മേയര്‍ ടോണിചമ്മിണിക്കെതിരെ ഐ വിഭാഗം പടപ്പുറപ്പാടിന്‌

Thursday 15 August 2013 12:03 am IST

കൊച്ചി: ഏതാനും മാസത്തെ ഇടവേളക്കുശേഷം കൊച്ചി നഗരസഭാ മേയര്‍ ടോണിചമ്മിണി ക്കെതിരെ ഐ വിഭാഗം വീണ്ടും പടപ്പുറപ്പാടിലേക്ക്‌. ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തെ കടത്തിവെട്ടുന്ന പ്രകടനമാണ്‌ ഐവിഭാഗം നടത്തിയത്‌. നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി 12 ഓളം വരുന്ന ഐവിഭാഗം നഗരസഭാംഗങ്ങള്‍ ഇറങ്ങിപ്പോക്കുനടത്തിയത്‌ എ വിഭാഗത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന്‌ ഐ വിഭാഗം അംഗങ്ങള്‍ മേയര്‍ക്കെതിരെ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ ഉപേക്ഷിച്ച നേതൃമാറ്റം വീണ്ടും തുറുപ്പുചീട്ടായി ഉയര്‍ത്താനാണ്‌ രഹസ്യമായി തീരുമാനിച്ചിട്ടുള്ളത്‌. ഐവിഭാഗം കടുത്തതീരുമാനം കൈക്കൊള്ളുമെന്ന്‌ നേതൃത്വത്തേയും ഡിസിസി പ്രസിഡന്റിനേയും ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. അടുത്ത നഗരസഭാകൗണ്‍സിലിനു മുന്നോടിയായി ഐ വിഭാഗം നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ടി.ജെ.വിനോദും, രത്നമ്മ രാജുവും സ്ഥാനങ്ങള്‍ രാജിവെക്കും. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി അംഗങ്ങളായ കെ.ആര്‍.പ്രേംകുമാര്‍, സുജാറോയി എന്നിവര്‍ തല്‍സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. ഐവിഭാഗം കടുത്ത നിലപാടുകളില്‍ നിന്നും പിന്നോട്ടുപോകണ്ടായെന്നുതന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. 16-ാ‍ം തീയതി കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ നേതൃത്വത്തിലുള്ള സബ്ബ്‌ കമ്മറ്റി യോഗം ചേര്‍ന്ന്‌ അടിയന്തര സമവായ ചര്‍ച്ചകള്‍ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌, കെ.പി.ധനപാലന്‍, ടി.പി.ഹസ്സന്‍ എന്നിവരും സബ്ബ്‌ കമ്മറ്റി അംഗങ്ങളാണ്‌. അതേസമയം ഐ വിഭാഗത്തിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ എ വിഭാഗം 17ന്‌ യോഗം ചേര്‍ന്ന്‌ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ മേയറോട്‌ അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. കെ.കെ.റോഷന്‍കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.