കൊച്ചി: കരള്‍ രോഗ ചികിത്സാ വിദഗ്ദ്ധനും കാമിലാരി കരള്‍ സംരക്ഷണ ഔഷധത്തിന്റെ സ്രഷ്ടാവുമായ എന്‍.കെ. പത്മനാഭന് വൈദ്യര്(76) അന്തരിച്ചു. ഹൃദയസ്തംഭനത്തെതുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നു മുതല്‍ ആറു വരെ കടവന്ത്ര ന്യൂപാല്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മുളന്തുരുത്തിക്ക് സമീപം പെരുമ്പള്ളിയിലെ വസതിയില്‍ സംസ്കരിക്കും.
അഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചേര്‍ത്തലയിലെ പുരാത വൈദ്യകുടുംബമായ വള്ളാട്ട് തറവാട്ടില്‍ കുഞ്ചന്‍ വൈദ്യരുടെ മൂത്തമകനായി 1937 ലായിരുന്നു ജനനം. സംസ്കൃതത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എന്‍.കെ. പിള്ള വൈദ്യരുടെ കീഴില്‍ വൈദ്യ പഠനം പൂര്‍ത്തിയാക്കി. വള്ളാട്ട് കുടുംബം പാരമ്പര്യമായി കൈമാറി വരുന്ന താളിയോല ഗ്രന്ഥങ്ങളില്‍ നിന്നുള്ള അപൂര്‍വ ചികിത്സാ വിധികളും ഔഷധങ്ങളുമായിരുന്നു അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയിരുന്നത്.
1960-ല്‍ വൈദ്യര് സ്ഥാപിച്ച ന്യൂ ഉദയ ഫാര്‍മസിയാണ് പിന്നീട് പ്രശസ്തമായ ന്യൂപാല്‍ ബ്രാന്‍ഡായി മാറിയത്. കരള്‍ രോഗികള്‍ക്ക് ആശ്രയമായിരുന്ന കാമിലാരി എന്ന ടോണിക്കായിരുന്നു ലോകത്തിന് അദ്ദേഹം നല്കിയ സംഭാവന. സൗന്ദര്യ, ആരോഗ്യ പരിപാലന രംഗത്ത് ഒട്ടേറെ ഔഷധങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ഒപ്പം എന്‍.കെ.പി. വൈദ്യേഴ്സ് ലിവര്‍ സ്പെഷ്യാലിറ്റി ക്ലിനിക്കിലൂടെ കരള്‍ രോഗ ബാധിതരായ നിരവധി പേര്‍ക്ക് ആശ്വാസമേകാനും സാധിച്ചു. ദേശീയ-അന്തര്‍ ദേശീയ മെഡിക്കല്‍ കോണ്‍ഗ്രസുകളില്‍ ഒട്ടേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. 1974 ല്‍ കേരളാ സര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിച്ചു. ഓള് കേരളാ മെഡിസിന് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. കേരളാ ആയുര്‍വേദ മണ്ഡലം, ഓള് ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസ്, ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെയും ജീവന് രക്ഷാ ചാരിറ്റബിള്‍ സര്‍വീസ് സൊസൈറ്റി എന്നിവയിലും അംഗമാണ്. എന്‍എസ്എസ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗം, ശ്രീനാരായണ വിദ്യാപീഠം പബ്ലിക്ക് സ്കൂള്‍ ഡയറക്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്.
എറണാകുളം കടവന്ത്ര ചെട്ടുപറമ്പില്‍ കോമളമാണ് ഭാര്യ. കൃഷ്ണകുമാരി(അമേരിക്ക), കൃഷ്ണകുമാര്‍ (ന്യൂപാല്‍ ആയുര്‍വേദ മാനേജിങ്ങ് ഡയറക്റ്റര്‍), ഡോ.സജിത്ത് റോയ്, ഉദയകുമാര്‍, (ന്യൂപാല്‍ ആയുര്‍വേദ ഡയറക്റ്റര്‍) എന്നിവര്‍ മക്കളാണ്. മരുമക്കള്‍- ആര്.പി. ബാലചന്ദ്രപ്പണിക്കര്‍(യുഎസ്), ശ്രീകല, ഡോ. അംബിക, റോഷിനി. കളമശേരി മുന്‍ നഗരസഭാ ചെയര്മാന് കെ. പവിത്രന് ഏക സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: