സമ്പത്ത്‌ വധം: സിബിഐയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍

Friday 12 August 2011 11:08 pm IST

പാലക്കാട്‌: സമ്പത്തിന്റെ കസ്റ്റഡിമരണത്തില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ പുറത്തുവരുന്നു. അന്നത്തെ എഡിജിപി മുഹമ്മദ്‌ യാസിന്‍, എസ്പി വിജയ്‌ സാഖറെ എന്നിവര്‍ക്ക്‌ സമ്പത്തിന്റെ മരണത്തില്‍ പങ്കില്ലെന്ന്‌ സിബിഐ കോടതി മുമ്പാകെ അറിയിച്ചിരുന്നു. എന്നാല്‍ സമ്പത്ത്‌ കൊലചെയ്യപ്പെട്ട മലമ്പുഴ റിവര്‍സൈഡ്‌ കോട്ടേജില്‍ എഡിജിപി മുഹമ്മദ്‌ യാസിന്‍, ഐജി വിജയ്‌ സാഖറെ എന്നിവര്‍ എത്തിയിരുന്നുവെന്നും സമ്പത്തിനെ മര്‍ദ്ദിക്കുന്നതിന്‌ നേതൃത്വം നല്‍കിയിരുന്നൂ എന്നതിന്റെയും തെളിവുകള്‍ ലഭിച്ചതായി ഒരു സ്വകാര്യ ചാനല്‍ വെളിപ്പെടുത്തി. സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ ഒന്നാം സാക്ഷിയായ മണികണ്ഠന്‍ നല്‍കിയ മൊഴിയില്‍ കേസുമായി ബന്ധപ്പെട്ട്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്‌.
പുത്തൂര്‍ ഷീല വധക്കേസില്‍ പ്രതികളായ സമ്പത്ത്‌ അടക്കമുള്ളവരെ മലമ്പുഴ റിവര്‍സൈഡ്‌ കോട്ടേജില്‍ കൊണ്ടുപോയിരുന്നുവെന്നും അവിടെവെച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചെന്നും മണികണ്ഠന്‍ വെളിപ്പെടുത്തിയിരുന്നു. കണ്ണില്‍ മുളക്‌ തേച്ച്‌ ഇഷ്ടിക ചാക്കില്‍ കെട്ടി അടിച്ചുവെന്നും ബൂട്ട്‌ കൊണ്ട്‌ കഴുത്തില്‍ ചവിട്ടിപ്പിടിച്ചൂവെന്നും മണികണ്ഠന്‍ പറയുന്നു. മാത്രമല്ല കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട സമ്പത്തിന്‌ മൂത്രം നല്‍കാന്‍ ഒരു പോലീസുകാരന്‍ പറഞ്ഞുവെന്നും മണികണ്ഠന്‍ വെളിപ്പെടുത്തി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലും പ്രതികളെ സ്വാധീനിക്കാനും മൊഴി മാറ്റി പറയിക്കാനും ശ്രമിച്ചുവെന്നത്‌ ജയില്‍ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുകയാണ്‌. കണ്ണൂരില്‍ പോലീസുകാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന പത്താം ബ്ലോക്കിലെ തടവുപുള്ളി 25 ലക്ഷം വാങ്ങിത്തരാമെന്ന്‌ പറയുകയും ബന്ധുക്കളോട്‌ സംസാരിക്കാന്‍ മൊബെയില്‍ ഫോണ്‍ നല്‍കുകയും ചെയ്തതായാണ്‌ മണികണ്ഠന്റെ മൊഴി. സെന്‍ട്രല്‍ ജയിലിലെ മിക്ക തടവുകാര്‍ക്കും മൊബെയില്‍ ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം ചില തടവുപുള്ളികള്‍ തന്നെ ഒരുക്കാറുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞത്‌ ജയിലില്‍ അധികൃതര്‍ അറിഞ്ഞും അറിയാതെയും നടക്കുന്ന ഗുരുതരമായ വീഴ്ചയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി വിജനമായ ഒരു സ്ഥലത്ത്‌ എത്തിച്ചുവെന്നും ഡിവൈഎസ്പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പതിനായിരം രൂപ നല്‍കിയെന്നും പണം വാങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നുമാണ്‌ മണികണ്ഠന്‍ ചാനല്‍ ഇന്റര്‍വ്യൂവില്‍ പറയുന്നത്‌.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.