പെരുമ്പിലാവ്‌ സ്വര്‍ണക്കവര്‍ച്ച; സ്വര്‍ണം വില്‍പന നടത്തിയ ഉമ്മയും മകളും അറസ്റ്റില്‍

Friday 12 August 2011 10:56 pm IST

കുന്നംകുളം: പെരുമ്പിലാവില്‍ സ്വര്‍ണം കവര്‍ന്ന്‌ വില്‍പന നടത്തിയ ഉമ്മയും മകളും അറസ്റ്റില്‍. അതുല്യ നിവാസില്‍ ഉണ്ണിയുടെ വീട്ടില്‍ കയറി വാതില്‍ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണം മകള്‍ ഉള്‍പ്പെട്ട സംഘം മോഷ്ടിച്ച്‌ ഉമ്മയും മകളും വില്‍പന നടത്തിയ കേസിലാണ്‌ അറസ്റ്റ്‌. ഡിവൈഎസ്പി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സിഐ പിസി ഹരിദാസും സംഘവും മലപ്പുറം ജില്ലയിലെ പൊന്‍മുളയിലെ വാടകവീട്ടില്‍ നിന്ന്‌ പ്രതികളെ പിടികൂടുകയായിരുന്നു. തേഞ്ഞിപ്പാലം പതിനാലാം മെയിലില്‍ പാലക്കാട്ട്‌ വീട്ടില്‍ കിഴക്കേകോട്ട മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (64) മകള്‍ സുലേഖ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ 25നാണ്‌ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന്‌ ഇവര്‍ സ്വര്‍ണം മോഷ്ടിച്ചത്‌. വീട്ടുടമസ്ഥനായ ഉണ്ണികൃഷ്ണന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തായിരുന്നു മോഷണം. കുന്നംകുളം പൊലീസിന്റെ അന്വേഷണത്തില്‍ മലപ്പുറം കോത്തേടത്ത്‌ മുസ്താഖിനെ (24) നെ ഒരാഴ്ച മുമ്പ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. മുസ്താഖില്‍ നിന്ന്‌ ലഭിച്ച വിവരമനുസരിച്ചാണ്‌ മോഷണസംഘത്തില്‍ 5 പേര്‍ ഉണ്ടായിരുന്നതായി തെളിഞ്ഞത്‌. കേസിലെ മുഖ്യപ്രതി സൈനുദ്ദീന്‍ വിദേശത്തേക്ക്‌ കടന്നതായി സൂചനയുണ്ട്‌. മറ്റ്‌ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ അമ്മയും മകളും പിടിയിലായത്‌. ആഡംബര കാറുകള്‍ വാടകയ്ക്ക്‌ എടുത്ത്‌ ഹൈവേകള്‍ കേന്ദ്രീകരിച്ച്‌ പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങി പൂട്ടിക്കിടക്കുന്ന ആഡംബരവീടുകള്‍ നോക്കിവെച്ച്‌ മോഷണം നടത്തിവരികയായിരുന്നു സംഘം. ഇങ്ങനെ ലഭിക്കുന്ന സ്വര്‍ണം അമ്മയേയും സഹോദരിയേയും ഏല്‍പ്പിക്കുകയാണ്‌ പതിവ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.