സിറിയയിലെ രാസായുധ പ്രയോഗം: അമേരിക്ക അന്വേഷണം തുടങ്ങി

Friday 23 August 2013 4:21 pm IST

ദമാസ്‌കസ്: സിറിയയില്‍ സേന രാസായുധം പ്രയോഗിച്ച കാര്യം സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. നിജസ്ഥിതി കണ്ടെത്താന്‍ പരിശോധക സംഘത്തെ അനുവദിക്കണമെന്ന് ഐക്യ രാഷ്ട്രസഭ സിറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സ്, തുര്‍ക്കി സര്‍ക്കാരുകള്‍ സിറിയയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ഐക്യരാഷ്ട്രസഭാ പ്രതിനിധി ഏഞ്ജല കെയ്ന്‍ ദമാസ്‌കസിലെത്തും. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തുമെന്നാണ് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അറിയിച്ചിരിക്കുന്നത്. രാസായുധ പ്രയോഗം നടന്നോ എന്ന് പരിശോധിക്കുന്നതിന് ആവശ്യമെങ്കില്‍ സൈന്യത്തിനെ ഉപയോഗിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിമതര്‍ ആരോപിക്കുന്നത്. ദമാസ്‌കസിനു സമീപം ക്വൗട്ട, ഇര്‍ബിന്‍, ഡ്യൂബ എന്നീ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. സരിന്‍ വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം സിറിയയില്‍ പരിശോധന നടത്തുന്ന ഐക്യരാഷ്ട്രസഭ പ്രതിനിധി സംഘത്തിന്റെ ശ്രദ്ധ തിരിക്കാന്‍ വിമതര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ആരോപണമെന്നാണ് സിറിയന്‍ ഭരണകൂടത്തിന്റെ വാദം. അതിനിടെ വ്യാഴാഴ്ചയും ദമാസ്‌കസിലും പരിസര പ്രദേശങ്ങളിലും റോക്കറ്റ് ആക്രമണങ്ങള്‍ നടന്നു. വിമതര്‍ക്കെതിരെ രാസായുധ പ്രയോഗം നടത്തിയ അസദ് സര്‍ക്കാരിനെതിരെ നടപടി എടുക്കണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വിടാന്‍ ന്യൂസ് ഏജന്‍സികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.