കാലടി: അദ്വൈതാചാര്യനായ ആദിശങ്കരന്റെ ജന്മഭൂമിയായ കാലടിക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സാമൂഹിക പരിഷ്കര്‍ത്താവും പ്രായോഗിക വേദാന്തിയുമായിരുന്ന ആഗമാനന്ദസ്വാമികളുടെ 118-ാം ജയന്തി ആഘോഷം സ്വാമിജിയുടെ കര്‍മ്മഭൂമിയായ കാലടിയില്‍ ഇന്ന് നടക്കും.
ആഗമാനന്ദസ്വാമികളുടെ ആഗമനം കാലടിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്കി. 1936ല്‍ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ സ്ഥാപനത്തിനുശേഷം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിന് സ്വാമിജി നേതൃത്വം നല്കി. കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രഹ്മാനന്ദോദയം സ്കൂളുകള്‍, ശ്രീശങ്കരാ കേളേജ് എന്നിവ സ്ഥാപിച്ച് ഗ്രാമീണ മേഖലയിലുള്ള നിരവധി പേര്‍ക്ക്, പ്രത്യേകിച്ച് അധഃസ്ഥിതര്‍ക്കും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സ്വാമിജി വഴിയൊരുക്കി. വിദ്യാഭ്യാസം സാമൂഹിക പരിഷ്ക്കാരത്തിനുള്ള മാധ്യമമായാണ് സ്വാമിജി വിഭാവനം ചെയ്തത്. ‘വിദ്യകൊണ്ട് സ്വതന്ത്രരാകുക സംഘടനകൊണ്ട് ശക്തരാകുക’ എന്ന ശ്രീനാരായണഗുരു സ്വാമികളുടെ ഉദ്ബോധനം സ്വാമിജിയെ ഏറെ ആകര്‍ഷിച്ചിരുന്നു.
1896 ആഗസ്റ്റ് 27നാണ് ആഗമാനന്ദസ്വാമികളുടെ ജനനം. പൂര്‍വ്വാശ്രമനാമം കൃഷ്ണന് നമ്പ്യാതിരി എന്നായിരുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്ത് പന്മനയില് പുതുമനമഠത്തില്‍ നാരായണര് പരമേശ്വരരുടെയും ചവറ വടശ്ശേരി മഠത്തില്‍ ലക്ഷ്മി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. 1928ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്റെ ശിഷ്യനും കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ കുലപതിയുമായ നിര്‍മ്മലാനന്ദ സ്വാമിയില്‍നിന്ന് കൃഷ്ണന് നമ്പ്യാതിരി സന്യാസം സ്വീകരിച്ച് ആഗമാനന്ദസ്വാമികളായി.
ശ്രീശങ്കരജയന്തിക്ക് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തെ കലകളുടെ സംഗമവേദിയാക്കുവാന് സ്വാമിജിക്ക് കഴിഞ്ഞിരുന്നു. കളരിപ്പയറ്റ് ഉള്‍പ്പെടെയുള്ള ആയോധനകലകള്‍, ഓട്ടന്തുള്ളല്, കഥകളി, ചാക്യാര്‍ക്കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കര്‍ണാടകസംഗീതം, കഥാപ്രസംഗം തുടങ്ങി ഒട്ടനവധി കലകള്‍ സാധാരണക്കാര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും സ്വാമിജി അവസരമൊരുക്കിയിരുന്നു.
സ്വതന്ത്ര ചിന്താഗതി വളര്‍ത്തുവാന്‍ സ്വാമിജി എക്കാലത്തും പ്രേരണ നല്‍കിയിരുന്നു. എ.കെ.ജി ഡോ. എന്‍.വി.കൃഷ്ണവാര്യര്‍, പി.പരമേശ്വരന്, പി.ഗോവിന്ദപ്പിള്ള, ഇടമുറക് ഗുരുനിത്യചൈതന്യയതി, മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രകാശാനന്ദസ്വാമി, പ്രൊഫ. എസ്.ഗുപ്തന് നായര്‍ തുടങ്ങിയ നിരവധി വ്യക്തികള്‍ സ്വാമിജിയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാലടി ലക്ഷ്മിഭവന്‍ ഹാളില്‍ നടക്കുന്ന ആഗമാനന്ദജയന്തി ആഘോഷത്തില്‍ ആഗമാനന്ദസ്വാമി അനുസ്മരണവും, വിവിധ എന്‍ഡോവ്മെന്റ് സമര്‍പ്പണവും നടക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി.ദിലീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: