സാമൂഹ്യപാഠം നാടകത്തിലൂടെ ഡോക്യുമെന്ററിയിലേക്ക്‌

Friday 23 August 2013 11:28 pm IST

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള നാടക ശ്രമങ്ങളായിരുന്നു അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌, മറക്കുടയ്ക്കുള്ളിലെ മഹാനരകം, കുറിയേടത്ത്‌ താത്രി തുടങ്ങിയവ. മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ നിന്നും തൊഴില്‍ കേന്ദ്രങ്ങളിലേക്കെത്താന്‍ അന്തര്‍ജ്ജനങ്ങളും സ്ത്രീസമൂഹവും നടത്തിയ മുന്നേറ്റത്തിന്റെ ചരിത്രമാണ്‌ 1948ല്‍ അരങ്ങിലെത്തിയ 'തൊഴില്‍ കേന്ദ്രത്തിലേക്ക്‌' എന്ന നാടകം. രചനയും നിര്‍മ്മാണവും അഭിനയവും തൊട്ട്‌ നാടകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളെല്ലാം സ്ത്രീകള്‍ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാല്‍വയ്പ്പായിരുന്നു അത്‌. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്ത്രീ നാടകം. ആ നാടകത്തിന്റെ പിന്നാമ്പുറങ്ങളെയും നാടകത്തെതന്നെയും ക്യാമറകണ്ണിലൂടെ നോക്കി കാണുകയും ദൃശ്യവത്ക്കരിക്കുകയും ചെയ്തിരിക്കുകയാണ്‌ ചലച്ചിത്ര സംവിധായകന്‍ എം.ജി ശശി.
തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകവും അതിന്റെ പശ്ചാത്തലവും ഇന്നത്തെ തലമുറയ്ക്ക്‌ എത്ര പരിചിതമാണെന്നറിയില്ല. അതുകൊണ്ടുതന്നെയാണ്‌ ആണ്ടുകള്‍ പഴക്കമുള്ള ഈ പെണ്‍നാടകം ഡോക്യുമെന്ററി രൂപത്തില്‍ ജനങ്ങള്‍ക്ക്‌ മുന്നിലെത്തിക്കാന്‍ പ്രേരണയായത്‌. ഈ നൂറ്റാണ്ടില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീ പീഡനം ചര്‍ച്ചാ വിഷയമായിരിക്കെ സാമൂഹിക പ്രവര്‍ത്തകനും, സംവിധായകനുമായ എം.ജി ശശി ഡോക്യുമെന്ററിയിലൂടെ നാടകാവതരണം എന്ന ആശയം മുന്നോട്ടുവെക്കുകയാണ്‌.
അരിസ്റ്റോഫെനിസ്‌, ഹെന്‍ട്രിക്‌ ഇബ്സന്‍ എന്നിവരുടെ നാടകങ്ങളെയും കുറിയേടത്ത്‌ താത്രിയുടെസ്മാര്‍ത്ത വിചാരത്തെയും ഉള്‍പ്പെടുത്തിയാണ്‌ ഡോക്യുമെന്ററി തയാറാക്കിയിട്ടുള്ളത്‌. 1948ല്‍ കേരളത്തില്‍ രൂപം കൊണ്ട ആദ്യ സ്ത്രീ നാടക ഗ്രൂപ്പിലെ ഇന്ന്‌ ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ ഡോക്യുമെന്ററിയിലൂടെ പങ്കുവെക്കുന്നുണ്ട്‌. ഒപ്പം നാടകത്തെ വ്യത്യസ്തമായ രീതിയില്‍ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കര്‍ണാടകയിലെ ഉള്‍ഗ്രാമത്തിലേക്ക്‌ വിവാഹമെന്ന പേരില്‍ വില്‍ക്കാന്‍ വിധിക്കപ്പെട്ട ദേവസേന എന്ന പെണ്‍കുട്ടി വീട്‌ ഉപേക്ഷിച്ച്‌ തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എത്തുന്നതാണ്‌ ഇതിവൃത്തം. പാഞ്ചജന്യം ഫിലിം സൊസൈറ്റി നിര്‍മിച്ച ചിത്രത്തില്‍ സംവിധായകന്റെ ഭാര്യയടക്കമുള്ള പ്രമുഖ സ്ത്രീപക്ഷ വാദികളാണ്‌ അഭിനേതാക്കള്‍.
തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം ഡോക്യുമെന്ററിയായി ചിത്രീകരിക്കണമെന്നത്‌ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. സിനിമയിലേക്ക്‌ എങ്ങനെ നാടകത്തെ കൊണ്ടുവരാം എന്ന ചിന്തയില്‍ നിന്നാണ്‌ ഡോക്യുമെന്ററി എടുക്കാന്‍ തീരുമാനിച്ചത്‌. നാടകം നാടകമായും, സിനിമ സിനിമയായും എടുക്കണമെന്ന വെല്ലുവിളിയുടെ ഭാഗമായിരുന്നു ഡോക്യുമെന്ററിയെന്ന്‌ എം.ജി ശശി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഡോക്യുമെന്ററി 105-ാ‍ം തവണയാണ്‌ കൊച്ചിയില്‍ അവതരിപ്പിക്കുന്നത്‌. പുതിയ കാലത്തേക്കുറിച്ച എങ്ങനെ ചിന്തിക്കണം, എങ്ങനെ നോക്കിക്കാണണം എന്ന്‌ ചിത്രീകരിക്കുകയാണ്‌ ഈ ഡോക്യുമെന്ററിയിലൂടെ ചെയ്തിരിക്കുന്നത്‌.
1948ല്‍ നാടകത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കുള്ള ആദരവുകൂടിയാണ്‌ നാടകമെന്നും ശശി പറഞ്ഞു. 12 സ്ത്രീകളാണ്‌ ഡോക്യുമെന്ററിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രൊഫഷണല്‍ നാടക കലാകാരികളല്ല ഇവരില്‍ ആരും തന്നെ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തിരക്കഥ തയ്യാറാക്കലും സംവിധാനവും വെല്ലുവിളി തന്നെയായിരുന്നു എന്നാണ്‌ ശശി പറയുന്നത്‌.
ക്രിസ്തുവിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ പുരുഷന്‌ കിടപ്പറയില്‍അയിത്തം കല്‍പ്പിച്ച്‌ അരിസ്റ്റോഫെനിസ്‌ എഴുതിയ നാടകത്തിലെ സംഭാഷണ രംഗം ആധുനിക രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ ഡോക്യുമെന്ററി തുടങ്ങുന്നത്‌. പിന്നീട്‌ യൂറോപ്പിന്റെ സ്ത്രീ നവോത്ഥാന മുന്നേറ്റങ്ങളില്‍ പ്രചോദനമായ ഹെന്‍ട്രിക്‌ ഇബ്സന്റെ 'എ ഡോള്‍സ്‌ ഹൗസിലെ' നായിക നായകന്റെ അധീശത്വത്തെ തിരസ്കരിക്കുന്ന ഒരു രംഗം. കേരളത്തിന്റെ കപടസദാചാര മുഖത്തെയും പുരുഷാധിപത്യത്തെയും വെല്ലുവിളിച്ച കുറിയേടത്ത്‌ താത്രിയുടെ അനുഭവത്തില്‍ നിന്നൊരേട്‌. സ്മാര്‍ത്തവിചാരം ചെയ്യപ്പെടുന്ന താത്രിയുടെ ശൗര്യത്തിനുശേഷം തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം അതിന്റെ ചരിത്ര പശ്ചാത്തലവും ഇത്തരത്തിലാണ്‌ ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത്‌.
1944ല്‍ ആരംഭിച്ച സ്ത്രീകളുടെ ആദ്യകമ്മ്യൂണെന്ന്‌ പറയാവുന്ന തൊഴില്‍കേന്ദ്രത്തിലേക്ക്‌ നിരവധി അന്തര്‍ജ്ജനങ്ങളാണ്‌ വീടുവിട്ടിറങ്ങി എത്തിച്ചേര്‍ന്നത്‌. കര്‍ണാടകയിലെ ഏതോ ഉള്‍നാടന്‍ഗ്രാമത്തിലേക്ക്‌ കാശിനുവേണ്ടി വിവാഹമെന്ന പേരില്‍ വില്‍ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കാവുങ്കര ഭാര്‍ഗ്ഗവി എന്ന സ്ത്രീ വീടുവിട്ടിറങ്ങുകയും തൊഴില്‍ കേന്ദ്രം അവര്‍ക്ക്‌ അഭയം നല്‍കുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ്‌ നാടകം നിര്‍മ്മിച്ചത്‌. ദേവസേന എന്ന കഥാപാത്രമാണ്‌ നാടകത്തില്‍ ഭാര്‍ഗവിക്കുപകരം. ഡോക്യുമെന്ററിയില്‍ നാടക കഥാപാത്രങ്ങള്‍ പഴയ നാടക ഗ്രൂപ്പിലെ അംഗങ്ങളുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും അവരുടെ ചരിത്രം വിവരിക്കുകയും ചെയ്യുന്നുണ്ട്‌.
പാഞ്ചജന്യം ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ചിത്രത്തില്‍ സംവിധായകന്‍ എം ജി ശശിയുടെ ഭാര്യയും ബന്ധുക്കളുമുള്‍പ്പെടെ നിരവധി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്‌.
ശ്യാമ ഉഷ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.