ആര്യാടനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

Friday 12 August 2011 5:53 pm IST

തൃശൂര്‍; അനധികൃതസ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി മുന്‍ മന്ത്രിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം. ഇവരുടെ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിലാണു നടപടി. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സെക്രട്ടറി അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. പരാതിയുടെ പശ്ചാത്തലത്തില്‍ അബ്ദുല്‍ അസീസിനോട്‌ ഈ മാസം 17ന്‌ തെളിവെടുപ്പിന്‌ ഹാജരാകാന്‍ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിക്ക് ഇദ്ദേഹം നേരിട്ടു പരാതി നല്‍കുകയായിരുന്നു. ഈ നാലു പേരുടെയും പേരില്‍ ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ കോടിക്കണക്കിനു രൂപ നിക്ഷേപമുള്ള വ്യവസായ പദ്ധതികള്‍ നടത്തുന്നതായി പരാതിയില്‍ പറയുന്നു. വിദേശ പണ കൈമാറ്റ കരാര്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ഈ മേഖലയിലേക്കു പണം കടത്തുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഭാര്യയുടേയും ബിനാമി പേരുകളിലുമായി കോടികളുടെ സ്വത്ത്‌ സമ്പാദിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ നടത്തിയ അഴിമതിയിലൂടെ സമ്പാദിച്ച 400 കോടി രൂപ വിദേശത്ത്‌ പ്രവര്‍ത്തിക്കുന്ന സീഷോര്‍ റോളിംഗ്‌ കമ്പനി എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്‌ എം.ഡിയായ സ്ഥാപനമാണിതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്‌. കുഞ്ഞാലിക്കുട്ടിയുടെയും കുടുംബത്തിന്റെയും ആസ്തി സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും അസീസ്‌ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.