ഐഎന്‍എസ് വിക്രാന്ത് ഇന്ന് നീറ്റിലിറക്കും

Sunday 11 August 2013 10:15 pm IST

കൊച്ചി:  ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യന്താധുനിക വിമാനവാഹിനി (പി-71) കപ്പല്‍ശാലയില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പത്‌നി എലിസബത്ത് ആന്റണി ഇന്ന് നീറ്റിലിറക്കും. ഐഎന്‍എസ് വിക്രാന്ത് എന്ന് നാമകരണം ചെയ്തുകൊണ്ടാണ് വിമാനവാഹിനി നീറ്റിലിറക്കുക. ഇന്നേവരെ രാജ്യത്തു നിര്‍മ്മിച്ചിട്ടുള്ളതില്‍ വലുപ്പംകൊണ്ടും സാങ്കേതികത്തികവിന്റെ അടിസ്ഥാനത്തിലും ഏറ്റവും അഭിമാനകരമായ യുദ്ധക്കപ്പല്‍ പദ്ധതിയാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ത്യന്‍ നാവികസേന രൂപകല്‍പ്പന ചെയ്ത് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് നേവല്‍ ഡിസൈന്‍) കൊച്ചി കപ്പല്‍ശാല പദ്ധതി പൂര്‍ത്തിയാക്കിയതോടെ 40,000 ടണ്‍ വിമാനവാഹിനി നിര്‍മ്മാതാക്കളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്ന നാലാമതെ രാഷ്ട്രമാവുകയാണ് ഇന്ത്യ. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ പരമാവധി വീതിയുമുണ്ട് വിക്രാന്തിന്. 28 നോട്ട് വരെ വേഗതയില്‍ കപ്പല്‍ നീങ്ങും. വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങുന്നതിനുമായി അറസ്റ്റര്‍ വയറുകളോടുകൂടിയ രണ്ട് റണ്‍വേകള്‍ വിമാനവാഹിനിയില്‍ ഉണ്ട്. ലഘുയുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ, വിവിധ ഇനങ്ങളില്‍പ്പെട്ട ഹെലികോപ്റ്ററുകളും ഹ്രസ്വദൂരത്തില്‍ പറന്നുയരുന്ന വിമാനങ്ങളെയുമെല്ലാം നിയന്ത്രിക്കാന്‍ ഈ റണ്‍വേകള്‍ക്ക് കഴിയും. രണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ക്ക് സമാനമായ ഫ്‌ളൈറ്റ് ഡെക്ക് ഏരിയയോടുകൂടിയ വിമാനവാഹിനി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഒരു മിനി ഫ്‌ളോട്ടിംഗ് സിറ്റിയായി മാറും. ഇതില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കൊച്ചി നഗരത്തെ പ്രകാശമാനമാക്കാന്‍ പര്യാപ്തമാണ്. കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകളുടെ ആകെ നീളം 2700 കിലോമീറ്റര്‍ വരും!  1600 ജീവനക്കാരാണ് കപ്പലിനെ നിയന്ത്രിക്കുക. വിവിധോപയോഗ റഡാറുകളോടുകൂടിയ ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനം ഉപയോഗിക്കാന്‍ ഇതിന് കഴിയും. സി/ഡി ബാന്‍ഡ് ഏര്‍ളി എയര്‍ വാണിംഗ് റഡാര്‍, വി/വിഎച്ച്എഫ് വ്യോമ, ദിശാ നിര്‍ണയ സംവിധാനങ്ങള്‍ തുടങ്ങിയവയും ഇതിലുണ്ടാകും. കപ്പലിനുള്ളിലെ സാങ്കേതിക സംവിധാനങ്ങളുടെ വിന്യാസം 2016 ഓടുകൂടി പൂര്‍ത്തിയാകുമെന്ന് കൊച്ചി കപ്പല്‍ശാലാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കമ്മഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യം വാര്‍ത്താലേഖകരെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.