നിന്നു ഉടലെടുത്തതും കേരളീയര്‍ തങ്ങളുടെ നിത്യ ജീവിതത്തില്‍ ഉപയോഗിച്ചതുമായ പല വസ്തുക്കളും ഇന്ന് അത്യംനിന്നുപോയി. മുന്‍പ് കേരളീയരുടെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ചിരട്ടതവികളുടെ സ്ഥാനം അലൂമിനിയവും സ്റ്റീലും കൈയ്യടക്കി മുന്‍പ് സ്ത്രീകള്‍ തൈരു കടഞ്ഞ് വെണ്ണ എടുക്കാന്‍ ഉപയോഗിച്ചിരുന്ന തടികൊണ്ട് നിര്‍മ്മിച്ച മത്തുംമായാടവും എന്നോ നമ്മുടെ അടുക്കളയില്‍ നിന്നും അപ്രത്യക്ഷമായി. തടിയില്‍ നിര്‍മ്മിച്ചിരുന്ന പല വസ്തുക്കളും ഇന്നു കാണാനില്ല. ആശാരിമാരുടെ തൊഴില്‍ ഇന്ന് അന്യദേശ തൊഴിലാളികള്‍ കൈയ്യടക്കിയതോടെ ആശാരിമാര്‍ക്ക് പണി ഇല്ലാതായി. മുന്‍കാലങ്ങളില്‍ സ്വര്‍ണ്ണ ഉരുപ്പടികള്‍ കൈകൊണ്ട് തട്ടാന്‍മാര്‍ നിര്‍മ്മിച്ചിരുന്നു. ഇവിടെയും ആധുനിക യന്ത്രങ്ങള്‍ എത്തിയതോടെ ഇവര്‍ക്കും പണി ഇല്ലാതായി. പണ്ട് ക്ഷേത്രങ്ങളും മറ്റും കല്ലില്‍ കൊത്തിയെടുത്തു നിര്‍മ്മിച്ചിരുന്നു ഇന്ന് ഈ പണി തഞ്ചാവൂരില്‍ നിന്നും നമ്മുടെ നാട്ടിലെത്തി ചെയ്യുന്നതിനാല്‍ നമ്മുടെ കല്ലാശാരിമാരും ഈ രംഗം വിട്ടു. കേരളീയ ഭവനങ്ങളിലെ സ്വീകരണമുറികള്‍ അലങ്കരിച്ചിരുന്നത് കൈകൊണ്ടു വരച്ച വര്‍ണ്ണചിത്രങ്ങളായിരുന്നു. ഡിജിറ്റല്‍ സംവിധാനമെത്തിയതോടെ ആര്‍ട്ടിസ്റ്റുകളും അപ്രത്യക്ഷരായി. നമ്മുടെ പരമ്പരാഗതമായ കുലതൊഴിലുകളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം ഒരു പ്രദര്‍ശനത്തിലും തുശ്ചമായ പെന്‍ഷന്‍ നല്‍കലിലും ഒതുങ്ങി. അന്ത്യം നിന്നു പോയ നമ്മുടെ കുലത്തൊഴിലുകളെ പഴയപ്രതാപത്തോടെ തിരിച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ സംസ്‌കാരത്തേയും ഒപ്പം മലയാളിയുടേതായ പൈതൃകത്തേയും തനതുശൈലിയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പഴയകാല വീട്ടുപകരണങ്ങള്‍ വിസ്മൃതിയിലേക്ക് കറുകച്ചാല്‍: പണ്ടുകാലത്തു തൂക്കത്തിനു ഉപയോഗിച്ചിരുന്ന വെള്ളിക്കോല്‍, അങ്ങാടിമരുന്നു തൂക്കത്തിന് ഉപയോഗിച്ചിരുന്ന കഴഞ്ചുവടി, കരിങ്കല്ലില്‍ നിര്‍മ്മിച്ച മന്നുകട്ടി, തൂലാക്കട്ടി, എന്നിവയും പഴത്രാസും ഇപ്പോള്‍ കാണാനില്ല. അളവിനായി ഉപയോഗിച്ച പറ, ചങ്ങഴി, നാഴി, പാല്‍, എണ്ണ എന്നിവ അളക്കുന്നതിനുള്ള തുടം എന്നിവയും ഇപ്പോഴില്ല. വീട്ടുപകരണങ്ങളായി ഉപയോഗിച്ച മണ്‍കലം, മണ്‍ചട്ടി, കൂശ, കല്ലുകൊത്തിയെടുത്ത കല്‍ച്ചട്ടി, ആട്ടുകല്ല്, ഉരല്‍, തിരികല്ല്, അരകല്ല് എന്നിവയൊക്കെ വീടിനുപുറത്തായി. അതുപോലെ മണ്ണെണ്ണ വിളക്ക്, റാന്തല്‍, പെട്രോള്‍മാക്‌സ്, തേപ്പുപെട്ടി, എന്നിവയു#െ കിണ്ടി, മൊന്ത, ഓട്ടുകിണ്ണം, തളിക, ഇഡ്ഡലികുട്ടകം, കുട്ടകം, ചെമ്പ്, വാര്‍പ്പ്, ഉരുളി, കാരോല്‍ചട്ടി, എന്നിവയുമൊക്കെ ഇപ്പോള്‍ വിരളമായേ കാണാനുള്ളൂ. സ്റ്റീല്‍, ഇന്റാലിയം എന്നിവയുടെ വരവോടെ പഴയ പാത്രങ്ങള്‍ ആരും ഉപയോഗിക്കാതെയായി. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന തഴപ്പായ്, മെത്തപ്പായ്, പഞ്ഞിമെത്ത, മുറം, വള്ളികൊട്ട, എന്നിവയും ചെല്ലം, ചുണ്ണാമ്പുകരണ്ടി, മടക്കുപിച്ചാത്തി, എന്നിവയൊക്കെ ഓര്‍മ്മകള്‍ മാത്രം. ഇത്തരം സാധനങ്ങള്‍ നിര്‍മ്മിച്ചിരുന്നവരും പിന്‍ഗാമികളും ആധുനികതയുടെ കുത്തൊഴുക്കില്‍ മറ്റു വഴികളിലേക്കു തിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.