വിവാദങ്ങള്‍ക്കിടെ ഇടതുമുന്നണി യോഗം ഇന്ന്‌; ഘടകകക്ഷികളുടെ വിമര്‍ശനം ചര്‍ച്ചയാകും

Saturday 31 August 2013 8:55 pm IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്‌ ഉപരോധത്തെ തുടര്‍ന്ന്‌ മുന്നണിയിലുണ്ടായ അഭിപ്രായഭിന്നതകള്‍ക്കിടെ ഇന്ന്‌ എല്‍ഡിഎഫ്‌ യോഗം. ഉപരോധസമരം അവസാനിപ്പിച്ചതിന്റെ പേരില്‍ ഘടകകക്ഷികളായ സിപിഐയും ആര്‍എസ്പിയും സിപിഎമ്മിനെതിരെ നടത്തിയ വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയായേക്കും.
സിപിഐയുടെ യോഗത്തില്‍ സമരം അവസാനിപ്പിച്ച ശൈലിക്കെതിരെയും സിപിഐ നേതാക്കള്‍ സ്വീകരിച്ച നിലപാടിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐ ഫോറത്തില്‍ ആലോചിക്കാതെയാണ്‌ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ്‌ പ്രധാനവിമര്‍ശനം. സിപിഐയുടെ നിലപാട്‌ മുന്നണിയോഗത്തില്‍ അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ പിന്‍സീറ്റിലിരുത്തി അപമാനിച്ചതടക്കം മുന്നണിയോഗത്തില്‍ ഉന്നയിക്കണമെന്നാണ്‌ സിപിഐ യോഗത്തിന്റെ അഭിപ്രായം.
മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യവുമായി രണ്ടുമാസത്തിലേറെയായി നടന്നുവരുന്ന സമരത്തിലൂടെ മുന്നണിക്ക്‌ എന്തുനേടാനായെന്നതാണ്‌ ഇന്ന്‌ ഘടകകക്ഷികള്‍, പ്രത്യേകിച്ച്‌ സിപിഐയും ആര്‍എസ്പിയും ഉന്നയിക്കുക. സിപിഎം ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്‌ ഉപരോധം പിന്‍വലിക്കാന്‍ ഇടയാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കെ യോഗത്തില്‍ സിപിഎം നേതാക്കള്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ടിവരും.
നേരത്തെ ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍ കടുത്ത ഭാഷയിലാണ്‌ സിപിഎമ്മിനെ വിമര്‍ശിച്ചത്‌. സമരം അവസാനിപ്പിച്ചത്‌ അവധാനതയോടെ ആയിരുന്നില്ലെന്നും വിശദീകരണം നല്‍കേണ്ട സ്ഥിതിയുണ്ടായത്‌ ശരിയല്ലെന്നുമാണ്‌ അദ്ദേഹം തുറന്നടിച്ചത്‌. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക്‌ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ സിപിഎം.
എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഉപരോധ സമരത്തിന്‌ ശേഷം തൃപ്തരല്ല. ഇവര്‍ക്ക്‌ പറയാനുള്ളത്‌ ഇന്ന്‌ മുന്നണിയോഗത്തെ അറിയിക്കും. ഘടകകക്ഷികളെ അനുനയിപ്പിക്കുകയായിരിക്കും സിപിഎം സ്വീകരിക്കുന്ന തന്ത്രം. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്‌ തോമസ്‌ ഐസക്‌ അടക്കമുള്ള സിപിഎം നേതാക്കള്‍ പോലും അറിയാതെയായിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും പാര്‍ട്ടി നേതൃത്വത്തോട്‌ ഇക്കാര്യത്തോട്‌ യോജിക്കുന്നില്ല. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സിറ്റിംഗ്‌ ജഡ്ജിയെ അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി തീരുമാനവും ഇന്ന്‌ എല്‍ഡിഎഫ്‌ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ്‌ നേതൃത്വം ഇനി ഓണത്തിന്‌ മുമ്പ്‌ പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ ഇടയില്ല. എന്നാല്‍ തുടര്‍ സമരങ്ങള്‍ക്ക്‌ യോഗം രൂപം നല്‍കും. നിയമസഭാസമ്മേളനം തുടര്‍ച്ചയായി തടസപ്പെടുത്താനായത്‌ ഒഴിച്ചാല്‍ സോളാര്‍ സമരങ്ങള്‍ എല്ലാം പരാജയമായിരുന്നു. സെക്രട്ടറിയേറ്റ്‌ ഉപരോധത്തെക്കാള്‍ വലിയൊരു സമരമുറ പുറത്തെടുക്കുന്നതിലൂടെ മാത്രമേ തുടര്‍ സമരങ്ങള്‍ക്ക്‌ പിന്തുണ ലഭിക്കൂ. അത്തരമൊരു സമരം നടത്താനാനുള്ള ശേഷി ഇപ്പോഴത്തെ സ്ഥിതിയില്‍ എല്‍ഡിഎഫിനുണ്ടോയെന്നത്‌ ചര്‍ച്ചയാകും.
ഘടകകക്ഷികള്‍ തുടര്‍ സമരങ്ങളോട്‌ സ്വീകരിക്കുന്ന സമീപനം എന്താകുമെന്നതും മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ന്‌ വൈകിട്ട്‌ അഞ്ചിനാണ്‌ എല്‍ഡിഎഫ്‌ യോഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.