വന്ദേ സംസ്കൃത ഭാരതം

Monday 19 August 2013 9:07 pm IST

ശ്രാവണ പൗര്‍ണ്ണമിദിനം ദേശീയ സംസ്കൃതദിനമായി ഭാരതമെമ്പാടും ആചരിച്ചു വരുന്നു. രണ്ടായിരമാണ്ടില്‍ നടന്ന സംസ്കൃതവര്‍ഷാഘോഷം മുതല്‍ സംസ്കൃതദിനത്തോടനുബന്ധിച്ച്‌ ഒരാഴ്ചക്കാലം സംസ്കൃതവാരമായി ആഘോഷിച്ചുവരുന്നു. ഒരു ദിനമോ ഒരാഴ്ചയോ അല്ല ആര്‍ഷഭൂമിയായ ഭാരതത്തില്‍ വര്‍ഷത്തിലെല്ലാം സംസ്കൃതദിനങ്ങളാണ്‌. അങ്ങനെ തന്നെ ആയിത്തീരുകയും വേണം.
"സമ്യക്‌ കൃതം സംസ്കൃതം" എന്നാണ്‌ സംസ്കൃതപദത്തിന്റെ വ്യുല്‍പത്തി. ഭാരതമെമ്പാടും സംസാരഭാഷയായി നിലനിന്നിരുന്ന സംസ്കൃതത്തെ വ്യാകരണനിയമങ്ങളാലുപനിബദ്ധമാക്കി മാറ്റിയത്‌ പാണിനി തുടങ്ങിയ ഋഷീശ്വരന്മാരാണ്‌. "സംസ്കൃതം നാമദൈവീ വാഗന്വാഖ്യാതാ മഹര്‍ഷിഭിഃ" എന്ന്‌ ദണ്ഡി കാവ്യാദര്‍ശത്തില്‍ സംസ്കൃതത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നത്‌ ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്‌.
"യദി വാചം പ്രഭാസ്യാമി ദ്വിജാദി മിവ സംസ്കൃതാം രാവണം മന്യമാനാ മാം സീതാഭിതാ ഭവിഷ്യതി" എന്ന രാമായണത്തിലെ ഹനുമദ്‌വചനം സംസ്കൃതത്തിന്റെ, സംസ്കൃത സംഭാഷണത്തിന്റെ പഴമയെ ആണ്‌ കാണിക്കുന്നത്‌. പണ്ട്‌ ഭാഷ എന്ന പദം തന്നെ സംസ്കൃതത്തിന്റെ പര്യായപദമായി ഉപയോഗിച്ചിരുന്നു. ഒരുകാലത്ത്‌ ഭാരതത്തിന്റെ സംഭാഷണ ഭാഷയായിരുന്ന സംസ്കൃതത്തിന്‌ പിന്നീട്‌ എന്തു സംഭവിച്ചു? പ്രാദേശികഭാഷകളുടെ ആവിര്‍ഭാവവും വിദേശരാഷ്ട്രങ്ങളുടെ ആക്രമണവും ഭാരതീയ സര്‍വ്വകലാശാലകളുടെയും ഗുരുകുലങ്ങളുടെയും ഗ്രന്ഥാലയങ്ങളുടെയും നാശനവും ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യവും സംസ്കൃത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകളും സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചഭേദഭാവവുമെല്ലാം സംസ്കൃതഭാഷയുടെ പരിക്ഷീണാവസ്ഥയ്ക്ക്‌ കാരണമായി. 'ഭാഷ്യതേ അനയാ ഇതി ഭാഷാ' (സംസാരിക്കപ്പെടുന്നത്‌ ഭാഷ) ഭാഷണത്തിലൂടെയാണ്‌ സംസ്കൃതത്തിന്‌ ഭാഷാത്ത്വം ലഭിക്കുന്നത്‌. സംസ്കൃത ഭാഷണമാണ്‌ സംസ്കൃതത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. സരള സംസ്കൃത സംഭാഷണത്തെ മുന്‍നിര്‍ത്തി ആരംഭിച്ച സംഭാഷണോദ്യമത്തിലൂടെ സംസ്കൃതത്തിന്റെ പുനരുദ്ധാനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ ഭാരതത്തില്‍ മാത്രമല്ല എത്രയോ വിദേശരാഷ്ട്രങ്ങളിലും സംസ്കൃത പഠനപാഠന പ്രചരണങ്ങള്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ന്‌ ഭാരതത്തില്‍ പത്തിലധികം സംസ്കൃത സര്‍വ്വകലാശാലകളുണ്ട്‌. ഇരുന്നൂറോളം സര്‍വ്വകലാശാലകളില്‍ സംസ്കൃത ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്‌. രാഷ്ട്രീയ സംസ്കൃതസംസ്ഥാന്‍ തുടങ്ങിയ കല്‍പ്പിത സര്‍വ്വകലാശാലകള്‍ക്ക്‌ ഭാരത്തിലെമ്പാടും പ്രാദേശിക കേന്ദ്രങ്ങളുണ്ട്‌. അയ്യായിരത്തിലധികം സംസ്കൃത പാഠശാലകളും വേദവിദ്യാ ലയങ്ങളുമുണ്ട്‌.

വിദ്യാഭാരതിയുടെ കാല്‍ലക്ഷത്തിലധികം വിദ്യാലയങ്ങളിലൂടെ കാല്‍കോടിയിലധികം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാലയം മുതല്‍ സംസ്കൃതം അനിവാര്യ ഭാഷയായി പഠിച്ചുകൊണ്ടിരിക്കുന്നു. സംസ്കൃതഭാരതി തുടങ്ങി നൂറോളം സന്നദ്ധസംഘടനകള്‍ സംസ്കൃതപ്രചരണം വഴി ജീവിതവ്രതമാക്കി പ്രവര്‍ത്തിക്കുന്നു. തപാല്‍ വഴി സംസ്കൃതം-പഠനപദ്ധതിയിലൂടെ ഒരുകോടിയോളം പേര്‍ സംസ്കൃതം പഠിക്കുന്നു. അന്‍പതിലധികം പത്രമാസികകള്‍ പ്രകാശനം ചെയ്യപ്പെടുന്നു.
വേദവ്യാഖ്യാനങ്ങള്‍ മുതല്‍ അത്യാധുനിക കവിതകള്‍വരെ സംസ്കൃതത്തില്‍ രചിക്കപ്പെടുന്നു. എന്തിനധികം? കുട്ടികള്‍ പരസ്പരം സംസ്കൃതഭാഷയില്‍ കലഹിച്ചും സല്ലപിച്ചും കളിക്കളങ്ങളില്‍ സംസ്കൃതത്തെ ജീവദ്ഭാഷയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. വീട്ടിലെല്ലാവരും പരസ്പരം സംസ്കൃതത്തില്‍ സംസാരിക്കുന്ന സംസ്കൃതഗൃഹങ്ങള്‍ ഒട്ടനവധി ആണ്‌. ലോകമെങ്ങും ഇന്ന്‌ ഭാരതീയവിദ്യകള്‍ക്ക്‌ അത്യപൂര്‍വ്വമായ സ്വീകരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. യോഗം, ആയുര്‍വേദം, ഭഗവദ്ഗീത, ശില്‍പശാസ്ത്രം, വേദാന്തം, വാസ്തുശാസ്ത്രം, ജ്യോതിഷം, ഭാഗവതം തുടങ്ങിയ വിഷയങ്ങളൊക്കെ ഗ്രന്ഥാനുസാരം പഠിക്കാനാഗ്രഹിക്കുന്ന ജിജ്ഞാസുകള്‍ ലോകമെമ്പാടും സംസ്കൃത പഠനോന്മുഖരായി മാറിക്കൊണ്ടിരിക്കുന്നു. പ്രാചീനഭാരതത്തിന്റെ വിജ്ഞാനമേഖലയിലേക്ക്‌ പ്രവേശിക്കുവാനുള്ള താക്കോല്‍ സംസ്കൃതപരിജ്ഞാനമാണെന്നറിഞ്ഞ്‌ എത്രയോ ശാസ്ത്രജ്ഞന്മാര്‍ സംസ്കൃതാദ്ധ്യയനമാരംഭിച്ചുകൊണ്ടിരിക്കുന്നു.
സംസ്കൃതസ്യകൃതേ ജീവന്‍ സംസ്കൃതസ്യകൃതേ യജന്‍ ആത്മാനമാഹുതം മന്യേ വന്ദേ സംസ്കൃതമാതരം.
ഡോ.സി. എന്‍. വിജയകുമാരി (കേരളയൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അസി. പ്രൊഫസറാണ്‌ ലേഖിക)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.