ഭാരതത്തിന്റെ സംസ്ക്കാര വാഹിനി

Monday 19 August 2013 9:08 pm IST

ഇന്ന്‌ ദേശീയ സംസ്കൃതദിനം ഒരു രാഷ്ട്രത്തിന്റെ സംസ്കാരം രൂപപ്പെ ടുത്തുന്നതില്‍ ഭാഷയ്ക്ക്‌ മഹത്തായ സ്ഥാനമുണ്ട്‌. ഭാഷയാണ്‌ മനുഷ്യനെ സംസ്കാരചിത്തനാക്കിയത്‌.
ആംഗ്യഭാഷയില്‍നിന്ന്‌ സംഭാഷണത്തിലേയ്ക്കും സംഭാഷണത്തില്‍നിന്ന്‌ ലിപിയിലേയ്ക്കുമുള്ള ഈ സംസ്കാര പരിണാമത്തിന്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങളുടെ സഞ്ചാരദൈര്‍ഘ്യമുണ്ട്‌. ഭാരതീയ സംസ്കാരം രൂപപ്പെടുത്തിയതില്‍ സംസ്കൃത ഭാഷയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്‌. ആര്‍ഷ സംസ്കാരത്തെ തലമുറകളില്‍നിന്ന്‌ തലമുറ കളിലേയ്ക്ക്‌ പകര്‍ന്ന സംസ്കാരവാഹിനിയാണ്‌ സംസ്കൃതഭാഷ.
സംസ്കൃതം എന്ന പേര്‌ ഈ ഭാഷയ്ക്ക്‌ സിദ്ധിച്ചത്‌ ഈ ഭാഷ രൂപംകൊണ്ട്‌ വികാസം പ്രാപിച്ചതിന്‌ ശേഷമായിരിക്കണം. വാല്മീകിരാമായണത്തിലാണ്‌ ഈ ഭാഷയ്ക്ക്‌ സംസ്കൃതം എന്ന പദം ആദ്യമായി പ്രയോഗിച്ച്‌ കാണുന്നത്‌. ഈ ഭാഷയെ പരിഷ്ക്കരിച്ച്‌ വ്യാകരണനിയമങ്ങള്‍കൊണ്ട്‌ സ്ഫുടം ചെയ്ത്‌ സംസ്കൃതമാക്കിയത്‌ ആചാര്യന്മാരും മഹര്‍ഷീശ്വരന്മാരുമാണ്‌. ക്രമേണ സംസ്കൃതം എന്ന പദം ഈ ഭാഷയുടെ പേരായി പരിണമിച്ചു. നിരുക്തകാരനായ യാസ്കനും സൂത്രകാരനായ പാണിനിയും വാര്‍ത്തികകാരനായ വരരുചിയും ഈ ഭാഷാശുദ്ധീകരണപ്രകിയയില്‍ വലിയ പങ്ക്‌ വഹിച്ചതായി കാണുന്നു. സംസ്കൃതം പതഞ്ജലിയുടെ കാലത്ത്‌ വലിയ ഒരു ജനവിഭാഗത്തിന്റെ വ്യവഹാരഭാഷയായിരുന്നു എന്നതിന്‌ മഹാഭാഷ്യത്തില്‍ തെളിവുകളുണ്ട്‌. ഹുയാന്‍സാങ്ങ്‌ ഭാരതം സന്ദര്‍ശിച്ച കാലത്ത്‌ സംസ്കൃതഭാഷ പണ്ഡിതഭാഷ എന്ന നിലയിലും സാധാരണജനങ്ങളുടെ വ്യവഹാരഭാഷ എന്ന നിലയിലും നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഇതിഹാസങ്ങളും പുരാണങ്ങളും എഴുതിയ കാലത്ത്‌ ഇത്‌ സാധാരണ ജനങ്ങളുടെ ഭാഷയായിരുന്നു എന്നതിന്‌ ഭാഷാചരിത്രം തെളിവ്‌ നല്‍കുന്നു. സമ്പന്നമായ സംസ്കൃതസാഹിത്യത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ജീവചൈതന്യം കൊണ്ടാണ്‌ ഭാരതീയ ഭാഷകളും സാഹിത്യവും വളര്‍ന്ന്‌ പുഷ്ടിപ്രാപിച്ചത്‌. വാല്‍മീകിയ്ക്കും വ്യാസനും വൈദികഋഷിമാര്‍ക്കും പുറമെ കാളദാസന്‍, അഭിനവഗുപ്തന്‍, രാജശേഖരന്‍, ഭാസന്‍, മനു, യാജ്ഞ്യവല്‍ക്കന്‍, കൗടില്യന്‍, വാത്സ്യായനന്‍, കപിലന്‍, പതഞ്ജലി, പാണിനി, അമരസിംഹന്‍, അശ്വഘോഷന്‍, ഭാരവി, കുമാരദാസന്‍, മാഘന്‍, കവിരാജന്‍, ദണ്ഡി, സുബന്ധു, ബാണഭട്ടന്‍, വിഷ്ണുശര്‍മ്മന്‍, ജയദേവന്‍, മേല്‍പ്പത്തൂര്‍, ശ്രീഹര്‍ഷന്‍ തുടങ്ങിയ ഒട്ടനേകം മഹാരഥന്‍മാര്‍ സംകൃതസാഹിത്യത്തെ സമ്പുഷ്ടമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ലോകഭാഷകളുടെ മാതാവാണ്‌ സംസ്കൃതം എന്നു പറഞ്ഞത്‌ പാശ്ചാത്യ ചരിത്രഗവേഷകനും ചിന്തകനുമായ വില്‍ഡ്യൂറന്റ്‌ ആയിരുന്നു.
പൗരാണികലോകഭാഷകളും സംസ്കൃതവും തമ്മിലുള്ള ബന്ധം ഭാഷാഗവേഷകരില്‍ പലരും അംഗീകരിച്ചിട്ടുള്ളതാണ്‌. ഭാരതീയഭാഷകളില്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ സംസ്കൃത പദങ്ങള്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. ഭാരതീയ പ്രാദേശിക ഭാഷകള്‍ ഭാഷാനിയമങ്ങളും ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം കടംകൊണ്ടത്‌ സംസ്കൃതഭാഷയില്‍നിന്നാണ്‌. ഭാരതീയ ഭാഷകള്‍ക്ക്‌ മജ്ജയും മാംസവുമായതും സംസ്കൃതം തന്നെയായിരുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും പ്രാദേശിക ഭാഷാവികാസത്തിന്‌ സഹായകമായി. ഭാരതത്തിന്റെ ആധ്യാത്മിക വെളിച്ചത്തെ സമസ്ത ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കുവാന്‍ സംസ്കൃതത്തില്‍ നിന്നുള്ള വിവര്‍ത്തന ഗ്രന്ഥങ്ങള്‍ സഹായിച്ചു. കേരളീയ ജീവിതത്തിന്‌ ആധ്യാത്മികതയുടെ നവോന്മേഷം പകര്‍ന്നുനല്‍കിയത്‌ ഭാഷാപിതാവായ തുഞ്ചത്ത്‌ എഴുത്തച്ഛനായിരുന്നു. അതുപോലെ ചൈതന്യ മഹാപ്രഭുവും തുളസീദാസും കമ്പരും ജ്ഞാനേശ്വരനും തുടങ്ങി ഒട്ടനേകം മനീഷികള്‍......
ആധുനിക ശാസ്ത്ര വിദ്യാര്‍ത്ഥി കള്‍ക്കുപോലും ശാസ്ത്രം പഠിക്കുവാന്‍ സംസ്കൃതപദങ്ങള്‍ അനിവാര്യമാകുന്നു. ഉദാ: രസായനം, രാസത്വരകം, ലായിനി, ഗണം, മധ്യമം, ത്രിഭുജം, ചതുര്‍ഭുജം, പ്രകാശസംശ്ലേഷണം, സസ്യസ്വേദനം, അന്തര്‍വ്യാപനം, പ്രതിഫലനം, തന്ത്രാംശം (സോഫ്റ്റ്‌ വെയര്‍) യന്ത്രാംശം (ഹാര്‍ഡ്‌ വെയര്‍) പിഞ്ചഃ (സ്വിച്ച്‌) ഇവയെല്ലാം സംസ്കൃത മാതൃത്വത്തിന്റെ മകുടോദാഹരണങ്ങളാണ്‌.
സംസ്കൃതം ചിരപുരാതനമാണെങ്കിലും അതിലെ വിഷയങ്ങള്‍ നിത്യനൂതനമായി തുടരുന്നു. ആദികാവ്യമായ രാമായണം പുരാതനമായി നിലകൊള്ളുമ്പോള്‍ കേരളം മുഴുവന്‍ രാമായണമാസമായി ആചരിക്കുന്നു. ദൂരദര്‍ശനും ടി.വി ചാനലുകളും ആകാശവാണിയും രാമായണ പരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ മത്സരിക്കുന്നു. ഭാഷ്യകാരനായ പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങള്‍ പൗരാണികമാണ്‌. പക്ഷേ അമേരിക്കക്കാരടക്കം ലോകത്തിലെ ജനലക്ഷങ്ങള്‍ ആരോഗ്യസംരക്ഷണത്തിനുവേണ്ടി യോഗയെ ആശ്രയിക്കുന്നു. ആധുനിക മാനേജ്മെന്റ്‌ സിദ്ധാന്തങ്ങള്‍ക്ക്‌ വേണ്ടി ഭഗവദ്ഗീതയെ ആശ്രയിക്കുന്നു. വാസ്തുശാത്രം ആധുനികജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാകുന്നു. ജ്യോതിഷം നിത്യജീവിതത്തിന്റെ ഭാഗമാകുന്നു. ആയൂര്‍വേദം ജനജീവിത്തിന്റെ ഭാഗമാകുന്നു.
ആയൂര്‍വേദകോളേജുകളില്‍ പ്രവേശനം ലഭിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ പരക്കംപായുന്നു. ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലും പൗരാണിക സംസ്കൃതത്തിന്റെ നിത്യനൂതനത്വം ദൃഷ്ടിഗോചരമാകുന്നു. ഭാരതത്തില്‍ 15 സംസ്കൃത സര്‍വ്വകലാശാലകള്‍ ഉണ്ട്‌. 5000 പാരമ്പര്യ സംസ്കൃതപാഠശാലകള്‍. പാരമ്പര്യരീതിയില്‍ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥിലക്ഷങ്ങള്‍. വേദപാഠശാലകള്‍, സംസ്കൃത അക്കാദമികള്‍, ഗുരുകുലങ്ങള്‍, വിദ്യാപീഠങ്ങള്‍ സംസ്കൃതത്തിന്റെ പാരമ്പര്യ വൈദൂഷ്യം പ്രകടിപ്പിക്കുവാന്‍ ശൃംഗേരി, ഉഡുപ്പി, ബാംഗ്ലൂര്‍, ചെന്നൈ, തിരുപ്പതി, പൂനെ, കാശി, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ വാക്യാര്‍ത്ഥസഭകള്‍ ഇന്നും മുടക്കമില്ലാതെ നടക്കുന്നു. കര്‍ണ്ണാടത്തിലെ മത്തൂര്‍, ഹൊസഹള്ളി, മധ്യപ്രദേശിലെ മോഹിത്‌ നഗര്‍, ഝിരി തുടങ്ങിയ സംസ്കൃത ഗ്രാമങ്ങളില്‍ എല്ലാ ജനങ്ങളും സംസ്കൃത്തില്‍ ദൈനംദിനവ്യവഹാരം നടത്തുന്നു.
1981 മുതല്‍ ദശദിന സംഭാഷണശിബിരങ്ങള്‍ നടത്തുവാനുള്ള പ്രവര്‍ത്തകരെ പരിശീലിപ്പിക്കുവാന്‍ പ്രശിക്ഷണ ശിബിരങ്ങള്‍ സംസ്കൃത ഭാരതി നടത്തുന്നു. പുസ്തകപ്രകാശനം പഠനോപകരങ്ങള്‍, സംസ്കൃത സി.ഡികള്‍ സംസ്കൃത പ്രദര്‍ശിനികള്‍, സംസ്കൃത മാസിക, ഗീതാശിക്ഷണകേന്ദ്രങ്ങള്‍, ആധുനിക പുസ്തങ്ങള്‍ വിവര്‍ത്തനം ചെയ്യുവാന്‍ സരസ്വതീയോജന 13 ഭാഷകളിലായി തപാല്‍ വഴിയുള്ള സംസ്കൃത പഠനപദ്ധതികള്‍. മുന്‍വര്‍ഷങ്ങളില്‍ കാശിയിലെ 18 ജില്ലകളിലും ദല്‍ഹിയിലും നടന്ന സംസ്കൃത സംഭാഷണ അഭിയാനങ്ങളില്‍ പതിനായിരങ്ങള്‍ സംസ്കൃതം സംസാരിക്കുവാന്‍ പഠിച്ചു. ഈ വര്‍ഷം ജമ്മു കാശ്മീരിലെ 10 ജില്ലകളിലെ 278 ഗ്രാമങ്ങളില്‍ നടന്ന സംസ്കൃതസംഭാഷണ ശിബിരങ്ങള്‍, ഭാരതത്തെ കന്യാകുമാരി മുതല്‍ കാശ്മീരം വരെ ഒന്നാക്കി നിര്‍ത്തുവാന്‍ സംസ്കൃതത്തിന്‌ കഴിയുമെന്ന്‌ തെളിയിക്കുന്നതായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും ബന്ധുക്കള്‍ വീട്ടില്‍ എത്തിയതുപൊലെയായിരുന്നു ഗ്രാമവാസികളുടെ സന്തോഷം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തില്‍ 175 ശിക്ഷകന്മാരെ ആരതിയുഴിഞ്ഞ്‌ കുങ്കുമം തൊടുവിച്ച്‌ കാശ്മീരികള്‍ എതിരേറ്റു.
രാഷ്ട്രപുരോഗതി സാധ്യമാക്കുന്ന സംസ്കൃതഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത്‌ നടക്കുമ്പോള്‍ സര്‍ക്കാരുകള്‍ സംസ്കൃതഭാഷയോട്‌ കാണിക്കുന്ന വിവേചനം സഹിക്കാവുന്നതിലും അപ്പുറത്താണ്‌. സംസ്കൃതം ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠിപ്പിക്കുവാന്‍ ഉത്തവിറങ്ങിയിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞു.
ഇതുവരെയും നടപടികള്‍ എടുക്കുവാനോ പുസ്തകം പ്രസിദ്ധീകരിക്കുവാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സര്‍ക്കാരുകളുടെ ദയാദാക്ഷണ്യങ്ങള്‍ക്കുമുമ്പില്‍ കൈനീട്ടിനിന്ന്‌ സംസ്കൃതത്തെ രക്ഷിക്കുവാന്‍ നമുക്കാവില്ല. അനൗപചാരകമായി സംസ്കൃതം പഠിച്ചും പഠിപ്പിച്ചും നമുക്ക്‌ സംസ്കൃതത്തെ ജനസാമാന്യത്തിന്റെ ഭാഷയാക്കിമാറ്റേണ്ടതുണ്ട്‌. അതിന്റെ ആദ്യപടിയാണ്‌ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്കൃത സംഭാഷണശിബിരങ്ങള്‍. സംഭാഷണം മുതല്‍ ശാസ്ത്രം വരെ സംസ്കൃതം പഠിക്കുവാന്‍ ഇന്ന്‌ പാഠ്യപദ്ധതിയും പുസ്തകങ്ങളും ലഭ്യമാണ്‌.
സംസ്കൃതത്തിനുവേണ്ടി സമര്‍പ്പിതചിത്തരായ യുവജനങ്ങളിലും അദ്ധ്യാപകരിലുമാണ്‌ സംസ്കൃതത്തിന്റെ ഭാവിപ്രതീക്ഷ. സങ്കുചിത പ്രാദേശിക, ജാതി, വര്‍ണ്ണ, വര്‍ഗ്ഗ ഉത്തര ദക്ഷിണ ഭേദങ്ങള്‍ തട്ടിമാറ്റി ഭാരതത്തെ ഒറ്റരാഷ്ട്രമായി നിലനിര്‍ത്തുവാന്‍ സംസ്കൃത്തിന്‌ കഴിയും. അതിനായി നുമക്ക്‌ പുനരര്‍പ്പണം ചെയ്യാം. ശ്രാവണപൗര്‍ണ്ണമി സംസ്കൃതചന്ദ്രികയാകുന്ന ഈ സുദിനത്തില്‍ എല്ലാവര്‍ക്കും സംസ്കൃത ദിനാശംസകള്‍.
വി.ജെ. ശ്രീകുമാര്‍ (വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന ഉപാധ്യക്ഷനാണ്‌ ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.