കൊച്ചി ദേവസ്വം ബോര്‍ഡ്‌ വഴിപാട്‌ നിരക്ക്‌ വര്‍ദ്ധിപ്പിച്ച്‌ ഭക്തജനങ്ങളെ പിഴിയുന്നു

Thursday 11 August 2011 5:49 pm IST

തൃപ്പൂണിത്തുറ: കൊച്ചിദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെല്ലാം വഴിപാട്‌ നിരക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ച്‌ ഭക്തജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി ഉയര്‍ന്നു.
ക്ഷേത്രങ്ങളിലെല്ലാം പ്രധാനമായ എണ്ണവഴിപാട്‌ ഉള്‍പ്പെടെ ഒട്ടുമിക്ക വഴിപാടുകള്‍ക്കും ആഗസ്റ്റ്‌ ഒന്നുമുതല്‍ നിരക്ക്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. 3 രൂപയുണ്ടായിരുന്ന 20 ഗ്രാം എണ്ണവഴിപാടിന്‌ 5 രൂപയാണ്‌ പുതിയനിരക്ക്‌. ഒരു കിലോ എണ്ണയുടെ മാര്‍ക്കറ്റ്‌ വില 80 രൂപയാണ്‌. 20 ഗ്രാം വീതമുള്ള 50 പാത്രം എണ്ണയാണ്‌ ഒരു കിലോയില്‍നിന്ന്‌ ക്ഷേത്രങ്ങളില്‍ വില്‍ക്കുന്നത്‌. ഇതുപ്രകാരം ഒരു കിലോഎണ്ണ വിറ്റാല്‍ 250 രൂപ ദേവസ്വത്തിന്‌ വരുമാനമുണ്ടാവും. 3 ഇരട്ടിലാഭമാണ്‌ ഇങ്ങിനെ കൊച്ചി ദേവസ്വം ഭക്തരില്‍നിന്ന്‌ പിഴിഞ്ഞെടുക്കുന്നത്‌.
ക്ഷേത്രങ്ങളിലെല്ലാം മുന്‍കാലങ്ങളേക്കാള്‍ ഭക്തരുടെ വഴിപാടുകള്‍ വളരെ കൂടുതലാണ്‌. ഇതിനാല്‍ വരുമാനത്തിലും വന്‍ വര്‍ദ്ധനവുണ്ട്‌. എന്നാല്‍ വഴിപാട്‌ നിരക്ക്‌ ക്രമാതീതമായി വര്‍ദ്ധിപ്പിച്ച്‌ വന്‍ ലാഭക്കച്ചവടം നടത്തി ഭക്തജനങ്ങളെ ചൂഷണം ചെയ്യുകയാണിപ്പോള്‍.
പലക്ഷേത്രങ്ങളിലും വഴിപാടിന്‌ പലവിധനിരക്കുകളാണ്‌ ഈടാക്കുന്നത്‌. എ ഗ്രേഡ്‌ ക്ഷേത്രമായ ചക്കംകുളങ്ങര ശിവക്ഷേത്രത്തില്‍ വഴിപാടായ കറുകഹോമത്തിന്‌ 35 രൂപയും, ബിഗ്രേഡായ കണ്ണന്‍ കുളങ്ങരയില്‍ ഇതിന്‌ 60 രൂപയും ഈടാക്കുന്നതും വൈരുദ്ധ്യമാണ്‌.
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള മിക്കവാറും ക്ഷേത്രക്ഷേമസമിതികള്‍ കൊച്ചിദേവസ്വം ബോര്‍ഡിന്റെ വഴിപാടുനിരക്കിലെ അന്യായവര്‍ദ്ധനയില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഇത്തരം സമിതികള്‍ക്ക്‌ ദേവസ്വം ബോര്‍ഡിനെ എതിര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്‌. വഴിപാട്നിരക്ക്‌ വര്‍ദ്ധന സാധാരണക്കാരയ ഭക്തജനങ്ങള്‍ക്ക്‌ വളരെ പ്രയാസമുണ്ടാക്കുന്നുണ്ട്‌. അതേസമയം ചിലയിടങ്ങളിലെങ്കിലും ക്ഷേത്രസമിതികള്‍ ദേവസ്വത്തിന്റെ നിരക്കിനേക്കാള്‍കുറച്ച്‌ വഴിപാട്‌ സാമഗ്രികള്‍ നല്‍കി സമാന്തര വില്‍പനയും നടത്തുന്നുണ്ട്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.