രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Monday 26 August 2013 12:42 pm IST

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ നൂറ് പൈസ കുറഞ്ഞ് 64.20 എന്ന നിലയിലാണ് രൂപയുടെ മൂല്യം. എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് യുഎസ് ഡോളറിന് ഡിമാന്റ് ഉണ്ടായതാണ് രൂപയ്ക്ക വീണ്ടും തിരിച്ചടിയായത്. ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതും രൂപയുടെ വില ഇടിയാന്‍ കാരണമായി. കഴിഞ്ഞ ആഴ്ച്ച 63.65 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികള്‍ വിഫലമാകുന്നതിന്റെ സൂചനകളാണ് വിപണിയില്‍ കാണുന്നത് ഡോളറിന്റെ നിക്ഷപം വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ബോണ്ടുകളും കോര്‍പ്പറേറ്റ് ബോണ്ടുകളും വിറ്റൊഴിയാനുള്ള പ്രവണതയാണ് വിദേശ നിക്ഷേപകര്‍ പ്രകടിപ്പിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് നിക്ഷപത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന സൂചനയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേ സമയം രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. വിദേശനാണ്യ കരുതല്‍ അനുപാതത്തിന്റെ കാര്യത്തില്‍ ആശങ്കവേണ്ട, ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവശ്യമായ കരുതല്‍ ശേഖരം നമുക്കുണ്ട്,ചിദംബരം അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവുമായി ചിദംബരം ചര്‍ച്ച നടത്തി. വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടുവെങ്കിലും ആഭ്യന്തര വിപണിയില്‍ ഇന്നലെ നേരിയ ഉണര്‍വ്വ് കാണപ്പെട്ടു. വിപണിയിലെ ഇടപെടലുകള്‍ കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.