മോസ്കോ: ജമൈക്കക്ക് റോക്കറ്റ് വേഗമാണ്. ട്രാക്കിലെ വേഗപ്പോരാട്ടങ്ങളില് ആദ്യമെത്തുക ഇവിടെനിന്നെത്തിയ താരങ്ങള്‍ തന്നെയാണ്. ലോകത്തിലെ ഫാസ്റ്റസ്റ്റ് താരമായി യു.എസ്.എീന്‍ ബോള്‍ട്ട് സുവര്‍ണ നേട്ടം കൈവരിച്ചതിനു പിന്നാലെ 100 മീറ്ററിലെ വനിതാ വിഭാഗത്തിലും ജമൈക്കയുടെ താരം സ്വര്‍ണം നേടി.
റോക്കറ്റ് ഷെല്ലി എന്ന വിശേഷണമാകും ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് ചേരുക. കാലില്‍ റോക്കറ്റിന്റെ വേഗം തന്നെയാണ് ഷെല്ലി ആന്‍ ഫ്രേസര്ക്കുള്ളത്. 10.71 സെക്കന്റില്‍ ഇക്കൊല്ലത്തെ ഏറ്റവും മികച്ച സമയവുമായാണ് ഷെല്ലി മോസ്കോയെ കോരിത്തരിപ്പിച്ച പ്രകടനത്തിലൂടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടം കൈവരിച്ചത്. ഐവറി കോസ്റ്റിന്റെ മൗറിലെ അഹുറി (10.93) വെള്ളി സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ കാര്‍മലീറ്റ ജെറ്റര്‍ (10.94) മൂന്നാം സ്ഥാനത്തായി.
ഷെല്ലി ആന്‍ ഫ്രേസര്‍ പത്താം വയസ്സിലാണ് ഓടിത്തുടങ്ങിയത്. 2008 ലെ ബീജിംഗ് ഒളിമ്പിക്സിലെ സുവര്‍ണ നേട്ടത്തോടെ ഏറെ അറിയപ്പെടാതിരുന്ന ഷെല്ലി താരമായി മാറി. ഒളിമ്പിക്സിലെ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ കരീബിയന്‍ വനിതയായും ഷെല്ലി ആന്‍ ഫ്രേഡര് മാറി. തുടര്‍ന്ന് ഈ ജമൈക്കന്‍ താരത്തിന്റെ ട്രാക്കിലെ തീപാറുന്ന പ്രകടനങ്ങളാണ് ലോകം കണ്ടത്. രണ്ട് ഒളിമ്പിക്സ് സ്വര്‍ണം കരസ്ഥമാക്കിയ ഷെല്ലി മുമ്പ് ലോകചാമ്പ്യന്‍ഷിപ്പുകളിലും സുവര്ണനേട്ടത്തിനുടമയായി. 21-ാം വയസ്സില്‍ ബീജിംഗ് ഒളിമ്പിക്സിനെത്തുന്നതിന് മുമ്പ് 2002 ലെ അണ്ടര്‍ 17 ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2005 ല്‍ അണ്ടര്‍ 20 വിഭാഗത്തിലെ മത്സരത്തിലും ഷെല്ലി സ്വര്‍ണം നേടിയിരുന്നു. 2005 ല്‍ 100 മീറ്ററില്‍ വെങ്കലം നേടിയെങ്കിലും 4ഃ400 മീറ്റില്‍ ഷെല്ലി സ്വര്‍ണമണിഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്സ് മാത്രമാണ് ഷെല്ലിക്ക് ക്ഷീണമായത്. ഇവിടെ 200 മീറ്ററിലും 4ഃ100 മീറ്ററിലും വെള്ളികൊണ്ട് ജമൈക്കന്‍ താരം തൃപ്തിപ്പെട്ടു.
പത്താം വയസ്സില്‍ ഓടിത്തുടങ്ങുമ്പോള്‍ ഒരു ജോഡി റണ്ണിംഗ് ഷൂസ് വാങ്ങാനുള്ള ശേഷി ഷെല്ലി ആന്‍ ഫ്രേസറിന്റെ അമ്മയ്ക്കില്ലായിരുന്നു. ചേരിപ്രദേശത്തുണ്ടായ അക്രമങ്ങളില്‍ നിന്നുപോലും ഈ കുടുംബം സുരക്ഷിതമല്ലായിരുന്നു. ഷെല്ലിയുടെ ഒരു അടുത്ത ബന്ധു ഈ ആക്രമണങ്ങളില്‍ വെടിയേറ്റ് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെനിന്നും റോക്കറ്റ് വേഗം കാലില്‍ ആവാഹിച്ച് ഉയര്‍ന്നുവന്ന താരമാണ് ഷെല്ലി. ഒരുതവണ മാത്രമാണ് അവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുള്ളത്. 2010 ല്‍ ഷാങ്ന്ഘായില് പല്ലുവേദനക്ക് കഴിച്ച മരുന്നില്‍ നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തി. തുടര്‍ന്ന് ആറ് മാസത്തേക്ക് ഷെല്ലിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം ട്രാക്കിലേക്ക് ഉജ്വല ഫോമില്‍ തിരിച്ചെത്തിയ ഷെല്ലി ഇന്നും കുതിപ്പു തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: