ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ഫയല്‍ സിബിഐക്ക്‌ കൈമാറി

Wednesday 28 August 2013 10:37 pm IST

കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന്‍ വധത്തിന്റെ ആസൂത്രണം നടന്നത്‌ കൂത്തുപറമ്പില്‍ വെച്ച്‌, കൃത്യം ഏല്‍പ്പിക്കുന്നത്‌ കൂത്തുപറമ്പിലെ ഒരു പ്രമുഖ നേതാവ്‌, രണ്ട്‌ ജീപ്പ്പും ഒരു ഓട്ടോയും കൊലപാതകത്തിനു പയോഗിച്ചു തുടങ്ങി അന്വേഷണ സംഘം കേസ്‌ അട്ടിമറിക്കാന്‍ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി ഷൗക്കത്തലി സിബിഐ സംഘത്തിന്‌ കൈമാറി.
ജനമനസ്സാക്ഷിയെ ഞെട്ടിച്ച കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം മുന്നോട്ട്‌ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും കേസ്‌ സിബിഐക്ക്‌ കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കാരണം തേടി സിബിഐ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട്‌ സിബിഐ ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്‌ സംഘം കൈമാറിയത്‌.ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ സിപിഎം നേതാക്കളെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്‌.
രണ്ട്‌ ജീപ്പ്പിലും ഓട്ടോയിലും എത്തിയ കൊലപാതക സംഘം 1999 ഡിസംബര്‍ 1 ന്‌ രാവിലെ 10.30 ഓടെ മൊകേരി ഈസ്റ്റ്‌ യുപി സ്കൂളിലെ ആറാം തരം ബിയില്‍ ക്ലാസെടുക്കുകയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം കൊടുവാള്‍, മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണനെ രാഷ്ട്രീയ വൈരാഗ്യം മൂലം ഇല്ലാതാക്കുകയായിരുന്നുവെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യം നടത്തിയതിനു ശേഷം കൊലപാതക സംഘം ബാംഗ്ലൂരില്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മാറി നില്‍ക്കുകയായിരുന്നു.
കൂത്തുപറമ്പിലെ മനോരാജ്‌ എന്ന നാരായണന്‍, പഴയനിരത്തിലെ മുട്ട ഷമീര്‍ എന്നിവരുടെ സഹായത്തോടെയാണ്‌ സംഘം ബാംഗ്ലൂരിലെത്തിയത്‌. കൊലയാളി സംഘത്തിന്റെ വാഹനം ഓടിച്ച മൂന്ന്‌ ഡ്രൈവര്‍മാരുടെയും വിശദമായ വിലാസവും ക്രൈംബ്രാഞ്ച്‌ സംഘം കൈമാറിയിട്ടുണ്ട്‌. സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ-ഏരിയാ നേതാക്കള്‍ ആസൂത്രണത്തില്‍ പങ്കാളികളാണെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്‌. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും പ്രതിചേര്‍ക്കേണ്ടി വരുമെന്നതിനാലാണ്‌ കേസന്വേഷണവുമായി മുന്നോട്ട്‌ പോകാന്‍ കഴിയില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം പറഞ്ഞതെന്നും സിബിഐക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്‌.
ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പിടിക്കപ്പെട്ട പാട്യത്തെ ടി.കെ.രജീഷിന്റെ കുറ്റസമ്മത മൊഴിയിലൂടെയാണ്‌ സുപ്രീം കോടതി വരെ എത്തിയ കെ.ടി.ജയകൃഷ്ണന്‍ വധക്കേസ്‌ വീണ്ടും സജീവമായത്‌. കിഴക്കെ കതിരൂരിലെ വേണാടന്‍ വിക്രമന്റെ നേതൃത്വത്തില്‍ താനക്കടമുള്ള പ്രതികളാണ്‌ കൊലക്ക്‌ പിന്നിലെന്നും ശിക്ഷിക്കപ്പെട്ടവരില്‍ ഒന്നാ പ്രതി മൊകേരിയിലെ അച്ചാരമ്പത്ത്‌ പ്രദീപന്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന മൊഴിയാണ്‌ ടി.കെ.രജീഷ്‌ നല്‍കിയത്‌. ഇതേത്തുടര്‍ന്ന്‌ കെ.ടി.ജയകൃഷ്ണന്റെ മാതാവ്‌ കൗസല്യ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുനരന്വേഷണം ആവശ്യപ്പെട്ട്‌ പരാതി നല്‍കി.
2012 ഡിസംബര്‍ 4 ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. കേസന്വേഷണം പുരോഗമിച്ചെങ്കിലും ക്രൈംബ്രാഞ്ച്‌ സംഘത്തിന്‌ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന്‌ സിബിഐ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച്‌ സംഘം ശുപാര്‍ശ ചെയ്യുകയായിരുന്നു. ജുലൈ 7 ന്‌ സിബിഐക്ക്‌ കേസ്‌ കൈമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന്‌ വിശദമായ റിപ്പോര്‍ട്ട്‌ കൈമാറാന്‍ സിബിഐ ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം തന്നെ സിബിഐയുടെ പ്രത്യേക അന്വേഷണ വിഭാഗം കേസ്‌ എറ്റെടുത്ത്‌ പുനരന്വേഷണം ആരംഭിക്കുമെന്നാണ്‌ സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.