പ്രജനനത്തിനായി ദേശാടനപക്ഷികള്‍ വീണ്ടും പനമരത്തെത്തി

Monday 19 August 2013 9:19 pm IST

കല്‍പ്പറ്റ: ദേശാടനകിളികള്‍ പ്രജനനത്തിനായി വീണ്ടും വയനാട്ടിലെ പനമരത്തെത്തി. കുമരകത്തും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹിമാലയന്‍സാനുക്കളിലും മാത്രം കണ്ടുവരാറുള്ള അപൂര്‍വ്വയിനം കൊറ്റികളാണ്‌ വയനാട്ടിലെ പനമരത്ത്‌ കാലവര്‍ഷാരംഭത്തോടെ എത്തിചേരുന്നത്‌.
നീലക്കോഴി, അരിവാള്‍ കൊക്ക്‌, ചാരമുണ്ടി, വെള്ളമുണ്ടി തുടങ്ങിയ ഇനം കൊക്കുകളാണ്‌ പനമരം പുഴയോരത്ത്‌ മുളക്കൂട്ടങ്ങളില്‍ കൂടുണ്ടാക്കി പ്രജനനം നടത്തുന്നത്‌. ഇന്ത്യയില്‍ കണ്ടുവരുന്ന അപൂര്‍വ്വയിനം കൊക്കുകളില്‍ ഒന്നായ അരിവാള്‍ കൊക്ക്‌ പനമരത്ത്‌ മാത്രമാണ്‌ പ്രജനനത്തിന്‌ എത്തിചേരുന്നതെന്ന്‌ പക്ഷി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കൊക്കുകള്‍ പ്രജനനത്തിനെത്തുന്നതോടെ പനമരം പുഴയില്‍ മുതലകളും നീര്‍നായകളും എത്തിചേരും.
കൊറ്റികളുടെയും പുഴയിലെ നീര്‍നായകളുടെയും വരവ്‌ കണക്കിലെടുത്ത്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ നാടോടി വിഭാഗവും പനമരത്ത്‌ ജൂണ്‍ മാസത്തില്‍തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. പ്രജനനത്തിന്‌ ശേഷം നവംബര്‍ മാസത്തോടെ കൊറ്റികള്‍ തിരിച്ചു പോകുന്നതോടെ ഇവരും തമിഴ്‌നാട്ടിലേക്ക്‌ തിരിക്കും. വയനാട്‌ ജില്ലയിലെ പനമരത്തെ കൊറ്റില്ലത്ത്‌ എത്തുന്ന അപൂര്‍വ്വയിനം കൊറ്റികളെ കാണാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ പക്ഷിനിരീക്ഷകര്‍ എത്താറുണ്ട്‌. ഈ കൊറ്റില്ലങ്ങള്‍ എന്ത്‌ വിലകൊടുത്തും സംരക്ഷിക്കണമെന്നതാണ്‌ ഇവരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.