ദ്വാപരയുഗസ്മൃതിയില് നാടും നഗരവും നിറഞ്ഞ ശോഭായാത്രകളില്‍ അവതാരലീലകളെ അനുസ്മരിപ്പിച്ച് പതിനായിരക്കണക്കിന് രാധാകൃഷ്ണന്മാരും മറ്റനവധി ദൃശ്യങ്ങളും അണിനിരന്നതോടെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജന്മാഷ്ടമി ഘോഷയാത്രയില്‍ മലയാളക്കര മറ്റൊരു അമ്പാടിയായി.
തലസ്ഥാന നഗരിയില്‍ പാളയം മഹാഗണപതി ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച് എംജി റോഡിലൂടെ നീങ്ങിയ മഹാശോഭായാത്ര പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു. സംഗമ ശോഭായാത്ര ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ പത്മശ്രീ ജി.മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡി.നാരായണശര്‍മ്മ ശ്രീകൃഷ്ണജയന്തി സന്ദേശം നല്കി. കുന്നത്തുകാല്‍ ശോഭായാത്ര ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ ഉദ്ഘാടനംചെയ്തു.
കൊല്ലം നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ ചെറുശോഭായാത്രകള്‍ ലക്ഷ്മിനടയില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി പുതിയകാവ് ഭഗവതിക്ഷേത്രസന്നിധിയില് സമാപിച്ചു. ജ്യോതിഷരത്നം ചീഫ് എഡിറ്റര്‍ വിമലാരാജാകൃഷ്ണന്‍ ശോഭായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പത്തനംതിട്ട ജില്ലയില്‍ 100ലധികം മഹാശോഭായാത്രകളും 500ഓളം ഉപശോഭായാത്രകളുമാണ് നടന്നത്. വിവിധ പരിപാടികളില്‍ സാമൂഹിക-സാംസ്കാരിക- ഹൈന്ദവ സംഘടനാ നേതാക്കള്‍ സംസാരിച്ചു.
കോട്ടയം ജില്ലയില്‍ 700 ലേറെ ശോഭായാത്രകള്‍ നടന്നു. കോട്ടയം നഗരത്തില്‍ നടന്ന ശോഭായാത്ര സംഗമം കോവില്‍മല രാജാവ് രാമന് രാജമന്നാന് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലയില്‍ 14 മഹാശോഭായാത്രകളും അഞ്ഞൂറോളം ചെറു ശോഭായാത്രകളുമാണ് നടന്നത്. ജില്ലാതല ഉദ്ഘാടനം ചേര്‍ത്തലയില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി നിര്‍വഹിച്ചു.
എറണാകുളം ജില്ലയില്‍ നൂറുകണക്കിന് ശോഭായാത്രകള്‍ നടന്നു. മഹാനഗരത്തിലെ ശോഭയാത്ര കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് ഗോകുലപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്, ജസ്റ്റിസ് കൃഷ്ണമൂര്‍ത്തി, എസ്. രമേശന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജോസ് ജംഗ്ഷനില്‍ സംഗമിച്ച ശോഭായാത്രകള്‍ മഹാശോഭായാത്രയായി എറണാകുളത്തപ്പന് സന്നിധിയില്‍ സമാപിച്ചു.
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭായാത്രകള്‍ നടന്നു. നഗരത്തില്‍ നടന്ന മഹാശോഭായാത്രയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു. പാറമേക്കാവ് ക്ഷേത്രപരിസരത്ത് സംഗമിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഒന്നുചേര്‍ന്ന് മഹാശോഭായാത്ര തുടങ്ങിയതോടെ തൃശൂര്‍ റൗണ്ട് ഉണ്ണിക്കണ്ണന്മാരെക്കൊണ്ട് നിറഞ്ഞു. കോഴിക്കോട്ജില്ലയില്‍ മൂവായിരത്തോളം കേന്ദ്രങ്ങളില്‍ ശോഭായാത്ര നടന്നു. കോഴിക്കോട് മഹാനഗര്‍ പ്രധാനശോഭായാത്ര തളിക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് മുതലക്കുളം അമ്പാടിയില്‍ സമാപിച്ചു. സീമാജാഗരണ്‍മഞ്ച് ദേശീയ സഹസംയോജകന് എ ഗോപാലകൃഷ്ണന് പതാക ഉയര്‍ത്തി. കോഴിക്കോട്ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി ഉദ്ഘാടനം ചെയ്തു.
പാലക്കാട് നഗരത്തില്‍ നടന്ന മഹാശോഭായാത്ര വെട്ടിക്കാട് അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി ശാന്തി ചൈതന്യ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. മലപ്പുറം ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. വയനാട് അമ്പലവയലില്‍ ശോഭായാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനംചെയ്തു. കല്പറ്റ കമ്പളക്കാട് നടന്നശോഭായാത്ര ബാലഗോകുലം മേഖലാ അധ്യക്ഷന്‍ സി. ശ്രീധരന് മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. ജില്ലയില്‍ 200 ഓളം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.
കണ്ണൂര്‍ ജില്ലയില്‍ അമ്പതോളം മഹാശോഭായാത്രകളും 300 ഓളം ഉപശോഭായാത്രകളും നടന്നു. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ശോഭായാത്രകള്‍ക്ക് നേതൃത്വം നല്കി. കാസര്‍കോട് ജില്ലയില്‍ നൂറോളം ശോഭായാത്രകള്‍ നടന്നു.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: