ലിബിയയിലെ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന്‌ നാറ്റോ

Tuesday 21 June 2011 9:19 pm IST

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ പശ്ചിമ മേഖലയിലുള്ള സൈനിക കേന്ദ്രത്തിന്‌ നേര്‍ക്ക്‌ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായെന്ന്‌ നാറ്റോ നേതൃത്വം സമ്മതിച്ചു.
നാറ്റോ നടത്തിയ ആക്രമണത്തില്‍ മൂന്ന്‌ കുട്ടികളുള്‍പ്പെടെ പതിനഞ്ച്‌ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന ലിബിയന്‍ സര്‍ക്കാരിന്റെ വാദം നാറ്റോ ആദ്യം നിരാകരിച്ചെങ്കിലും സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അധികൃതര്‍ തീരുമാനം മാറ്റുകയായിരുന്നു. ഭീരുത്വപരമായ നടപടിയെന്നാണ്‌ ലിബിയന്‍ സര്‍ക്കാര്‍ ഈ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്‌. സൈനിക കേന്ദ്രത്തിന്‌ നേര്‍ക്കാണ്‌ തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന നാറ്റോയുടെ വാദം വ്യാജമാണെന്നും, മറിച്ച്‌ മുവമ്മര്‍ ഗദ്ദാഫിയുടെ അടുത്ത അനുയായിയുടെ പുരയിടത്തിന്‌ നേര്‍ക്ക്‌ ഇവര്‍ നടത്തിയ ആക്രമണമാണ്‌ ജനവാസ മേഖലയിലും ദുരന്തം വിതച്ചതെന്നും സര്‍ക്കാര്‍ വക്താവ്‌ മൂസാ ഇബ്രാഹിം മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ ലിബിയയിലെ ജനവാസ കേന്ദ്രത്തിന്‌ നേര്‍ക്ക്‌ നടന്ന വ്യോമാക്രമണം മനഃപൂര്‍വമായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ചുള്ള ലിബിയയുടെ അഭിപ്രായപ്രകടനങ്ങള്‍ പൊള്ളയാണെന്നും ലിബിയയിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ ചാള്‍സ്‌ ബൗച്ചാര്‍ഡ്‌ അറിയിച്ചു.
ലിബിയയിലെ വിമതര്‍ക്ക്‌ നേര്‍ക്ക്‌ ഗദ്ദാഫി സേന നടത്തുന്ന ക്രൂരതകള്‍ക്ക്‌ അറുതിവരുത്താനാണ്‌ നാറ്റോ ശ്രമിക്കുന്നതെന്നും ഗദ്ദാഫി സേനയെ കനത്ത ആക്രമണങ്ങളിലൂടെ പ്രതിരോധിക്കുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിഞ്ഞദിവസം ലിബിയന്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കാട്ടിക്കൊടുത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അനുമതിയുണ്ടായിരുന്നു. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ തങ്ങള്‍ ആശുപത്രിയില്‍ കണ്ടുവെന്നും മരിച്ചവരുടെ മൃതദേഹങ്ങള്‍ കാണാനിടയായത്‌ തങ്ങളെ ഞെട്ടിച്ചുകളഞ്ഞുവെന്നുമാണ്‌ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്‌. ലിബിയയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്‌ വിലക്കുണ്ടെന്നതിനാല്‍ അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ റിപ്പോര്‍ട്ടിംഗ്‌ അനുവദിക്കാറുള്ളൂ.
ഇതോടൊപ്പം നാറ്റോ ലിബിയയില്‍ നടത്തിയ ആക്രമണം ആ സേനയുടെ വിശ്വാസ്യതയ്ക്ക്‌ മങ്ങലേല്‍പ്പിച്ചതായി ഇറ്റലി അഭിപ്രായപ്പെട്ടു. നിരപരാധികളുടെ ജീവനെടുക്കാനിടയായ നാറ്റോയുടെ അശ്രദ്ധ അതീവ ഗുരുതരമായിയെന്നാണ്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോ ഫ്രട്ടിനി അഭിപ്രായപ്പെട്ടത്‌. ഇതിനിടയില്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ തങ്ങള്‍ക്ക്‌ ശക്തമായ പോരാട്ടം തുടരാനാവുന്നില്ലെന്നും അറബ്‌ രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയന്‍ ഫണ്ടുകള്‍ തങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്നും ലിബിയന്‍ വിമതരുടെ സംഘടനയായ ട്രാന്‍സിഫണല്‍ നാഷണല്‍ കൗണ്‍സില്‍ (ടിഎന്‍സി) അന്താരാഷ്ട്ര സമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു. ഇതിനിടയില്‍ ലിബിയന്‍ വിമത നേതാവായ മഹ്മൂദ്‌ ജിബ്രില്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന്‌ ചൈന അറിയിച്ചു. ബീജിംഗില്‍നിന്നുള്ള ചൈനീസ്‌ സേന ലിബിയയില്‍ നടത്തിയ പട്രോളിംഗിനിടെയാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. മഹ്മൂദ്‌ രണ്ടുദിവസം ചൈനയിലുണ്ടാകുമെന്നറിയിച്ച ചൈന ഇതേക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.