ജീവിതം ജലരേഖപോലെ

Friday 30 August 2013 7:32 pm IST

ബ്രഹ്മാണ്ഡത്തിലെ എല്ലാ ചലനങ്ങളും ശിവത്തിലേക്കുള്ള പ്രയാണത്തിലാണെങ്കില്‍ നമ്മുടെ അവസ്ഥ എന്താണ്‌? നാം ഇപ്പോള്‍ എന്തിനെ ലക്ഷ്യമാക്കിയാണ്‌ ജീവിക്കുന്നത്‌? പ്രപഞ്ചചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണെങ്കില്‍ നാം ശിവത്തിലേക്കുള്ള യാത്രയില്‍ ആയിരിക്കണം. പക്ഷേ, നമ്മുടെ ജീവിത യാഥാര്‍ത്ഥ്യം എന്താണ്‌? മനസ്സിന്റെ നിസാരമായ ആഗ്രഹങ്ങള്‍ക്ക്‌ പുറകിലുള്ള ഓട്ടമല്ലേ ജീവിതം? അവസാനം നമുക്ക്‌ എന്തുകിട്ടുന്നു? നേടിയതും ആഗ്രഹിച്ചതും എല്ലാ ജലരേഖപോലെ ഒരു ദിവസം അപ്രത്യക്ഷമാകില്ലേ? മരണം നമ്മെ സര്‍വ്വദാ കാത്തുനില്‍ക്കുന്നു. നമ്മുടെ കണക്കുപുസ്തകത്തില്‍ പ്രപഞ്ചതാളത്തിന്‌ വിരുദ്ധമായി കുറെ പാപകര്‍മങ്ങളുടെ കണക്കും പലിശയും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടുന്നു. കര്‍മഫലങ്ങളുടെ ചാട്ടവാറടിയേറ്റ്‌ സുഖദുഃഖങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി നാം അലഞ്ഞുതിരിയുന്നു. ഈ ജീവിതം തന്നെയാണ്‌ സംസാരം. ഇന്ന്‌ നാമെല്ലാം വലിയ സംസാരികള്‍ തന്നെ. സംസാരികളുടെ ലോകമാണ്‌ മായാ ഉലകം. നിഴല്‍ രൂപങ്ങള്‍ മാത്രമേ നാം മായാ ഉലകത്തില്‍ കാണുന്നുള്ളു. നമ്മുടെ ചിന്തകളം ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നിഴല്‍ രൂപങ്ങള്‍ മാത്രം. പക്ഷേ, അവ നിഴല്‍ രൂപങ്ങളാണെന്ന്‌ നമുക്ക്‌ തിരിച്ചറിവുമില്ല. ഈ നിഴല്‍ രൂപങ്ങള്‍ കണ്ട്‌ നാം ലഹരിപിടിച്ചിരിക്കുന്നു. ഭാര്യ, മക്കള്‍, സമ്പത്ത്‌, പ്രശസ്തി, അധികാരം അങ്ങനെ ആ പട്ടിക അനന്തമായി നീളുന്നു.
- തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.