ഇറാഖ്‌ സ്ഫോടനം: ഉത്തരവാദിത്തമേറ്റ്‌ അല്‍ ഖ്വയ്ദ

Monday 12 August 2013 10:15 pm IST

ബാഗ്ദാദ്‌: ഇറാഖില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍-ഖ്വയ്ദ ഏറ്റെടുത്തു. അല്‍ ഖ്വയ്ദയുടെ ഇറാഖ്‌ ഘടകമാണ്‌ ആക്രമണത്തിന്‌ പിന്നില്‍ തങ്ങളാണെന്ന്‌ വെളിപ്പെടുത്തിയത്‌. റമദാന്‍ മാസത്തില്‍ നടന്ന സ്ഫോടനപരമ്പരയില്‍ 69 പേരാണ്‌ കൊല്ലപ്പെട്ടത്‌. തിരക്കേറിയ മാര്‍ക്കറ്റുകളും കഫേകളും കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസം സ്ഫോടനങ്ങള്‍ നടന്നത്‌. ഷിയ നേതൃത്വത്തിലുള്ള സര്‍ക്കാരും സുന്നി ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നവിധം ബാഗ്ദാദില്‍ സ്ഫോടനങ്ങള്‍ പതിവാകുകയാണ്‌. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നിട്ടും തടയാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ലെന്നാണ്‌ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ നൂറുകണക്കിന്‌ മുസ്ലീങ്ങളെ അറസ്റ്റ്‌ ചെയ്തതിന്റെ പ്രതികാരമാണ്‌ സ്ഫോടനമെന്ന്‌ ഇറാഖിലെ അല്‍-ഖ്വയ്ദ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ പ്രസ്താവനയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. അല്‍ ഖ്വയ്ദ സാധാരണയായി സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്സൈറ്റ്‌ വഴിയാണ്‌ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്‌. വിശുദ്ധ റമദാന്‍ മാസത്തില്‍ മാത്രം ഇറാഖില്‍ എണ്ണൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്‌ മൂവായിരത്തിലേറെപ്പേര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.