ബാലരാമായണം 27

Monday 12 August 2013 8:45 pm IST

വെളുത്ത കേശം മെയ്‌ കൂന്നു വിറച്ചങ്ങോട്ടു നിന്നിതു പുതിയ കാശദ്വയം കാറ്റിലാടും പോലാ വയോധികര്‍. പോന്നാര്‍ പുഴകടത്തീട്ടു ശിഷ്യര്‍; പിന്നെ രഘുത്തമര്‍ സീതാസഹിതരായ്‌ ചെന്നു ദണ്ഡകാടവിയേറിയനാര്‍. കുരങ്ങന്മാര്‍ കുലുക്കുന്ന കൊമ്പാര്‍ന്നിലകള്‍ ചൂഴ്‌ന്നുടന്‍ തടിച്ച കവരംപൂണ്ടു തിങ്ങിക്കാണാനായി വന്മരം. ഉരഗംപോല്‍ നീണ്ടുപുളഞ്ഞുഗ്രകണ്ടകരൂക്ഷമായ്‌ വാര്‍പച്ചിലച്ചാര്‍ത്തുചുറ്റുവാച്ചു ചൂരല്‍പ്പടര്‍പ്പുകള്‍. വമ്പിച്ച തരുവൃന്ദത്തില്‍ തന്നിഷ്ടംപോല്‍ വളര്‍ന്നുപോയ്‌ വ്യോമോദരത്തെ സ്പര്‍ശിപ്പാന്‍ കൈനീട്ടി കാട്ടുവള്ളികള്‍. വെയിലേല്‍ക്കാതിരുണ്ടാര്‍ദ്രമാമത്തരുതലങ്ങളില്‍ വീര്‍പ്പു നിര്‍ത്താതെ ചീവീടുകരഞ്ഞു കര്‍ണ്ണരൂക്ഷമായ്‌. മെമ്മേല്‍ ദുരെഗ്ഗുഹകളില്‍ പൊങ്ങീടും സിംഹഗര്‍ജ്ജിതം മൂര്‍ച്ഛിച്ചു, മറ്റൊലിയോടൊത്താ ഘോരവനമെങ്ങുമേ. വെറും തറയിലും നീളെ വീണ ശപ്പുകള്‍മേലുമേ രക്തരേഖകള്‍ കാണാറായാര്‍ദ്രമായുമുണങ്ങിയും. മസ്തകം വിണ്ടുരുധിരം ചിന്തിച്ചത്തു ചരിഞ്ഞഹോ കൊമ്പന്‍ കിടന്നിതുള്‍ക്കാട്ടില്‍ തിങ്കള്‍ക്കുമ്പെഴുമന്തിപോല്‍. വക്ത്രംപൊളിച്ചു വാല്‍പൊക്കി വന്‍വ്യാഘ്രങ്ങള്‍ നടന്നിതു വിലങ്ങനെസ്സഞ്ചരിക്കും ചിത്രകുഞ്ജങ്ങള്‍മാതിരി പെരുമ്പാമ്പുകളങ്ങങ്ങു ചുറ്റിപ്പൊന്തിക്കിടന്നിതു പട്ടുകൂണ്‌ കുരുക്കുന്ന തരുമൂലങ്ങള്‍പോലവേ. വില്ലിലമ്പൂതൊടുത്തും പോംവഴി സൂക്ഷിച്ചുനോക്കിയും വൈദേഹിയെ നടുക്കാക്കി നടന്നൂ രാമലക്ഷ്മണര്‍. സൂര്യപ്രകാശമറ്റോരദ്ദീര്‍ഘഘോരമഹാവനം തോന്നീ നടന്നിടുംതോറും നീളുംപോലെയവര്‍ക്കഹോ! പേടിച്ചു സീതയക്കാട്ടില്‍ ഭര്‍ത്തൃരക്ഷിതയെങ്കിലും ഭയങ്കരക്കിനാവിങ്കല്‍ പതറും ബുദ്ധിപോലവേ! ഒട്ടുദൂരം കടന്നപ്പോളഹോ പരമഭീകരന്‍ ഒരു രാക്ഷസനെത്തുന്നൂ നായാടിക്കൊണ്ടതേവഴി. വട്ടക്കണ്ണും വികടമാമസ്സത്ത്വത്തിന്റെ വക്ത്രവും വമ്പിച്ചിരുണ്ട തടിയും കണ്ടാലാരും ഞടുങ്ങുമേ കടമാന്‍ പന്നി കരടിതൊട്ട കാട്ടുമൃഗങ്ങളെ കൊന്നുകോര്‍ത്ത നെടുംശൂലം ഘോരനേന്തിയിരുന്നിതു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.