വ്യാപാരി അസോസിയേഷന്‍ ഓഫീസില്‍ പോലീസ്‌ പരിശോധന; 500 ഓളം ചെക്കുകള്‍ പിടിച്ചെടുത്തു

Thursday 11 August 2011 5:49 pm IST

പള്ളുരുത്തി: പള്ളുരുത്തി മര്‍ച്ചന്റ്‌ അസോസിയേഷന്റെ ഓഫീസില്‍ പോലീസ്‌ നടത്തിയ റെയ്ഡില്‍ 500 ഓളം ബ്ലാങ്ക്‌ ചെക്കുകള്‍ പിടിച്ചെടുത്തു. അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ്‌ പോലീസ്‌ പരിശോധന. ബ്ലെയ്ഡു കമ്പനി മാതൃകയില്‍ പണം പലിശയ്ക്കുനല്‍കുന്നതായി ഒരു വിഭാഗം അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ്‌ നടപടി. ബുധനാഴ്ച നടത്തിയ റെയ്ഡ്‌ മൂന്നു മണിക്കുറോളം നീണ്ടുനിന്നു. അസ്സോസിയേഷന്‍ അംഗം സി.വി.സഹദേവനും സംഘടനയ്ക്കെതിരെ ഐജിക്ക്‌ പരാതിനല്‍കിയിരുന്നു. തുക എഴുതാത്തചെക്കുകള്‍ ഈടുവെച്ചായിരുന്നു അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ പണം നല്‍കിയിരുന്നതെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവര്‍ക്കെതിരെ മണിലെന്റേഴ്സ്‌ ആക്ട്‌ പ്രകാരം കേസ്സെടുത്തതായി പോലീസ്‌ പറഞ്ഞു. മട്ടാഞ്ചേരി അസി.പോലീസ്‌ കമ്മീഷണര്‍ ബിനോയ്‌, പള്ളുരുത്തി സിഐ കെ.സജീവ്‌, എസ്‌ഐ എസ്‌.രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.