ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

Sunday 18 August 2013 9:25 pm IST

സിംഗപ്പൂര്‍: ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അണ്ടര്‍-23 എമര്‍ജിംഗ്‌ ടീംസ്‌ കാപ്പില്‍ ഇന്ത്യ പാക്കിസ്ഥാനനെ മൂന്ന്‌ വിക്കറ്റിന്‌ തകര്‍ത്തു. ടോസ്‌ നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന്‌ അയക്കുകയായരുന്നു. മലയാളിതാരം സന്ദീപ്‌ വാര്യരുടെ മികവില്‍ഇന്ത്യ പാക്കിസ്ഥാനെ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 191 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇന്ത്യ 47.5 ഒാ‍വറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കടന്നു. ഒന്‍പത്‌ ഓവറില്‍ 32 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ നിര്‍ണായകമായ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ്‌ വാര്യരാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.
ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്റെ തുടക്കംതന്നെ പാളി. സ്കോര്‍ രണ്ടിലെത്തിയപ്പോള്‍തന്നെ ആദ്യ വിക്കറ്റ്‌ വീഴ്ത്തിക്കൊണ്ട്‌ ഇന്ത്യ പിടിമുറുക്കി. രണ്ട്‌ റണ്‍സെടുത്ത ബാബര്‍ അസമിനെ സന്ദീപ്‌ ശര്‍മ്മ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ 14 ല്‍ എത്തിയപ്പോള്‍ അസീമിനെ പുറത്താക്കി പാക്കിസ്ഥാനെ സന്ദീപ്‌ വാര്യര്‍ പ്രതിരോധത്തിലാക്കി. സ്കോര്‍ 22 ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നിലംപതിച്ചതോടെ പാക്‌ നിര സമ്മര്‍ദ്ദത്തിലുമായി. ബിലാവല്‍ ഭട്ടിയെ (7) സന്ദീപ്‌ വാര്യര്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കൂട്ടുകെട്ടാണ്‌ പാക്കിസ്ഥാന്‌ അല്‍പമെങ്കിലും മാന്യമായ സ്കോര്‍ നല്‍കിയത്‌. ഉമര്‍ വഹീദും ഉസ്മാന്‍ സലാഹുദ്ദീനും ചേര്‍ന്ന സഖ്യം പാക്കിസ്ഥാനെ വന്‍തകര്‍ച്ചയില്‍നിന്നും കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന്‌ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ നിര്‍ണായക ഘട്ടത്തില്‍ പടുത്തുയര്‍ത്തിയത്‌. സ്കോര്‍ 107 ല്‍ എത്തിയപ്പോള്‍ ഉമര്‍ വഹീദിനെ പുറത്താക്കിക്കൊണ്ട്‌ അക്ഷര്‍ പട്ടേലാണ്‌ ഇന്ത്യക്ക്‌ ബ്രേക്ക്ത്രൂ നല്‍കിയത്‌.
112 പന്തുകള്‍ നേരിട്ട വഹീദ്‌ രണ്ട്‌ ബൗണ്ടറികളുടെ സഹായത്തോടെ 46 റണ്‍സാണ്‌ പാക്‌ സ്കോറിനോട്‌ കൂട്ടിച്ചേര്‍ത്തത്‌. തുടര്‍ന്നെത്തിയ മൊഹമ്മദ്‌ നവാസിനും ഏറെ ആയുസുണ്ടായിരുന്നില്ല. ഒന്‍പത്‌ റണ്‍സെടുത്ത നവാസിനെ സന്ദീപ്‌ ശര്‍മ്മയുടെ പന്തില്‍ സന്ദീപ്‌ വാര്യര്‍ പിടിച്ച്‌ പുറത്താക്കി. ഒറ്റയാള്‍ പട്ടാളമായി പൊരുതിനിന്ന ഉസ്മാന്‍ സലാഹുദ്ദീനെ ബാബാ അപരാജിതിന്റെ കൈകളിലെത്തിച്ചുകൊണ്ട്‌ സന്ദീപ്‌ വാര്യര്‍ വീണ്ടും ആഞ്ഞടിച്ചു. 105 പന്തുകളില്‍നിന്നും 61 റണ്‍സാണ്‌ സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തത്‌. ബാക്കിയാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്ത്യക്കുവേണ്ടി സന്ദീപ്‌ വാര്യര്‍ മൂന്നും സന്ദീപ്‌ ശര്‍മ്മ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ലോകേഷ്‌ രാഹുലും ഉന്‍മുക്ത്‌ ചന്ദും ചേര്‍ന്ന്‌ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. രാഹുല്‍ 46 ഉം ചന്ദ്‌ 61 ഉം റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്‌ വിക്കറ്റ്‌ വീഴ്ച ഇന്ത്യക്ക്‌ ഭീഷണിയായെങ്കിലും വാലറ്റത്ത്‌ 9 പന്തുകളില്‍നിന്നും 18 റണ്‍സെടുത്ത അശോക്‌ മെനാരിയ ഇന്ത്യയെ പാക്‌ സ്കോറിനൊപ്പമെത്തിച്ചു. സന്ദീപ്‌ ശര്‍മ്മ വിജയറണ്‍ നേടി. പാക്കിസ്ഥാനുവേണ്ടി റാസാ ഹസന്‍ മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തി.
ഈ വിജയത്തോടെ ഇന്ത്യ രണ്ട്‌ പോയിന്റ്‌ നേടി. ഗ്രൂപ്പ്‌ 'എ'യില്‍ അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളുമുണ്ട്‌. ഗ്രൂപ്പ്‌ ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്‌, സിംഗപ്പൂര്‍ എന്നീ ടീമുകള്‍ മാറ്റുരക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.