എയര്‍ ഇന്ത്യ സിഎംഡിയെ പുറത്താക്കി

Friday 12 August 2011 9:44 pm IST

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അരവിന്ദ്‌ യാദവിനെ പുറത്താക്കി. പകരം വ്യോമയാന ജോയിന്റ്‌ സെക്രട്ടറി രോഹിത്‌ നന്ദനെ പുതിയ ചെയര്‍മാനായി നിയമിച്ചു.
ശമ്പള വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ നടന്ന പെയിലറ്റ്‌ സമരം ഉല്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അരവിന്ദ്‌ ജാദവ്‌ വീഴ്ച വരുത്തിയെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഇതുകൂടാതെ നാല്‍പ്പതിനായിരത്തോളം വരുന്ന എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക്‌ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശമ്പളം ലഭിച്ചിരുന്നില്ല. ഇതോടൊപ്പം മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം കമ്പനിക്ക്‌ 200 കോടിയോളം നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ്‌ നടപടിയുണ്ടായത്‌. എയര്‍ഇന്ത്യയുടെ മാനേജിംഗ്‌ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ അരവിന്ദ്‌ ജാദവ്‌ അയോഗ്യനാണെന്നും സിഎജി റിപ്പോര്‍ട്ട്‌ പ്രകാരം ഇദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ ശബ്ദമുയര്‍ത്തിയിരുന്നു.
എയര്‍ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ എന്നിവയ്ക്കായി രണ്ട്‌ ഡെപ്യൂട്ടി എംഡിമാരെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. പെട്രോ കെമിക്കല്‍ സെക്രട്ടറി കെ.ജോസ്‌ സിറിയക്‌, കൊച്ചിന്‍ എയര്‍പോര്‍ട്ട്‌ സിഇഒ കുര്യന്‍ എന്നിവരെയാണ്‌ ഈ സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌. 1983 ബാച്ചിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ എയര്‍ ഇന്ത്യ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ നിയമിതനായ രോഹിത്‌ നന്ദന്‍. 2009 ഡിസംബര്‍ മുതല്‍ വ്യോമയാന ജോയിന്റ്‌ സെക്രട്ടറിയാണ്‌. വ്യോമയാന സെക്രട്ടറി നസീം സെയ്ദി ഇദ്ദേഹത്തിന്റെ പേര്‌ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിയമനത്തിന്‌ അനുമതി നല്‍കുകയായിരുന്നു.
നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കരകയറ്റാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്രസഹമന്ത്രി വി. നാരായണസ്വാമി. എയര്‍ ഇന്ത്യയുടെ പുനരുദ്ധാരണ നടപടികള്‍ സംബന്ധിച്ച്‌ സിപിഎം, ബിജെപി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കമ്പനിയെ യാതൊരു കാരണവശാലും സ്വകാര്യവല്‍ക്കരിക്കുകയില്ലെന്നും എയര്‍ ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യയുടെ ഭാഗത്ത്‌ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ ഇന്ത്യക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ തുറന്ന മനോഭാവമാണെന്നും നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.