നഗരസഭാ സെക്രട്ടറിക്കെതിരെ യുഡിഎഫ്‌

Thursday 11 August 2011 11:11 pm IST

അങ്കമാലി: അങ്കമാലി നഗരസഭയില്‍ എല്‍ഡിഎഫിനെതിരെയും നഗരസഭസെക്രട്ടറിയ്ക്കെതിരെയും യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ രംഗത്ത്‌ എത്തി. അങ്കമാലി നഗരസഭയില്‍ പ്രതിപക്ഷമായ എല്‍ഡിഎഫ്‌ നടത്തുന്ന അക്രമത്തിനും ഭരണസ്തംഭനത്തിനുമെതിരെ ഇന്ന്‌ യു.ഡി.എഫ്‌. ധര്‍ണ നടത്തും. ഇന്നു രാവിലെ 10ന്‌ അങ്കമാലി നഗരസഭ ഓഫീസിന്‌ മുമ്പില്‍ നടക്കുന്ന ധര്‍ണ മുന്‍ എം.എല്‍.എ. പി. ജെ. ജോയി ഉദ്ഘാടനം ചെയ്യും. അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി. കെ. വര്‍ഗീസ്‌, അങ്കമാലി യുഡിഎഫ്‌ മണ്ഡലം കണ്‍വീനര്‍ മാത്യു തോമസ്‌, ജോര്‍ജ്ജ്‌ പി. കുര്യന്‍, കെ. പി. ബേബി, പി.ടി.പോള്‍, ടോമി വര്‍ഗീസ്‌, അഡ്വ. കെ.എസ്‌. ഷാജി, അഡ്വ. ഷിയോ പോള്‍, വില്‍സണ്‍ മുണ്ടാടന്‍, ബേബി. വി. മുണ്ടാടന്‍, ഷൈജോ പറമ്പി, സാജു നെടുങ്ങാടന്‍, കെ. എ. പൗലോസ്‌, മേരി വര്‍ഗീസ്‌, പി. വി. ജോര്‍ജ്ജുകുട്ടി, വി.ഡി. ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രതിപക്ഷവുമായി ഒത്തുചേര്‍ന്ന്‌ ഭരണസസ്തംഭനത്തിന്‌ കൂട്ടു നില്‍ക്കുന്നുവെന്നാരോപിച്ചാണ്‌ യു.ഡി.എഫ്‌. സെക്രട്ടറിയ്ക്കെതിരെയായത്‌.
സെക്രട്ടറി ജയകുമാറിനെതിരെ വകുപ്പ്‌ തലത്തില്‍ യു.ഡി.എഫ്‌. പരാതി നല്‍കിയിട്ടുണ്ട്‌. സെക്രട്ടറിയെ മാറ്റണമെന്നും യുഡിഎഫ്‌. നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്‌. പ്രതിപക്ഷവുമായി ഒത്തുചേര്‍ന്ന്‌ നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനും നഗരസഭാ അതിര്‍ത്തിയിലെ ചട്ടവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുവാനും സെക്രട്ടറി ശ്രമിക്കുന്നുണ്ടെന്നും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. പുതിയ നഗരസഭ കാര്യാലയത്തിന്റെ അവസാനഘട്ട നിര്‍മ്മാണം നടക്കുന്നതിന്റെ ഭാഗമായി ഒരേ ജോലി രണ്ട്‌ കരാറുകാരെ ഏല്‍പിച്ചതും സംബന്ധിച്ച്‌ സെക്രട്ടറിയുടെ നടപടിക്കെതിരെ വകുപ്പ്‌ തല അന്വേഷണം നടക്കുന്നുണ്ട്‌. ഇതിനു പിന്നില്‍ യു.ഡി.എഫ്‌ കൗണ്‍സിലര്‍മാരുടെ കൈകളുണ്ടെന്ന്‌ പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.