അറബിക്കല്യാണം: പത്ത്‌ പേര്‍ക്കെതിരെ കേസെടുത്തു

Monday 26 August 2013 9:55 pm IST

മലപ്പുറം: കൂട്ടിലങ്ങാടി സ്വദേശിനിയായ പതിനേഴ്‌ വയസുകാരിയെ അറബിയെ കൊണ്ട്‌ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ മലപ്പുറം പോലീസ്‌ കേസെടുത്തു.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുഎഇ സ്വദേശി ജാസിം മുഹമ്മദ്‌ അബ്ദുല്‍ കരീം, ഇയാളുടെ ബന്ധുക്കള്‍, കോഴിക്കോട്‌ മുഖദാറിലെ സിയസ്കോ യത്തീംഖാന സെക്രട്ടറി മുഹമ്മദ്‌ കോയ, കോ- ഓര്‍ഡിനേറ്റര്‍ യഹിയ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. പെണ്‍കുട്ടിയുടെ മൊഴിയും പോലീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.
സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചെയില്‍ഡ്‌ ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ ഷീബ മുംതാസിനോട്‌ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ഷെരീഫ്‌ ഉള്ളത്ത്‌ നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്‌ യത്തീംഖാനയ്ക്ക്‌ വന്‍ തുക ലഭിച്ചതിനെ തുടര്‍ന്നെന്നാണ്‌ വിവരം. അറബി പൗരനെ വിവാഹം കഴിച്ചില്ലെങ്കില്‍ യത്തീംഖാനയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയും പെണ്‍കുട്ടിക്ക്‌ ഉണ്ടായിരുന്നു.
ഇതിന്‌ പുറമെ പെണ്‍കുട്ടിയുടെ ഉമ്മയെ ഭീഷണിപ്പെടുത്തി യത്തീംഖാന അധികൃതര്‍ ഒപ്പിടുവിപ്പിച്ചതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്‌. ഇക്കഴിഞ്ഞ ജൂണ്‍ 13നാണ്‌ ജാസിം മുഹമ്മദ്‌ അബ്ദുല്‍കരീം എന്ന അറബിയെക്കൊണ്ട്‌ വിവാഹം കഴിപ്പിച്ചത്‌. വിവാഹശേഷം ഇംഗ്ലീഷോ അറബിയോ സംസാരിക്കാന്‍ കഴിയാത്ത തന്നെയും കൊണ്ട്‌ ഇയാള്‍ കടവ്‌ റിസോര്‍ട്ട്‌, കുമരകം, അറബി പൗരന്റെ ഉമ്മ മലയാളിയായ സുലേഖ എന്നിവരുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചതായി പരാതിയില്‍ ഉണ്ട്‌.
കഴിഞ്ഞ ദിവസമാണ്‌ പെണ്‍കുട്ടി അഭിഭാഷകനായ സമദ്‌ മുഖേന ചൈയില്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റി മുമ്പാകെ തന്നെ യത്തീംഖാന അധികൃതര്‍ നിബന്ധിച്ച്‌ അറബിയെ കൊണ്ട്‌ വിവാഹം കഴിപ്പിച്ചതായി പരാതി നല്‍കിയത്‌. അതേസമയം കേസ്‌ ഒതുക്കിത്തീര്‍ക്കാനുള്ള ഗൂഢാലോചനയും നടക്കുന്നുണ്ടെന്നാണ്‌ അറിയുന്നത്‌.
ഭരണസ്വാധീനം ഉപയോഗിച്ച്‌ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌. പോലീസ്‌ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ചെയില്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റി നേരിട്ട്‌ ഇടപെടുമെന്ന്‌ ചെയര്‍മാന്‍ പറയുന്നുണ്ടെങ്കിലും ലീഗ്‌ നേതാക്കളുടെ സമ്മര്‍ദ്ദം പലഭാഗത്തു നിന്നും ഉണ്ടാകുന്നതായും ആരോപണമുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.