പാപ്പാന്മാരുടെ മാറ്റം; ദേവസ്വത്തിലെ ആനകള്‍ക്ക്‌ പീഡനത്തിന്‌ സാധ്യതയേറുന്നു

Friday 12 August 2011 10:55 pm IST

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക്‌ പാപ്പാന്മാരെ മാറ്റുവാന്‍ തീരുമാനം. ഇത്‌ നടന്നാല്‍ ആനകള്‍ക്ക്‌ പീഡനം അനുഭവിക്കേണ്ടിവരും. ആനകളുടെ പാപ്പാന്മാരെ മാറ്റി നിശ്ചയിക്കുന്ന കാര്യത്തില്‍ കുറച്ചുദിവസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്‌. ഗുരുവായൂര്‍ ദേവസ്വത്തിലെ പേരെടുത്ത ആനകളായ വലിയകേശവന്‍,ഇന്ദ്രസെന്‍, നന്ദന്‍, കണ്ണന്‍ എന്നീ ആനകളുടെ പാപ്പാന്മാരെ നിശ്ചയിക്കുന്നതിലാണ്‌ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്‌. ഇപ്പോഴുള്ള പാപ്പാന്മാരെ ആനകളില്‍ നിന്ന്‌ മാറ്റുമ്പോള്‍ പുതിയതായി വരുന്ന പാപ്പാന്മാര്‍ ആനകളെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നതിന്‌ കൊടിയ പീഡനം നടത്തിയിട്ടാണ്‌. ഭരണം മാറിവരുമ്പോള്‍ അഞ്ച്‌ കൊല്ലം കൂടുമ്പോള്‍ ആനകള്‍ക്ക്‌ പീഡനം തുടര്‍ക്കഥയാവുകയാണ്‌. വലിയ കേശവന്‍ എന്ന ആനയുടെ മദപ്പാട്‌ കഴിഞ്ഞിട്ട്‌ ഒരു മാസം പിന്നിട്ടിട്ടും തറിയില്‍ നിന്ന്‌ അഴിക്കാതെ നിര്‍ത്തിയിരിക്കുകയാണ്‌. നീരില്‍ നിന്ന്‌ അഴിക്കുന്നതിന്‌ മുമ്പേ ഇന്ദ്രസെന്നിന്റെ പാപ്പാനാനെ മാറ്റുവാന്‍ പോകുന്നു. 15ല്‍ പരം ആനകള്‍ പീഡനം മൂലം സ്ഥിരമായി തറിയില്‍തന്നെ നില്‍ക്കുകയാണ്‌.