മിസ്റ്റര്‍ മരുമകന്‍

Saturday 17 August 2013 7:48 pm IST

ഹരിയാനയിലെ ഗുര്‍ഗാവ്‌ ലോക്സഭാ മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എംപി ആയ റാവു ഇന്ദര്‍ജിത്ത്‌ സിംഗ്‌ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍പ്പിന്‌ ഭീഷണി നേരിടുകയാണ്‌. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാള്‍ കൂടിയായ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുകയാണ്‌.
പണ്ടൊരിക്കല്‍ മാന്യമഹാശ്രീ ശശി തരൂര്‍ വിശുദ്ധപശു എന്ന്‌ പരിഹസിച്ച കോണ്‍ഗ്രസ്‌ സാമ്രാജ്യത്തിന്റെ ഇറ്റാലിയന്‍ റാണിക്കെതിരെ ഒളിയമ്പെയ്തു എന്നതാണ്‌ കുറ്റം. മാഡം സോണിയയുടെ മരുമകന്‍ ഭൂമി കുഴിച്ച്‌ കുഴിച്ച്‌ ഹരിയാനയുടെ അടിക്കല്ല്‌ മാന്തുമെന്ന ഘട്ടമെത്തിയപ്പോഴാണ്‌ പാവം ഗുര്‍ഗോണ്‍കാരുടെ എംപി ചെറുതായൊന്ന്‌ മുരടനക്കിയത്‌, അതിന്റെ പേരിലാണ്‌ നടപടിനീക്കം.
മാഡം സോണിയയുടെ മരുമകന്‍ പലരും കരുതുന്നത്‌ പോലെ അത്ര ചെറിയ മീനല്ല, വമ്പന്‍ സ്രാവാണ്‌. ഉത്തരേന്ത്യന്‍ ഭൂമാഫിയയുടെ ഡോണ്‍ ആണുപോല്‍ നാല്‍പത്തിനാലുകാരനായ റോബര്‍ട്ട്‌ വാദ്ര. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രപതിമാര്‍ക്കുമൊക്കെ വിധിച്ചിട്ടുള്ള എസ്പിജി സുരക്ഷ ചുളുവില്‍ തരപ്പെടുത്തിയെടുത്ത മരുമകന്‍. അന്ന്‌ അസൂയ മൂത്ത ആരൊക്കെയോ ഇത്‌ ന്യായമോ സര്‍ക്കാരേ എന്ന്‌ ചോദിച്ചു. ആഭ്യന്തരവകുപ്പ്‌ കയ്യാളിയിരുന്ന സോണിയാദാസന്‍ ചിദംബരം ചെട്ടിയാര്‍ വാറോലയില്‍ എഴുതി പാര്‍ലമെന്റില്‍ വായിച്ചത്‌, വാദ്ര വെറും മരുമകനല്ല, മിസ്റ്റര്‍ മുരുമകനാണെന്നത്രെ. ഒരു വിവിഐപിയെ കല്യാണം കഴിച്ചതിന്റെ പവറുണ്ട്‌ പോലും ഈ ഭൂമിക്കച്ചവടക്കാരന്‌.
ഓട്ടുത്പന്നങ്ങളും കരകൗശലവസ്തുക്കളും വിറ്റ്‌ ഉപജീവനം കഴിച്ചിരുന്ന ഉത്തര്‍പ്രദേശിലെ മൊറാദാബാദുകാരനായ രാജേന്ദ്രയുടെ മകനാണ്‌ വിവിഐപിയെ കല്യാണം കഴിച്ചതിന്റെ പവറില്‍ ബ്ലാക്ക്ക്യാറ്റ്‌ സുരക്ഷയും സ്വന്തമാക്കി ഉത്തരഭാരതത്തിലെ ഭൂമി മുഴുവന്‍ കയ്യേറുന്നതിന്‌ മുഖ്യകാര്‍മ്മികത്വം വഹിച്ച റോബര്‍ട്ട്‌ വാദ്ര. വെറുമൊരു ഓട്ടുകച്ചവടക്കാരന്റെ മകന്‍ മാത്രമായിരുന്നെങ്കില്‍ വാദ്ര സോണിയയുടെ മരുമകന്‍ ആകുമായിരുന്നില്ല എന്ന്‌ കുതുന്നവര്‍ ധാരാളമുണ്ട്‌. സ്കോട്ട്ലന്‍ഡുകാരിയായ മൗറീന്‍ വാദ്രയാണ്‌ റോബര്‍ട്ടിന്റെ മമ്മി. മൗറീന്‍ വാദ്രയുടെ മകനും സോണിയാ മെയ്നോയുടെ മകളും തമ്മില്‍ വിവാഹം നടന്നതിന്‌ അങ്ങനെയൊരു വംശീയബന്ധമാണ്‌ കാരണമെന്ന്‌ അവര്‍ പറയുന്നുമുണ്ട്‌. എന്തായാലും ഹിന്ദുവായ രാജേന്ദ്രയ്ക്ക്‌ ഉണ്ടായ മൂന്ന്‌ മക്കളും വളര്‍ന്നത്‌ മൗറീന്റെ മതക്കാരായാണ്‌. റിച്ചാര്‍ഡും സഹോദരി മിഷേലും പിന്നെ റോബര്‍ട്ടും.
ഓട്ടുകച്ചവടക്കാരന്റെ മകന്‍ 1999ല്‍ നടന്ന വിവിഐപി കല്യാണത്തോടെ ആളാകെ മാറി. മൊറാദാബാദില്‍ തെക്ക്‌ വടക്ക്‌ നടന്ന അയാള്‍ പൊടുന്നനെ വമ്പന്‍ ഭൂമിയിടപാടുകളുടെ രാജാവായി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കുഭകോണം അടക്കമുള്ള കൂറ്റന്‍ അഴിമതികളില്‍ പെടാന്‍ പാകത്തിന്‌ തലപ്പൊക്കം. പ്രതിപ്പട്ടികയിലെ മുഖ്യകണ്ണിയായ ഡിഎല്‍എഫുമായി തൊട്ടതിനും പിടിച്ചതിനുമെല്ലാം ബാന്ധവം. ഡിഎല്‍എഫ്‌ ഭീമന്മാര്‍ക്ക്‌ മരുമകന്‍ വഴി അമ്മായിഅമ്മയുടെ അടുക്കളയും വാഴാമെന്ന സ്ഥിതിയായി. തക്കം നോക്കി റോബര്‍ട്ട്‌ പന പോലെ വളര്‍ന്നു. റോമില്‍ അമ്മായിയമ്മയുടെ ബന്ധുക്കള്‍ക്ക്‌ പുരാവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഇന്ത്യയിലെ ഏജന്റാണ്‌ ഇയാളെന്ന്‌ അടക്കംപറച്ചിലുകളുണ്ടായി. അതിന്‌ വേണ്ടിയാണുപോലും ഡിഎല്‍എഫിന്റെ കൂടി പങ്കാളിത്തത്തോടെ ദല്‍ഹിയില്‍ ആര്‍ടെക്സ്‌ എന്ന കമ്പനി അവതരിച്ചത്‌. സൗത്ത്‌ ദല്‍ഹിയിലെ സാകേതില്‍ വമ്പന്മാര്‍ക്ക്‌ ഉണ്ടുറങ്ങി ഇണ ചേര്‍ന്ന്‌ രാപ്പാര്‍ക്കാന്‍ കൂറ്റന്‍ ഹോട്ടല്‍ശൃംഖല, സ്കൈലൈറ്റ്‌ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വന്തം കമ്പനി. കൃഷിഭൂമികള്‍ മൊത്തത്തില്‍ എടുത്ത്‌ വ്യവസായഭീമന്മാര്‍ക്കും മതമാഫിയകള്‍ക്കും കൈമാറുന്ന പുതുപുത്തന്‍ ഡീലിംഗിന്‌ പുതിയ കമ്പനികള്‍ വേറെ. നോര്‍ത്ത്‌ ഇന്‍ഡ്യ ഐടി പാര്‍ക്ക്‌ ലിമിറ്റഡ്‌, റിയല്‍ എര്‍ത്ത്‌ എസ്റ്റേറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, സ്കൈലൈറ്റ്‌ റിയാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌, ബ്ലൂ ബ്രീസ്‌ ട്രേഡിംഗ്‌ കമ്പനി..... ഇങ്ങനെ പോകുന്നു മാഡം സോണിയയുടെ മരുമകന്റെ സ്വത്ത്‌ വകകള്‍.
ബാദ്‌, റോസ്ഗ, കോട്ട്‌, കൃസി, ആംഖിര്‍, ശിഖോപുര, മാലിക്പൂര്‍, ബംഗാര്‍, കലേസര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഏതാണ്ട്‌ മുഴുവനായിത്തന്നെ വാദ്ര വാങ്ങിക്കൂട്ടി. 1981ല്‍ ഹരിയാനാ സര്‍ക്കാര്‍ പിന്നാക്ക ദളിത്‌ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ച ഹാന്‍സ്പൂരിലെ 75 ഏക്കര്‍ കൃഷിഭൂമി വാദ്ര കയ്യടക്കിയത്‌ അനധികൃതമായാണെന്ന്‌ പരാതി ഉയര്‍ന്നു. ശിഖോപുരയിലെ 3.53 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ട്‌ ബംഗാളുകാരനായ ഐഎഎസ്‌ ഓഫീസര്‍ നടപടിയെടുത്തതോടെ അതുവരെ പുകമറയ്ക്കുള്ളിലായിരുന്ന വാദ്രയുടെ ഇടപാടുകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങി. മാഡം സോണിയ മരുമകന്റെ രക്ഷയ്ക്കെത്തി. 22 വര്‍ഷത്തെ സര്‍വീസിനിടയില്‍ 44 തവണ സ്ഥലംമാറ്റപ്പെട്ട ഖേംകയ്ക്ക്‌ താക്കീത്‌. തട്ടിക്കളയുമെന്ന്‌ പലകോണുകളില്‍നിന്നും ഭീഷണി. ഈ ഭൂമികൊള്ള തടഞ്ഞില്ലെങ്കില്‍ മനേസറും ഗുര്‍ഗോണുമടക്കമുള്ള പ്രദേശങ്ങള്‍ പാതാളമാകുമെന്ന്‌ മുന്നറിയിപ്പുമായി നൂറ്‌ പേജുള്ള റിപ്പോര്‍ട്ടുമായി ഖേംക തിരിച്ചടിച്ചു. ഫലം ഭൂമി ഇടപാടുകളില്‍ നടപടിയെടുക്കേണ്ട ഖേംകയ്ക്ക്‌ പച്ചക്കറി വികസന വകുപ്പിലേക്ക്‌ മാറ്റം. പിന്നെ തരംതാഴ്ത്തല്‍. അതാണ്‌ വാദ്ര.
കല്യാണം കൊണ്ട്‌ വിവിഐപി ആയ വാദ്ര ഓട്ടുത്പന്നങ്ങള്‍ വിറ്റ്‌ ജീവിച്ചിരുന്ന അച്ഛന്‍ രാജേന്ദ്രയ്ക്കും ജ്യേഷ്ഠന്‍ റിച്ചാര്‍ഡിനും സഹോദരി മിഷേലിനുമെതിരെ 2001ല്‍ മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്തു. അമ്മായിയമ്മയായിരുന്നു അതിന്‌ പിന്നിലുമെന്ന വാര്‍ത്തകള്‍ അന്ന്‌ കാറ്റില്‍ പറന്ന്‌ നടന്നു. എന്തായാലു അതേ വര്‍ഷം അവസാനം സഹോദരി മിഷേല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. മൂത്ത സഹോദരന്‍ റിച്ചാര്‍ഡിനെ 2003ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 2009ല്‍ ദല്‍ഹിയിലെ യൂസഫ്സരായി ഗസ്റ്റ്‌ ഹൗസില്‍ വിവിഐപി മരുമകന്റെ അച്ഛന്‍ രാജേന്ദ്ര ആരോരും നോക്കാനില്ലാതെ മരിച്ചുകിടന്നു. ദുരൂഹതകള്‍ നിറഞ്ഞുനിന്ന ഈ മരണങ്ങളെക്കുറിച്ച്‌ പരാതികളുണ്ടായില്ല, അന്വേഷണവും. അതുകൊണ്ടാണ്‌ ഭാരതത്തിലെ ജനങ്ങളെക്കുറിച്ച്‌ റോബര്‍ട്ട്‌ വാദ്ര ട്വീറ്റ്‌ ചെയ്തത്‌, 'മാംഗോ പീപ്പിള്‍ ഇന്‍ എ ബനാനാ റിപ്പബ്ലിക്ക്‌' എന്ന്‌.
മാഡം സോണിയയുടെ വംശാവലി തുടരുകയാണ്‌. പുറമെ കാണിക്കാന്‍ പേരിലെങ്കിലും ബാക്കിനിര്‍ത്തിയിരുന്ന നൊഹ്‌റുവിയന്‍ ഭാരതീയത രാജീവിന്റെ സന്തതികളോടെ അവസാനിക്കും. ഇറ്റലിക്കാരി അമ്മായിയമ്മയ്ക്ക്‌ വന്നുകയറിയ സ്കോട്ടിഷ്‌ മരുമകന്‍ സ്വന്തം മക്കള്‍ക്ക്‌ മാമോദീസാ മുക്കിനല്‍കിയ പേരുകള്‍ റയ്ഹാന്‍, മിറായ. ഇനി അവര്‍ക്കുപിന്നിലും ഒരുപക്ഷേ ഒരു ഗാന്ധി ഏച്ചുകെട്ടായി മുഴച്ചുനിന്നേക്കും. മാഡം സോണിയ മതംമാറ്റി തനിക്കാക്കിയ കോണ്‍ഗ്രസില്‍ മിസ്റ്റര്‍ മരുമകനും എംപിക്കുപ്പായമിടുന്ന കാലം വിദൂരമല്ല. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലം സോണിയ മരുമകനായി നീക്കിവെച്ചതാണെന്ന്‌ വാദ്ര തന്നെ അവകാശപ്പെടുന്നുമുണ്ട്‌.
എം. സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.