പെരുമ്പാവൂരില്‍ ഗ്ലാസ്‌ കടയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം

Thursday 11 August 2011 5:49 pm IST

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-ആലുവ റോഡില്‍ പാലാക്കാട്ടുതാഴം പാലത്തിന്‌ സമീപത്തായി പ്രവര്‍ത്തിച്ചുവന്ന കൈതാരന്‍ ഗ്ലാസ്‌ ആന്റ്‌ പ്ലൈവുഡ്‌ എന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ്‌ സംഭവം നടന്നത്‌. നാല്‌ നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം നാല്‌ കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പറയുന്നു. ആലുവ കൈതാരന്‍ ജോസിന്റേതാണ്‌ സ്ഥാപനം.
എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതയുള്ളതായും മറ്റാരോ മനഃപൂര്‍വം തീവച്ച്‌ നശിപ്പിച്ചതായും സംശയമുണ്ടെന്നും സ്ഥാപന ഉടമയും പെരുമ്പാവൂര്‍ മര്‍ച്ചന്റ്‌ അസോസിയേഷനും അറിയിച്ചു. ഇതിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തീപിടിത്തത്തെത്തുടര്‍ന്ന്‌ സ്ഥാപനത്തിലുണ്ടായിരുന്ന പ്ലൈവുഡ്‌, ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍, ഫെവികോള്‍ ഉല്‍പ്പന്നങ്ങള്‍, കമ്പ്യൂട്ടറുകള്‍, മറ്റ്‌ ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു.
സ്ഥാപനത്തിലെ ഗ്രൗണ്ട്ഫ്ലോറിന്‌ തൊട്ട്‌ മുകളിലുള്ള നിലയിലാണ്‌ ആദ്യം തീപിടിച്ചതെന്നും പിന്നീട്‌ മറ്റ്‌ നിലകളിലേക്ക്‌ പടരുകയായിരുന്നു. ഇവിടെ കെട്ടിടം പണിയാരംഭിച്ചപ്പോള്‍ മുതല്‍തന്നെ നോക്കുകൂലിയുടെ പ്രശ്നം പറഞ്ഞ്‌ പലരും ഭീഷണിപ്പെടുത്തിയതായും തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്രമിച്ചതാവാമെന്നും ഉടമ പറയുന്നു. ഫോറന്‍സിക്‌ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച്‌ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍നിന്നും പത്ത്‌ യൂണിറ്റോളം ഫയര്‍ഫോഴ്സെത്തി മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലാണ്‌ തീയണച്ചത്‌. സമീപത്ത്‌ മറ്റ്‌ സ്ഥാപനങ്ങള്‍ കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും ഫയര്‍ഫോഴ്സ്‌ അധികൃതര്‍ പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.