അരുണാചലില്‍ ചൈന അതിര്‍ത്തി ലംഘിച്ചു

Wednesday 21 August 2013 9:32 pm IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തിനു രണ്ടു ദിവസം മുമ്പ്‌ ചൈനീസ്‌ സൈന്യം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു. ചഗ്ലഗം മേഖലയില്‍ 20 കിലോമീറ്ററോളം ഇന്ത്യന്‍ ഭാഗത്തേക്ക്‌ കടന്നു കയറിയ ചൈനീസ്‌ സൈന്യം ആഗസ്ത്‌ 15വരെ തല്‍സ്ഥാനത്ത്‌ തുടര്‍ന്നു.
അതിക്രമിച്ചു കടക്കുന്നത്‌ അവസാനിപ്പിച്ച്‌ തിരിച്ചുപോകണമെന്ന ബാനറുകള്‍ ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം ചൈനീസ്‌ സേനയെ തടയുകയായിരുന്നു. തുടര്‍ന്ന്‌ ഇരു സൈന്യവും രണ്ടു ദിവസത്തോളം പ്രദേശത്ത്‌ അഭിമുഖമായി നിലയുറപ്പിച്ചു. നിയന്ത്രണ രേഖയിലെ തര്‍ക്ക പ്രദേശത്ത്‌ ഇരു സൈനിക വിഭാഗങ്ങളും പ്രവേശിക്കരുതെന്ന ധാരണ ലംഘിച്ചതു ബോധ്യപ്പെടുത്തിയതോടെയാണ്‌ ചൈനീസ്‌ സൈന്യം മടങ്ങിയത്‌.
ചൈനീസ്‌ സേന അതിര്‍ത്തി ലംഘിച്ചതോടെ കരസേനയുടെ രണ്ടാം ഡിവിഷന്റെ കീഴില്‍ വരുന്ന പ്രദേശമായ ഇവിടെ ഇന്ത്യന്‍ സേനയ്ക്കൊപ്പം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും നിലയുറപ്പിച്ചിരുന്നു. ഡപ്യൂട്ടി കമാണ്‍ഡര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ ചൈനീസ്‌ സൈന്യം മടങ്ങിയത്‌. കഴിഞ്ഞ ആഴ്ച വടക്കന്‍ ലദാക്കില്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ച 'തിരംഗ' പട്രോളിംഗ്‌ ട്രേഡ്‌ ജംഗ്ഷന്‍ മേഖലയില്‍ വെച്ച്‌ ചൈനീസ്‌ സൈന്യം തടഞ്ഞിരുന്നു. നിയന്ത്രണ രേഖയ്ക്ക്‌ 14 കിലോമീറ്റര്‍ ഉള്ളിലായി ഇന്ത്യന്‍ പ്രദേശത്ത്‌ കടന്നുകയറിയ ചൈനീസ്‌ സൈന്യം പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യന്‍ സേനയോട്‌ മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഏപ്രിലില്‍ ലദാക്കിലെ ഡപ്സാങ്ങില്‍ ചൈനീസ്‌ സൈന്യം 19 കിലോമീറ്റര്‍ അതിര്‍ത്തി ലംഘിച്ച്‌ കടന്നുകയറിയിരുന്നു. മൂന്നാഴ്ചയാണ്‌ പ്രദേശത്ത്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി നിലയുറപ്പിച്ചത്‌. ജൂണ്‍ 17ന്‌ അതിര്‍ത്തി ഗ്രാമമായ ലേയില്‍നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമായ ചുമറില്‍ അതിക്രമിച്ചു കടന്ന ചൈനീസ്‌ സൈന്യം ഒരുമാസത്തിനു ശേഷമാണ്‌ മടങ്ങിയത്‌. കഴിഞ്ഞ 8 മാസത്തിനിടെ 150 തവണ ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതായാണ്‌ ഇന്ത്യന്‍ സൈന്യം നല്‍കുന്ന വിവരം.
ഏപ്രിലില്‍ ചൈന അതിക്രമിച്ചു കയറിയ ലദാക്കിലെ ദൗലത്‌ ഉള്‍ ബോള്‍ഡിയില്‍ വലിയ യുദ്ധവിമാനമായ സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ എയര്‍ക്രാഫ്റ്റ്‌ കഴിഞ്ഞദിവസം ഇന്ത്യന്‍ വ്യോമസേന ഇറക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന എയര്‍സ്ട്രിപ്പാണ്‌ ദൗലത്‌ ഉള്‍ ബോള്‍ഡിയിലേത്‌. ഒരേ സമയം 300 സൈനികരെ വരെ വഹിക്കാന്‍ ശേഷിയുള്ള എയര്‍ക്രാഫ്റ്റ്‌ ഇവിടെയെത്തിക്കാന്‍ കഴിഞ്ഞത്‌ അതിര്‍ത്തിയില്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.