കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ഒറ്റപ്പെടുന്നു

Friday 12 August 2011 10:56 pm IST

തൃശൂര്‍ : വടക്കുന്നാഥ ക്ഷേത്രമൈതാനം പാര്‍ക്കിങ്ങിന്‌ നല്‍കുവാനുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവസ്വം ബോര്‍ഡ്‌ ഒറ്റപ്പെടുന്നു. സ്ഥലം പാര്‍ക്കിങ്ങിനായി പാട്ടത്തിന്‌ നല്‍കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ദേവസ്വം ബോര്‍ഡ്‌ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൃശൂരിലെ പ്രമുഖ ക്ഷേത്രങ്ങളായ പാറമേക്കാവ്‌-തിരുവമ്പാടി വിഭാഗങ്ങള്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചതും കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ വിട്ടുനിന്നതോടെയാണ്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ സംഭവത്തില്‍ ഒറ്റപ്പെട്ടത്‌. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പവിത്രതക്ക്‌ കളങ്കം വരുത്തുന്ന തരത്തിലുള്ള നീക്കമാണ്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. ഇപ്പോള്‍ തന്നെ പരിപാടികള്‍ക്കും മറ്റും സ്ഥലം നല്‍കി പ്രതിവര്‍ഷം ലക്ഷക്കണക്കിന്‌ രൂപ വാങ്ങുന്ന ദേവസ്വം ബോര്‍ഡ്‌ വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ വീണ്ടും കറവപ്പശുവാക്കി മാറ്റാനുള്ള നീക്കമാണ്‌ നടത്തിയത്‌. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മനോഹരമായ വടക്കുന്നാഥ ക്ഷേത്രമൈനിയെ ലിംക ബുക്സ്‌ റെക്കോഡ്സില്‍ വരെ അഭിമാനപൂര്‍വ്വമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. നഗരത്തിലെ തിരക്ക്‌ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ്‌ ബോര്‍ഡ്‌ അധികൃതരുടെ ഭാഷ്യം. ഏറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച സ്ഥലമാണ്‌ തേക്കിന്‍കാട്‌ മൈതാനം. ഇതിന്റെ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കാതെ കച്ചവടതാല്‍പര്യത്തോടെ മാത്രം മൈതാനത്തെ കാണുകയാണ്‌ ബോര്‍ഡ്‌ അധികൃതര്‍. ഇതിനു പിന്നില്‍ ചില പ്രമുഖ കച്ചവടതാല്‍പര്യക്കാരുടെ ഗൂഡലക്ഷ്യമാണ്‌ ഇതിന്‌ പിന്നിലെന്നും പറയുന്നു.
ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ. കേരളത്തിന്റെ. ജില്ലയുടെ സാംസ്കാരികതയുടെ അഭിമാനമായി തൃശൂര്‍ പൂരം പെയ്തിറങ്ങുന്നത്‌. ഇവിടെയാണ്‌. ഇത്‌ ചളിക്കുളമാക്കി എല്ലാത്തരത്തിലുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമമാണ്‌ ദേവസ്വം ബോര്‍ഡിന്റെ പുതിയ നീക്കമെന്ന്‌ ആരോപണമുണ്ട്‌. തിരുവമ്പാടി-പാറമേക്കാവ്‌ ദേവസ്വങ്ങള്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചതോടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌. കോര്‍പ്പറേഷനും ഭക്തജനങ്ങളുടേയും ഹൈന്ദവസംഘടനകളുടേയും എതിര്‍പ്പ്‌ വന്നതോടെയാണ്‌ യോഗത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.