നാദങ്ങളുടെ തമ്പുരാന്‍ ഒാ‍ര്‍മ്മയായി

Thursday 11 August 2011 10:58 pm IST

ചാലക്കുടി: പഞ്ചവാദ്യ കുലപതി പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ (87) ഓര്‍മ്മയായി. പഞ്ചവാദ്യത്തില്‍ നാദവിസ്മയം തീര്‍ത്ത്‌ മേള ആസ്വാദകരെ ആനന്ദത്തില്‍ ആറാടിച്ചിരുന്ന കുഴൂര്‍ ആശാന്‍ എന്ന നാദവിസ്മയം പെയ്തൊഴിഞ്ഞു. ഇന്നലെ രാവിലെ 8 മണിയോടെ എറണാകുളം അമൃത ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച കൊരട്ടി ചെറ്റാരിക്കലുള്ള മകന്റെ വീട്ടില്‍വെച്ച്‌ രാത്രി 7.30 ന്‌ കുഴഞ്ഞുവീണ നാരായണമാരാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ പൂരത്തില്‍ 41 വര്‍ഷം പങ്കെടുത്ത്‌ ഒടുവിലെ പതിനൊന്നു വര്‍ഷം പ്രമാണിയായിരുന്നു കുഴൂര്‍ ആശാന്‍. 1944 ല്‍ പത്തൊമ്പതാമത്തെ വയസില്‍ ആണ്‌ ആശാന്‍ ആദ്യമായി പൂരങ്ങളുടെ പൂരത്തിന്‌ തിമിലയേന്തിയത്‌. പാറമേക്കാവ്‌ വിഭാഗത്തിന്റെ പഞ്ചവാദ്യത്തില്‍ ഒരറ്റത്തായിരുന്നു അന്ന്‌ സ്ഥാനം. 1976 ല്‍ ആണ്‌ പാറമേക്കാവിന്റെ പ്രമാണിയായത്‌. എറണാകുളം ജില്ലയില്‍ മാണിക്യമംഗലം വടക്കിനിമാരാത്ത്‌ കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂര്‍ നെടുംപറമ്പത്ത്‌ മാരാത്ത്‌ കുഞ്ഞിപ്പിള്ളയമ്മയുടെയും മകനായി 1925 ല്‍ (1100 മേട മാസം ചിത്തിര നക്ഷത്രത്തില്‍) ആണ്‌ ജനനം. മഹാകവി ഒറവങ്കര കുട്ടിരാജന്റെ മകള്‍ കൊരട്ടി വാരണാട്ട്‌ പരേതയായ നാരായണിയമ്മയാണ്‌ ഭാര്യ. മക്കള്‍: രാജേന്ദുശേഖരന്‍ (മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍), മന്മഥന്‍ (റിട്ട. അധ്യാപകന്‍), ദിനേശന്‍ (അധ്യാപകന്‍), വിവേകാനന്ദന്‍, രാജേശ്വരി, കാഞ്ചനവല്ലി, സമ്പല്‍ക്കരി.
തിമിലയില്‍ ലയ സൗകുമാര്യമായി നാദവിസ്മയം തീര്‍ത്ത കുഴൂര്‍ ആശാനെ ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി നിരവധി പ്രമുഖര്‍ എത്തിച്ചേര്‍ന്നു. സ്ഥലം എംഎല്‍എ ഡി. ദേവസി, ആര്‍എസ്‌എസ്‌ സംസ്ഥാന സംഘചാലക്‌ പി.ഇ.ബി. മേനോന്‍, കലാമണ്ഡലം ഗോപി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌. മേനോന്‍, വാദ്യകലാരംഗത്തെ കിഴക്കൂട്ട്‌ അനിയന്‍ മാരാര്‍, ചോറ്റാനിക്കര വിജയന്‍ മാരാര്‍, പരയ്ക്കാട്ട്‌ തങ്കപ്പന്‍, മട്ടന്നൂര്‍ ശ്രീകാന്ത്‌, ശ്രീരാജ്‌ തുടങ്ങിയ പ്രമുഖര്‍ എത്തിച്ചേര്‍ന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച കുഴൂര്‍ നാരായണമാരാരെ സംസ്ഥാനസര്‍ക്കാര്‍ അവഗണിച്ചു. ജില്ലാ കളക്ടര്‍ സനല്‍കുമാര്‍ വൈകിട്ടും എത്തിയില്ല. സ്ഥലം എംഎല്‍എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ്‌ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി ബ്യൂഗിള്‍ വായിക്കാന്‍ തീരുമാനമെടുത്തത്‌. സര്‍ക്കാര്‍ പ്രതിനിധികളായി ആരുംതന്നെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചില്ല. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, നടന്‍ ജയറാം, പെരുവനം കുട്ടന്‍മാരാര്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.