വഡോദരയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഒമ്പത് മരണം

Wednesday 28 August 2013 4:34 pm IST

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ബഹുനിലകെട്ടിടങ്ങള്‍ തകര്‍ന്ന് ഒമ്പത്  പേര്‍ മരിച്ചു.  40 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എട്ടുപേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. നാല് പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.30 നാണ് അപകടമുണ്ടായത്. വഡോദര അര്‍ബന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി 12 വര്‍ഷങ്ങള്‍ക്കുമുമ്പു നിര്‍മ്മിച്ച ഹൗസിംഗ് കോംപ്ലക്‌സിന്റെ ഭാഗമായ കെട്ടിടങ്ങളാണ് തകര്‍ന്നത്. 20 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടു കെട്ടിടങ്ങളാണ് തകര്‍ന്നത്.  കെട്ടിടത്തില്‍ 14 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. അപകടസമയത്ത് എത്രപേര്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാലുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആദ്യകെട്ടിടം തകര്‍ന്നയുടനെ തൊട്ടടുത്ത കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനാല്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കുറവാണെന്നു വഡോധര ജില്ലാ കളക്ടര്‍ വിനോദ് റാവു അറിയിച്ചു. എന്നാല്‍ ഏറെ പഴക്കമില്ലാത്ത കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് നഗരസഭാ അധികൃതരുടെ ഭാഷ്യം. വഡോധര നഗര വികസന അതോറിട്ടി നിറമിച്ച പാര്‍പ്പിട സമുച്ചയത്തില്‍ ഇത്തരം 54 കെട്ടിടങ്ങളാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.