പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടി

Monday 26 August 2013 2:20 pm IST

തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ നിരക്ക് കൂട്ടി കരാറുകാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എട്ട് മുതല്‍ പത്ത് ശതമാനം വരെയാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നടപ്പാക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. ജീവിതനിലവാര സൂചികയിലെ വര്‍ധനവ് അനുസരിച്ച് നിരക്ക് കൂട്ടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് കരാറുകാര്‍ പറയുന്നത്. നാല്‍പ്പത് ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നും ഇവര്‍ പറയുന്നു. പുതിയ നിരക്ക് പ്രകാരം കാര്‍, ജീപ്പ് തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് പാലിയേക്കര ടോള്‍ പ്ലാസ വഴി ഒരു വശത്തേയ്ക്ക് യാത്ര ചെയ്യാന്‍ 65 രൂപ നല്‍കണം. ഇരുവശത്തേയ്ക്കും 95 രൂപയാകും. നിലവിലിത് യഥാക്രമം 60ഉം 90ഉം ആണ്. മിനി ലോറി മുതലായ വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് മാത്രം കടന്നു പോകാന്‍ 110ഉം ഇരുവശത്തേയ്ക്കും 165ഉം രൂപ നല്‍കണം. പത്ത് രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ബസ്, മറ്റ് ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരു വശത്തേയ്ക്ക് 220ഉം ഇരുവശങ്ങളിലേക്ക് 330 രൂപയുമാകും. ഇതില്‍ പത്ത് രൂപ മുതല്‍ പതിനഞ്ച് രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 355ഉം ഇരുവശത്തേയ്ക്കു കൂടി 550 രൂപയും നല്‍കണം. ഇതില്‍ ഇരുപത്തിയഞ്ച് രൂപ മുതല്‍ മുപ്പത് രൂപവരെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.