മറുപടിയില്ലാതെ മന്‍മോഹന്‍

Tuesday 20 August 2013 10:00 pm IST

ന്യൂദല്‍ഹി: കല്‍ക്കരി മന്ത്രാലയത്തില്‍നിന്ന്‌ ഫയലുകള്‍ കാണാതായ സംഭവത്തില്‍ മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിഷമിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം നല്‍കാനാവാതെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്‌. ഇരു സഭകളും ഇന്നലെ ഇതിനേതുടര്‍ന്ന്‌ സ്തംഭിച്ചു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട 147 ഫയലുകളാണ്‌ മന്ത്രാലയത്തില്‍ നിന്ന്‌ കാണാതായത്‌.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ്‌ സുഷമാസ്വരാജും രാജ്യസഭയില്‍ അരുണ്‍ ജെയ്റ്റ്ലിയും ഇന്നലെ രാവിലെ തന്നെ വിഷയം ഉന്നയിച്ചിരുന്നു. കല്‍ക്കരി അഴിമതിക്കേസന്വേഷണം നടക്കുന്നതിനിടെയാണ്‌ കല്‍ക്കരിമന്ത്രാലയത്തില്‍ നിന്ന്‌ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിരിക്കുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഇതിനു മറുപടി നല്‍കണമെന്നും ലോക്സഭയില്‍ സുഷമാ സ്വരാജ്‌ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണം. സഭയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌. കല്‍ക്കരി ബ്ലോക്കുകള്‍ ഏതൊക്കെ കമ്പനികള്‍ക്കാണ്‌ നല്‍കിയത്‌,അതിന്റെ മാനദണ്ഡങ്ങളെന്തൊക്കെ എന്നിവയടങ്ങുന്ന ഫയലുകളാണ്‌ അപ്രത്യക്ഷമായത്‌. കോണ്‍ഗ്രസിലെ വലിയ നേതാക്കളിലേക്ക്‌ എത്തിച്ചേരുന്ന തെളിവുകള്‍ ഫയലുകളിലുള്ളതിനാലാണ്‌ അവ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നും സുഷമാ സ്വരാജ്‌ പറഞ്ഞു. പ്രധാനമന്ത്രിയോട്‌ സഭയില്‍ ഹാജരായി വിഷയത്തില്‍ മറുപടി നല്‍കണമെന്ന്‌ ആവശ്യപ്പെടണമെന്ന്‌ സുഷമാ സ്വരാജ്‌ സ്പീക്കറോട്‌ പറഞ്ഞു. സഭ ഇന്നലെ വിഷയത്തില്‍ പലതവണ സ്തംഭിച്ചു.
രാജ്യസഭയില്‍ കല്‍ക്കരിമന്ത്രി ശ്രീപ്രകാശ്‌ ജയ്സ്വാള്‍ ഇന്നലെ പ്രതിപക്ഷ രോഷത്തില്‍ വല്ലാതെ വിഷമിച്ചു. കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും 1992 മുതലുള്ള ഫയലുകള്‍ കാണാതായെന്ന പ്രസ്താവന മന്ത്രിയെ കുടുക്കുകയും ചെയ്തു. പിന്നീട്‌ 2006-2009 കാലഘട്ടത്തിലെ ഫയലുകളാണ്‌ കാണാതായതെന്ന്‌ പറഞ്ഞ മന്ത്രി അന്വേഷണത്തിനായി അണ്ടര്‍സെക്രട്ടറി തല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന്‌ അറിയിച്ചു. ഇതോടെ പ്രതിപക്ഷബഹളം അതിരൂക്ഷമായി.
പ്രധാനമന്ത്രിയുടേയും വകുപ്പുമന്ത്രിയുടേയും പങ്കു വെളിവാക്കുന്ന ഫയലുകള്‍ കാണാതായാല്‍ അണ്ടര്‍ സെക്രട്ടറിക്ക്‌ എങ്ങനെ അന്വേഷിക്കാനാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു. ഫയലുകള്‍ കാണാതായിട്ടും പോലീസില്‍ പരാതി നല്‍കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്‌ അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാവ്‌ സീതാറാം യെച്ചൂരിയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
പ്രധാനമന്ത്രി സഭയില്‍ വരുകയും കാണാതായ ഫയലുകള്‍ സുരക്ഷിതമാണെന്ന്‌ ഉറപ്പുനല്‍കുകയും ചെയ്താല്‍ സഭാനടപടികളുമായി സഹകരിക്കാമെന്ന്‌ ബിജെപി നേതാവ്‌ വെങ്കയ്യ നായിഡു പറഞ്ഞു. കല്‍ക്കരി മന്ത്രി ശ്രീപ്രകാശ്‌ ജയ്സ്വാള്‍ രാജ്യസഭയില്‍ പ്രസ്താവന നടത്താന്‍ ശ്രമിച്ചെങ്കിലും ഒരു മന്ത്രിയുടെ വകുപ്പിലെ നിര്‍ണ്ണായക ഫയലുകള്‍ കാണാതായതിനേപ്പറ്റി ആ മന്ത്രി പ്രസ്താവന നടത്തേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിയാണ്‌ വിശദീകരിക്കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വിവിധ വിഷയങ്ങളുന്നയിച്ച്‌ എഐഎഡിഎംകെ,ഡിഎംകെ,തെലുങ്കുദേശം പാര്‍ട്ടി എന്നിവര്‍ സഭയില്‍ പ്രതിഷേധിച്ചു. രാജീവ്ഗാന്ധിയുടെ ജന്മദിനമായ ഇന്നലെതന്നെ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയെടുക്കുന്നതിന്‌ സോണിയാഗാന്ധി സഭയിലെത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തേ തുടര്‍ന്ന്‌ പരാജിതയായി.
എസ്‌.സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.