കെഎസ്ആര്‍ടിസി എരുമേലി-പമ്പ ബസ് സര്‍വ്വീസ് അട്ടിമറിക്കാന്‍ നീക്കം

Wednesday 28 August 2013 10:08 pm IST

എരുമേലി: കെഎസ്ആര്‍ടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍നിന്നും സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന എരുമേലി-പമ്പ ബസ് സര്‍വ്വീസ് അട്ടിമറിക്കാന്‍ വീണ്ടും ശ്രമം. മലയോര മേഖലയില്‍ക്കൂടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ് ഉടമകളെ സഹായിക്കുന്നതിനായി പമ്പാ സര്‍വ്വീസ് തുടങ്ങിയ രണ്ടാം ദിവസംതന്നെ സര്‍വ്വീസ് നിര്‍ത്തിയ സംഭവത്തോടെയാണ് പമ്പാ സര്‍വ്വീസ് ചര്‍ച്ചയാകുന്നത്. എരുമേലിയില്‍നിന്നും കറുമ്പന്‍കുഴി സര്‍വ്വീസ് പൂര്‍ത്തിയാക്കി 12.10ന് പമ്പ സര്‍വ്വീസാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചെറിയബസ്, പഴക്കം എന്നിവ ചൂണ്ടിക്കാട്ടി ഇന്നലെയും പമ്പാ സര്‍വ്വീസ് മുടങ്ങിയിരുന്നു. എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലെ പ്രതിമാസ മീറ്റിംഗില്‍ ജീവനക്കാരും നാട്ടുകാരും ഇക്കാര്യം എംഎല്‍എയോട് ചൂണ്ടിക്കാട്ടിയിരുന്നു. നല്ല വരുമാനമുള്ള സെന്ററിലെ ഒട്ടുമിക്ക ബസുകളും കാലപ്പഴക്കം ചെന്നവയാണെന്നും ജീവനക്കാര്‍ പറഞ്ഞു. നിലവിലുള്ള സര്‍വ്വീസുകള്‍ നിലനിര്‍ത്തുന്നതിനുപകരം ദീര്‍ഘദൂരം സര്‍വ്വീസുകള്‍ തുടങ്ങുമെന്ന എംഎല്‍എയുടെ വാഗ്ദാനം ശരിയായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലി-പമ്പാ സര്‍വ്വീസ് അട്ടിമറിക്കാനുള്ള നേരത്തെയുള്ള ശ്രമവും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തോടെ മാറുകയായിരുന്നു. എന്നാല്‍ ബസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി വീണ്ടും സര്‍വ്വീസ് നിര്‍ത്താനുള്ള രഹസ്യ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.