നസീറിനും ഷഫാസിനും ജീവപര്യന്തം

Saturday 13 August 2011 11:16 am IST

കൊച്ചി: ഇരട്ട സ്ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ്‌ എന്നിവര്‍ക്ക്‌ എന്‍ഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയ കോടതി ഉച്ചക്ക്‌ 12.30 ഓടെയാണ്‌ രണ്ടുപേര്‍ക്കും ശിക്ഷ വിധിച്ചത്‌. എന്‍ഐഎ അന്വേഷിച്ച കേസില്‍ വിചാരണ കഴിഞ്ഞ്‌ വിധി പ്രഖ്യാപിക്കുന്ന ആദ്യത്തെ കേസാണ്‌ ഇത്‌. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ്‌. വിജയകുമാറാണ്‌ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്‌.
കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയ പ്രതികളോട്‌ ശിക്ഷയെ സംബന്ധിച്ച്‌ ചോദിച്ച കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ അഭിഭാഷകന്‍ മാറാട്‌ കേസില്‍ ജാമ്യം ലഭിക്കാത്തതില്‍ നടത്തിയ പ്രതിഷേധം മാത്രമായിരുന്നു ഈ സംഭവമെന്ന്‌ വാദിച്ചെങ്കിലും പ്രതികളുടെ ഈ പ്രവൃത്തി സമൂഹത്തോട്‌ ചെയ്ത കുറ്റമായി കണക്കാക്കണമെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചുകൊണ്ടാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.
2006 മാര്‍ച്ച്‌ മൂന്നിന്‌ കോഴിക്കോട്‌ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റിലും മൊഫ്യൂസ്‌ ബസ്സ്റ്റാന്റിലും നടന്ന സ്ഫോടനങ്ങളാണ്‌ എന്‍ഐഎ സംഘം അന്വേഷിച്ചത്‌. ഒന്നും നാലും പ്രതികള്‍ക്ക്‌ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 18, 16 (1) വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയും വീതവും ഇന്ത്യന്‍ ശിക്ഷാനിയമം 124 (എ) പ്രകാരം മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും സെക്ഷന്‍ 53 (എ) പ്രകാരം രണ്ടുവര്‍ഷം തടവും വിധിച്ചു. ഒന്നാംപ്രതി നസീറിന്‌ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും വിധിച്ചു.
കേസിലെ 37-ാ‍ം സാക്ഷി എം.ടി. ഉണ്ണി, 13-ാ‍ം സാക്ഷി കെ. അഷറഫ്‌ എന്നീ സാക്ഷികള്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്ക്പറ്റിയിട്ടുണ്ടെന്ന്‌ കോടതി കണ്ടെത്തി. ഒന്നാംപ്രതി നസീറാണ്‌ ബോംബ്‌ സ്ഥാപിച്ചതെന്നും അതിന്‌ നാലാം പ്രതി സഹായിച്ചുവെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതിയാണ്‌ ഇരട്ട സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന്‌ കോടതി പറഞ്ഞു. ഒന്നാംപ്രതിയുടെ മതഭ്രാന്തും മറ്റ്‌ മതങ്ങളോടു കാണിക്കുന്ന അസിഹിഷ്ണുതയും ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന്‌ എതിരാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രവൃത്തികള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതും അക്രമം സൃഷ്ടിക്കുന്നതുമാണ്‌. പ്രതികള്‍ക്ക്‌ ധീരദേശാഭിമാനികളുടെ ജീവചരിത്രം വായിക്കാന്‍ കൊടുക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു.
പ്രതികള്‍ക്ക്‌ ഭാര്യയും കുട്ടികളുമുണ്ടെന്ന്‌ ബോധിപ്പിക്കുകയും കണ്ണൂര്‍ ജയിലിലേക്കയക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുപോയ പ്രതികളെ പിന്നീട്‌ കണ്ണൂരിലേക്ക്‌ മാറ്റും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ കേസിലെ ഏക പ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയതിനെ ചോദ്യംചെയ്ത്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തള്ളി. കേസില്‍ എന്‍ഐഎ പ്രത്യേക കോടതി മുമ്പാകെ പ്രോസിക്യൂഷനുവേണ്ടി 98 രേഖകള്‍ പരിശോധിക്കുകയും 58 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്ന്‌ 26 രേഖകളും മൂന്ന്‌ സാക്ഷികളെയും ഹാജരാക്കി.
നിയമകാര്യ ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.