നാടകാന്തം ദുരന്തം...

Tuesday 13 August 2013 9:43 pm IST

തിരുവനന്തപുരം: ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിഷം. സോളാര്‍ തട്ടിപ്പിനെപ്പോലെ സര്‍വമാനജനങ്ങളും എതിര്‍പ്പ്‌ പ്രകടിപ്പിച്ച പ്രശ്നം വേറൊന്നില്ല. കക്ഷിപരിഗണനകള്‍ക്കതീതമായി ജനങ്ങളും മാധ്യമങ്ങളും തട്ടിപ്പിനെതിരെ ഒറ്റക്കെട്ടായപ്പോള്‍ മുന്നണിപ്പോരാളികളായി ഇടതുപക്ഷം രാപ്പകല്‍ സമരത്തിനിറങ്ങിയത്‌ പ്രതീക്ഷയുണ്ടാക്കി. അനിശ്ചിതസമരം ഓര്‍ക്കാപ്പുറത്താണ്‌ അവസാനിപ്പിച്ചത്‌. അനിശ്ചിതകാല സെക്രട്ടേറിയറ്റ്‌ ഉപരോധംപ്രഖ്യാപിച്ചപ്പോള്‍ ആശ്വാസമായി. ഒരുലക്ഷംപേര്‍ സദാസയമം സെക്രട്ടേറിയേറ്റ്‌ പടിക്കല്‍. ഒരു കവാടവും തുറക്കാന്‍ വിടില്ല. ഈച്ചപോലും അകത്തുകടക്കില്ല. ഇടതുവിരോധികള്‍ക്കുപോലും പ്രതീക്ഷ നല്‍കിയ പ്രഖ്യാപനം. ആഗസ്റ്റ്‌ 12ന്‌ തുടങ്ങുന്ന സമരത്തിന്‌ തലേന്ന്‌ തന്നെ തലസ്ഥാത്തേക്ക്‌ ജനക്കൂട്ടമെത്തി. ഇടത്‌ അണികള്‍, ബഹുഭൂരിപക്ഷവും സിപിഎം പ്രവര്‍ത്തകര്‍. ബഹുജനമുന്നേറ്റം സിപിഎം മുന്നേറ്റം മാത്രമായി. മേമ്പൊടിക്ക്‌ ഇടതുഘടകകക്ഷിനേതാക്കളും. എന്തും സംഭവിക്കുമെന്ന പ്രതീതി ജനിപ്പിച്ചത്‌ സര്‍ക്കാരിന്റെ ഒരുക്കം കൂടിയായപ്പോഴാണ്‌. സ്കൂളുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും അവധി. കിട്ടാവുന്ന സായുധസേനകളെയെല്ലാം തിരുവനന്തപുരത്തേക്ക്‌ വിളിച്ചു. സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതല സിആര്‍പിഎഫിനെ ഏല്‍പ്പിക്കുകയാണെന്ന പ്രഖ്യാപനം വന്നു. പട്ടാളം തോക്കുമായി വണ്ടിയിറങ്ങുന്നതിനും നല്ല പ്രചാരം ലഭിച്ചു. 12ന്‌ എട്ട്‌ മണിക്ക്‌ ആരംഭിക്കാനിരുന്ന സമരം തുടങ്ങിയത്‌ കിഴക്ക്‌ വെള്ളകീറും മുമ്പ്‌. ഇതറിഞ്ഞ മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക്‌ കാലേക്കൂട്ടിയെത്തി. സിആര്‍പിഎഫിന്‌ പകരം സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതല കേരള പോലീസിലൊതുക്കി. നഗരത്തിലൊട്ടാകെ എഡിജിപി ഹേമചന്ദ്രന്റെയും സിറ്റിപോലീസ്‌ കമ്മീഷണര്‍ പി. വിജയന്റെയും നേതൃത്വത്തില്‍ പടയൊരുക്കം. അഞ്ച്‌ എസ്പിമാര്‍ക്കും 5000 പോലീസുകാര്‍ക്കും രാപ്പകല്‍ അധ്വാനം. ഇതെല്ലാം സ്വാഭാവികനീക്കമെന്ന്‌ സഖാക്കളും സേനാംഗങ്ങളും കരുതി. സമരത്തിന്‌ ദൃക്‌സാക്ഷികള്‍ പോലും ആകാനെത്താത്ത സാമാന്യജനങ്ങളും കരുതിയത്‌ അങ്ങനെ. പക്ഷേ സമരംതുടങ്ങുന്നതിന്‌ തലേന്ന്‌ തന്നെ തിരക്കഥ ഒരുങ്ങി. ഇടതുനേതാക്കളും സര്‍ക്കാരും ഉണ്ടാക്കിയ ആദ്യധാരണ കന്റോണ്‍മെന്റ്ഗേറ്റ്‌ തടയില്ലാ എന്നത്‌. പ്രത്യുപകാരമായി വടക്കന്‍ജില്ലകളില്‍ നിന്നും പുറപ്പെട്ട സമരക്കാരെ വഴിയില്‍ തടയില്ല. അടുക്കള പൂട്ടിക്കില്ല. പൊതു കക്കൂസുകള്‍ അടപ്പിക്കില്ല. പോലീസിന്റെ തലയില്‍ കയറിതള്ളിയാലും തല്ലില്ല. അങ്ങനെയാണ്‌ ഒന്നാം രംഗം ആരംഭിച്ചതും അവസാനിച്ചതും. രംഗം രണ്ട്‌: സെക്രട്ടേറിയറ്റിനകത്ത്‌ മന്ത്രിസഭായോഗം. അതുകഴിഞ്ഞ്‌ മുഖ്യമന്ത്രി രാജ്ഭവനിലേക്ക്‌. അവിടെ നിന്ന്‌ ഔദ്യോഗികവസതിയായ ക്ലിഫ്‌ ഹൗസിലേക്ക്‌. അവിടെയാണ്‌ രണ്ടാം രംഗത്തിന്റെയും ക്ലൈമാക്സിന്റെയും തിരക്കഥ തീര്‍ക്കുന്നത്‌. ഇതിനിടയില്‍ സെക്രട്ടേറിയറ്റിന്‌ ചുറ്റും ചാറ്റല്‍മഴയും കനത്തചൂടും കൂസാതെ സമരസഖാക്കള്‍ വീര്യം കാട്ടുന്നു. രണ്ടാംകിട നേതാക്കള്‍ ആവേശം ചൊരിയുന്നു. നമ്മുടെ ആവശ്യത്തില്‍ പ്രധാനപ്പെട്ടത്‌ മുഖ്യമന്ത്രിയുടെ രാജി. ശേഷം ജുഡീഷ്യല്‍ അന്വേഷണം. ഇവ രണ്ടുംനേടാതെ മടങ്ങിപ്പോക്കില്ല. ഉച്ചഭക്ഷണസമയം കഴിഞ്ഞതോടെ സമരക്കാരില്‍ അസ്വസ്ഥത പടരുന്നു. കുളിക്കാനാകുന്നില്ല. പ്രാഥമികകൃത്യങ്ങ ള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഭക്ഷണം പലര്‍ക്കും കിട്ടിയില്ല. വൈകിട്ടോടെ രണ്ടാം രംഗത്തിന്റെ അല്‍പഭാഗം പുറത്തുവന്നു. സെക്രട്ടേറിയറ്റിന്‌ രണ്ടുദിവസം, 13നും 14നും അവധി. പിന്നെ സ്വാതന്ത്ര്യദിനവും അവധി. അടച്ചിട്ട കവാടങ്ങളില്‍ ഉപരോധമെന്തിനെന്ന ചോദ്യം പടര്‍ന്നു. തുടര്‍ന്ന്‌ ക്ലൈമാക്സ്‌. രാത്രി 11 മണിവരെ കൂടിയാലോചനകളും മുറുകി. ഭരണപക്ഷത്ത്‌ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി. ആഭ്യന്ത്രമന്ത്രിയും മുഖ്യമന്ത്രിയും 'ഫ്രീഹാന്റ്‌' നല്‍കി. അങ്ങേത്തലയ്ക്ക്‌ എളമരം കരീം ആദ്യം. തുടര്‍ ചര്‍ച്ചയ്ക്ക്‌ പിബി മെംബര്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടിറങ്ങി. 'നീയൊരു വെടി, ഞാനൊരു വെടി' എന്നമട്ടില്‍ സര്‍ക്കാര്‍ ജുഡീഷ്യലന്വേഷണം പ്രഖ്യാപിക്കും. അത്‌ സ്വാഗതം ചെയ്ത്‌ സമരവിജയമെന്നവകാശപ്പെട്ട്‌ നാടകാന്ത്യം. അതുപക്ഷേ സഖാക്ക ള്‍ക്ക്‌ ദുരന്തമായി. ഇതുപോലൊരു നാണംകെട്ട സമരത്തിന്‌ കൊട്ടിപ്പാടി ഇങ്ങനെ എഴുന്നള്ളിക്കണോ എന്ന ചോദ്യമാണ്‌ ഇളിഭ്യരായി പിരിഞ്ഞുപോയ സമരക്കാരില്‍ നിന്നുയര്‍ന്നചോദ്യം. ഏതായാലും ജനബാഹുല്യം കൊണ്ട്‌ ശ്രദ്ധേയമായ സമരം കാറ്റുപോയ ബലൂണ്‍ പോലെയായപ്പോള്‍ സിപിഎം ഔദ്യോഗികനേതൃത്വത്തിനാശ്വസിക്കാം അച്യുതാനന്ദനെ അരിക്കാക്കിയെന്ന്‌. മുഖ്യമന്ത്രിക്കും സമാധാനം. ഇളക്കിപ്രതിഷ്ഠയ്ക്കായി കാടിളക്കിയവരെ പൂട്ടിക്കെട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിനെ ജൂഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുമില്ലല്ലൊ. മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ എന്നപോലെ കരിങ്കൊടിയില്‍ തുടങ്ങിയ ഇടതുസമരം കരിങ്കൊടിയില്‍ അഭയം തേടിയിരിക്കുന്നു. പി. ശ്രീകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.