നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍: ഉപതെരഞ്ഞെടുപ്പിന്‌ ഒരുക്കങ്ങള്‍ തുടങ്ങി

Friday 12 August 2011 11:16 pm IST

കൊച്ചി: നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേക്കുളള ഉപതെരഞ്ഞെടുപ്പിന്‌ ജില്ലാ ഭരണകൂടം ഒരുക്കങ്ങളാരംഭിച്ചു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച കഴിഞ്ഞ 27 നു ഡിവിഷനില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്‌ പരീത്‌ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അധികൃതര്‍, സഹവരണാധികാരിമാര്‍, പൊലീസ്‌ അധികൃതര്‍ തുടങ്ങിയവരുമായി ഇന്നലെ കളക്ട്രേറ്റില്‍ ചര്‍ച്ച നടത്തി.
എഡിഎം, ജോയിന്റ്‌ രജിസ്ട്രാര്‍(സഹകരണം) എന്നിവരാണ്‌ സഹവരണാധികാരിമാര്‍. ഈ മാസം 17 നു തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതുമുതല്‍ 24 നു വൈകീട്ടു മൂന്നുവരെ പത്രിക സമര്‍പ്പിക്കാം. 25 നു രാവിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. 27 നു വൈകീട്ടു മൂന്നു വരെ പത്രികകള്‍ പിന്‍വലിക്കാം. തുടര്‍ന്ന്‌ സ്ഥാനാര്‍ത്ഥികള്‍ക്കു ചിഹ്നമനുവദിച്ച്‌ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും.
സെപ്തംബര്‍ 13 നാണ്‌ തെരഞ്ഞെടുപ്പ്‌. ചെങ്ങമനട്‌ ഗവ:ഹൈസ്കൂളാണ്‌ തെരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണ, തിരുച്ചെടുക്കല്‍ കേന്ദ്രം. 560 പോളിങ്ങ്‌ ഉദ്യോഗസ്ഥരെയാണ്‌ തെരഞ്ഞെടുപ്പു ജോലികള്‍ക്കു നിയോഗിക്കുക. ഏഴു ശതമാനം ഉദ്യോഗസ്ഥരെ കരുതലായും വയ്ക്കും. തെരഞ്ഞെടുപ്പു ജോലികളില്‍നിന്നു വനിതകളെ പരമാവധി ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തപാല്‍ ബാലറ്റ്‌ അയയ്ക്കുന്നതിനു ചെലവ്‌ വളരെ കൂടിയതിനാല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശ്രദ്ധവേണമെന്നു പാറക്കടവ്‌ ബ്ലോക്ക്‌ ഡവലപ്പ്മെന്റ്‌ ഓഫീസര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
പെരുമ്പാവൂര്‍, ആലുവ പോലീസ്‌ ഡിവൈഎസ്പിമാരുടെ പരിധിക്കുളളിലാണ്‌ നെടുമ്പാശ്ശേരി മണ്ഡലം. ആകെയുളള 112 പോളിങ്ങ്‌ സ്റ്റേഷനുകളില്‍ 44 എണ്ണം പെരുമ്പാവൂര്‍ പോലീസ്‌ പരിധിക്കുളളിലും 68 എണ്ണം ആലുവ പോലീസ്‌ പരിധിക്കുളളിലുമാണ്‌. ഉദ്യോഗസ്ഥരും 250 അംഗ സേനയെ തിരഞ്ഞെടുപ്പിനായി വിന്യസിക്കേണ്ടിവരുമെന്നാണ്‌ കണക്കുകൂട്ടല്‍.