"നിലവറ തുറന്നാല്‍ വംശനാശം"

Thursday 11 August 2011 11:01 pm IST

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ തുറന്നാല്‍ വംശനാശമുണ്ടാകുമെന്ന്‌ ദേവപ്രശ്നം. ദേവന്റെ ചൈതന്യവുമായി അഭേദ്യബന്ധമുള്ള ദ്രവ്യങ്ങള്‍ നിലവറയിലുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു കാരണവശാലും ഈ നിലവറ തുറന്നുകൂടാ. അവിടെ സ്പര്‍ശിച്ചാല്‍ പോലും ആ കുടുംബത്തില്‍ ദുരന്തമുണ്ടാകും. പാമ്പുകടിച്ചോ വിഷം കഴിച്ചോ മരണമുണ്ടാകും. ദേവപ്രശ്നത്തിന്റെ അവസാനദിവസമായ ഇന്നലെ നടന്ന പ്രശ്നചിന്തയില്‍ വ്യക്തമാക്കപ്പെട്ടു.
നിരോധിതമേഖല എന്ന്‌ എഴുതിവയ്ക്കേണ്ടത്ര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്‌ നിലവറകള്‍. അവിടെ പോകാന്‍ രാജാവിന്‌ പോലും അവകാശമില്ല. ഈ നിലവറ സംരക്ഷിക്കാന്‍ ധര്‍മ്മയുദ്ധം വരെ നടത്തുമെന്ന്‌ പ്രതിജ്ഞയെടുക്കാന്‍ ക്ഷേത്ര ഉടമസ്ഥ സ്ഥാനത്തുനില്‍ക്കുന്ന രാജകുടുംബത്തിന്‌ സാധിക്കണം.
നാമജപത്തിലൂടെ നിലവറ തുറക്കുന്നതിനെതിരായ ഭക്തജനങ്ങളുടെ പ്രതിരോധമുണ്ടാകണം. മറ്റു സമരമാര്‍ഗ്ഗങ്ങളല്ല ഭഗവാനിഷ്ടം. പ്രത്യേക പൂജകളും വഴിപാടുകളും പുനരാരംഭിക്കണം. അഖണ്ഡനാമ ജപവും സമൂഹപ്രാര്‍ത്ഥനയുമൊക്കെയാവാം. പ്രശ്ന ചിന്തയ്ക്കിടയില്‍ ആചാര്യന്മാര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ നിത്യ വഴിപാടുകളില്‍ തട്ടിപ്പും വെട്ടിപ്പുമുണ്ടെന്നും വരവ്‌ ചെലവ്‌ കണക്കുകള്‍ മനപ്പൂര്‍വ്വം ശരിപ്പെടുത്തുന്നുമില്ലെന്നും പ്രശ്ന ചിന്തയില്‍ തെളിഞ്ഞു. സേവകരില്‍ കള്ളം പറയാത്തവര്‍ ആരുമില്ല. അകത്തും പുറത്തും സമര്‍ത്ഥമായി മോഷണം നടക്കുന്നു. ആദ്യ പ്രതിഷ്ഠയുടെ ശുഭമഹത്വംകൊണ്ട്‌ മാത്രമാണ്‌ ക്ഷേത്രത്തിന്റെ പ്രശസ്തി ഇപ്പോഴും നിലനില്‍ക്കുന്നത്‌. പ്രതിഷ്ഠാസംബന്ധമായ ദോഷം പരിഹരിക്കപ്പെടണം. പൗരാണികമായ അനന്തപ്രതിഷ്ഠയെ ഗൗനിക്കണം. അനുജ്ഞയില്ലാതെ മരാമത്ത്‌ പണികള്‍ നടത്തുന്നത്‌ ദേവന്‌ ഇഷ്ടപ്പെടുന്നില്ല. മലിനമായി കിടക്കുന്ന പുണ്യതീര്‍ത്ഥസ്നാനങ്ങള്‍ വൃത്തിയാക്കിയെടുക്കണം. ക്ഷേത്രജലാശയത്തില്‍ അടുത്തതന്നെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന്‌ ഇന്നലെത്തെ വിചിന്തനത്തില്‍ ആചാര്യന്മാര്‍ കണ്ടെത്തി.
ക്ഷേത്രത്തിന്റെ നടത്തിപ്പിനായി മഹാരാജാവ്‌ ചുമതലപ്പെടുത്തിയവര്‍ പറ്റിയ ആള്‍ക്കാരല്ല. ആവശ്യമുള്ളവയെല്ലാം കൊടുത്താലും വേണ്ട രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. ക്ഷേത്രനടത്തിപ്പ്‌ വിവേകവും കഴിവും ചുമതലാബോധവുമുള്ളവരെ ഏല്‍പ്പിക്കണം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവത്തിന്‌ മൂലകാരണമായ ആദികേശ പെരുമാള്‍ ക്ഷേത്രത്തെ സ്മരിക്കാനുള്ള പൂജകളും മുടങ്ങിക്കിടക്കുകയാണ്‌. ശിവസാന്നിധ്യവും ഈ ക്ഷേത്രത്തിലുണ്ട്‌. കിഴക്ക്‌ ഭാഗത്ത്‌ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട്‌ ശിവനെ അനുസ്മരിക്കുന്ന കര്‍മ്മബന്ധങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ സ്മരണയും ഇപ്പോള്‍ നടക്കുന്നില്ല. ക്ഷേത്ര നിര്‍മ്മാണത്തെ സഹായിച്ച്‌ രൂപത്തില്‍ സുബ്രഹ്മണ്യ സങ്കല്‍പവും ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്‌. അക്കാര്യവും ഇന്ന്‌ വിസ്മൃതിയിലാണ്‌. പുത്തന്‍ചന്ത ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ നിത്യദര്‍ശനം നടത്തിയിരുന്നു. ഇന്ന്‌ ഈ ചടങ്ങില്ല. പരിഗണന കിട്ടാത്ത ഗണപതിയുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്‌.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ദേവി പടിഞ്ഞാറെ ഭാഗത്ത്‌ കുടികൊള്ളുന്നുണ്ട്‌. ദേവീക്ഷേത്രം നശിപ്പിച്ചതിന്റെ ദോഷഫലവും ഉണ്ട്‌. അതിനും പരിഹാരം ചെയ്യണം. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട്‌ 10 ക്ഷേത്രങ്ങള്‍ക്ക്‌ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുണ്ട്‌. ഈ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മതിയായ ശ്രദ്ധ പുലര്‍ത്തണം. ക്ഷേത്രത്തില്‍ അര്‍ച്ചനയ്ക്കെടുക്കുന്ന പുഷ്പങ്ങളുടെ കാര്യത്തില്‍ ദേവന്‌ അനിഷ്ടമുണ്ട്‌. എല്ലാവിധ പുഷ്പങ്ങളും ഭഗവാന്‌ ഇഷ്ടമില്ല. ക്ഷേത്രത്തിലെ നിത്യകര്‍മ്മങ്ങള്‍ നടത്താന്‍ ആവശ്യമായ പൂവ്‌ ഇവിടെത്തന്നെ പൂന്തോട്ടമുണ്ടാക്കി ഉല്‍പ്പാദിപ്പിക്കണം.
ക്ഷേത്രത്തിന്റെ കാര്യത്തില്‍ രാജകുടുംബത്തിന്‌ തുല്യമായ അവകാശമാണ്‌ വില്വമംഗലം സ്വാമിയുടെ പരമ്പരയില്‍പ്പെട്ട മഠത്തിലുള്ളത്‌. അവരെ രാജകുടുംബത്തിലെ ആള്‍ക്കാരുടെ മോശമായ പെരുമാറ്റം മൂലം മനസ്സുനൊന്താണ്‌ ക്ഷേത്രത്തിലേക്ക്‌ വരാറായത്‌. പ്രായശ്ചിത്തം ചെയ്ത്‌ അവരെ കൂട്ടിക്കൊണ്ടുവരണം. പ്രശ്ന ചിന്തയ്ക്കൊടുവില്‍ ഒഴിവുനോക്കി പരിഹാരക്രിയകളും പ്രശ്നപണ്ഡിതന്മാര്‍ വിധിച്ചു. ക്ഷേത്രവുമായി നേരിട്ട്‌ ബന്ധപ്പെട്ട തിരുവട്ടാര്‍, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണം. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട 10 ക്ഷേത്രങ്ങളിലും സമീപത്തുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും അതാത്‌ ക്ഷേത്രങ്ങളിലെ വിശേഷാല്‍ പൂജകള്‍ നടത്തണം.
ദേവി സങ്കല്‍പ്പങ്ങള്‍ക്കായി ത്രികാലപൂജയും ഭഗവതിസേവയും നടത്തണം. സര്‍പ്പദോഷം വന്നതിന്‌ പ്രായശ്ചിത്തവും സര്‍പ്പബലിയും ചെയ്യണം. ആരാധാന കിട്ടാതെ കിടക്കുന്ന ഗണപതി വിഗ്രഹത്തെയും ശ്രീരാമന്റെ അടുത്തുള്ള ചെറിയ ഗണപതിയെയും മാറ്റി സ്ഥാപിക്കണം. കൊട്ടാരത്തില്‍ തമ്പുരാട്ടിമാര്‍ പൂജ ചെയ്യുന്ന മൂന്ന്‌ ഗണപതിവിഗ്രഹങ്ങളും ക്ഷേത്രത്തിലേക്ക്‌ മാറ്റിയാല്‍ മതിയെന്ന്‌ കവടി നിരത്തിയപ്പോള്‍ തെളിഞ്ഞു.
ഇതുവരെയുള്ള സമസ്ത പാപങ്ങള്‍ക്കും പരിഹാരമായി 24000 സുദര്‍ശനമന്ത്രവും 24000 ആഹുതിയും നടത്തണം. ഒപ്പം മൃത്യുഞ്ജയഹോമവും തിലഹോമവും ചെയ്യണം. ക്ഷേത്രത്തിലെ പ്രശ്നങ്ങള്‍ക്ക്‌ കാരണക്കാരായ വീരരക്ഷസിന്റെ ബ്രഹ്മരക്ഷസിന്റെ ദോഷം നീക്കാന്‍ 93 സഹസ്രനാമയജ്ഞവും ഒരു സപ്താഹ യജ്ഞവും നടത്തണം.
ക്ഷേത്രസ്വത്ത്‌ തങ്ങളുടേതെന്ന രാജകുടുംബത്തിന്റെ വാഗ്ദോഷം നീക്കാന്‍ രാജകുടുംബം ക്ഷേത്രങ്ങളില്‍ ദ്രവ്യ സമര്‍പ്പണം ചെയ്യണം. പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ പുറമെ തിരുവട്ടാര്‍, തിരുവമ്പാടി, മൂകാംബിക ക്ഷേത്രങ്ങളിലും ഇത്‌ ചെയ്യണം.
പി. ശ്രീകുമാര്‍