ബെല്ലിന്റെ തിളക്കം

Monday 12 August 2013 9:27 pm IST

ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്‌: മിന്നുന്ന ഫോം തുടരുന്ന ഇയാന്‍ ബെല്ലിന്റെ കരുത്തില്‍ ആഷസ്‌ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ നാണക്കേട്‌ ഒഴിവാക്കി. കംഗാരുക്കളുടെ ഭീഷണി നേരില്‍ക്കണ്ട മത്സരത്തില്‍ ബെല്ലിന്റെയും പീറ്റേഴ്സണിന്റെയും കൂട്ടുകെട്ട്‌ ആതിഥേയരെ മികച്ച നിലയിലെത്തിക്കുകയായിരുന്നു. ബെല്ലിന്റെ സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ട്‌ രണ്ടാമിന്നിംഗ്സില്‍ 330 റണ്‍സ്‌ അടിച്ചുകൂട്ടി. നേരത്തെ 32 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ ഒന്നാമിന്നിംഗ്സില്‍ ഓസീസിന്‌ നേടാന്‍ കഴിഞ്ഞിരുന്നത്‌. അവസാന വിവരം ലഭിക്കുമ്പോള്‍ ഓസീസ്‌ രണ്ടാമിന്നിംഗ്സില്‍ ഒരുവിക്കറ്റ്‌ നഷ്ടത്തില്‍ 120 റണ്‍സ്‌ എന്ന നിലയിലാണ്‌. ഇംഗ്ലണ്ട്‌ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ മുന്‍തൂക്കം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക്‌ നീങ്ങുമെന്ന്‌ ഉറപ്പാണ്‌. നേരത്തെ ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്കോറില്‍ പുറത്താക്കാനുള്ള കംഗാരുക്കളുടെ തന്ത്രം ഫലിച്ചില്ല. പീറ്റേഴ്സണുശേഷം (44) ക്രീസിലെത്തിയ ബെയ്‌ര്‍ സ്റ്റോസും (28) ബെല്ലിന്‌ മികച്ച പിന്തുണയാണ്‌ നല്‍കിയത്‌. പിന്നീടെത്തിയ ടിം ബ്രസ്നന്‍ (45) മുന്‍നിരക്കാരെ നാണിപ്പിക്കുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്‌. 90 പന്തുകള്‍ നേരിട്ട്‌ പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ബ്രസ്നന്‍ 45 റണ്‍ നിര്‍ണായകഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്‌. സ്കോര്‍ 251-ല്‍ എത്തിയശേഷമാണ്‌ ബെല്‍ മടങ്ങിയത്‌. 113 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ബെല്‍ ഒരു റെക്കോര്‍ഡിനും കൂടി ഉടമയായി. സ്വന്തം നാട്ടില്‍ നടക്കുന്ന ആഷസ്‌ പരമ്പരയില്‍ മൂന്ന്‌ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ്‌ താരമായി ബെല്‍. ഇതിന്‌ മുമ്പ്‌ ഡേവിസ്‌ ഗവറും (1985), മൗറിസ്‌ ലെയ്‌ലാന്‍ഡും (1934) മാത്രമാണ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്‌. ഓസീസ്‌ പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ്‌ ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍നിന്നും അവര്‍ നേരിട്ടത്‌. ഇത്‌ കളിയുടെ ഗതി മാറ്റുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയക്കായിരുന്നു നേരിയ മുന്‍തൂക്കം. റയാന്‍ ഹാരിസിന്റെ വിക്കറ്റ്‌ വേട്ട മാത്രമാണ്‌ ഓസ്ട്രേലിയന്‍ ബൗളിംഗില്‍ എടുത്തുപറയാവുന്ന നേട്ടം. 117 റണ്‍സ്‌ വഴങ്ങി ഏഴ്‌ വിക്കറ്റുകളാണ്‌ റയാന്‍ ഹാരിസ്‌ വീഴ്ത്തിയത്‌. ലിയോണ്‍ മൂന്ന്‌ വിക്കേറ്റ്ടുത്തു. പരമ്പര സ്വന്തം പേരില്‍ കുറിച്ച ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക്‌ പ്രതികൂല കാലാവസ്ഥയെയും നേരിടേണ്ടിവന്നു. മൂന്നാം ടെസ്റ്റില്‍ വിജയമുറപ്പിച്ച ഓസീസിനെ മഴ ചതിച്ചു. നാലാം ടെസ്റ്റില്‍ നേടിയ മുന്‍തൂക്കവും ഇപ്പോള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ഓസ്ട്രേലിയയുടെ രണ്ടാമിന്നിംഗ്സിലും കളി മഴ തടസപ്പെടുത്തിയിരുന്നു. 299 റണ്‍സിന്റെ വിജയലക്ഷ്യമാണ്‌ കംഗാരുക്കള്‍ക്ക്‌ മുന്നിലുള്ളത്‌. ലക്ഷ്യം മോഹിപ്പിക്കുന്നതാണ്‌. ലക്ഷ്യം മോഹിപ്പിക്കുന്നതാണ്‌. വിക്കറ്റ്‌ വീഴ്ച ഓസീസിനെ വെട്ടിലാക്കുമെന്ന ലക്ഷ്യത്തോടെയാണ്‌ ഇംഗ്ലണ്ട്‌ തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്‌. മത്സരത്തില്‍ ഇരുടീമുകളും പ്രതീക്ഷയാണ്‌ പുലര്‍ത്തുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.