ദല്‍ഹി മാനഭംഗക്കേസിന്റെ നടുക്കുന്ന നാള്‍വഴി

Saturday 31 August 2013 9:52 pm IST

ഡിസംബര്‍ 16, 2012: രാജ്യത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച കൂട്ടമാനഭംഗം നടന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്ന ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ആറ്‌ പേര്‍ ചേര്‍ന്നാണ്‌ അതിക്രൂരമായി മാനഭംഗപ്പെടുത്തിയത്‌. സാകേതില്‍ നിന്നും ദ്വാരകയിലേക്ക്‌ പോകുന്നതിനായി രാത്രി 9.40 നാണ്‌ ഇരുവരും ബസില്‍ കയറിയത്‌. സുഹൃത്തിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷമായിരുന്നു പീഡനം. ബസില്‍ നിന്നും വലിച്ചെറിയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ഏകദേശം 11 മണിയോടെ ദല്‍ഹി പോലീസ്‌ സഫ്ദര്‍ജങ്ങ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 17: പ്രതികളായ ബസ്‌ ഡ്രൈവര്‍ രാം സിംഗിനേയും മറ്റ്‌ രണ്ട്‌ പേരേയും തിരിച്ചറിഞ്ഞ്‌ അറസ്റ്റ്‌ ചെയ്യുന്നു. ഡിസംബര്‍ 18: സംഭവത്തില്‍ രാജ്യതലസ്ഥാനത്ത്‌ വന്‍ പ്രതിഷേധത്തിനിടയാക്കി. പോലീസും ജനങ്ങളും തമ്മില്‍ ജന്തര്‍ മന്ദിറിലും ഇന്ത്യാ ഗേറ്റിലും വച്ച്‌ ഏറ്റുമുട്ടി. നാലാമത്തെ പ്രതിയും പിടിയിലാകുന്നു.
ഡിസംബര്‍ 19: ?ട്രാന്‍സ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ബസിന്റെ ലൈസന്‍സ്‌ റദ്ദാക്കുന്നു. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അവളുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി പ്രതികരിക്കുന്നു. കുറിപ്പുകളിലൂടെ പെണ്‍കുട്ട്‌ ആശയവിനിമയം നടത്തുന്നു. കോടതിയില്‍ സുഹൃത്ത്‌ സാക്ഷിമൊഴി രേഖപ്പെടുത്തുന്നു. പ്രതി വിനയ്‌ തന്നെ തൂക്കിലേറ്റണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെടുന്നു.
ഡിസംബര്‍ 20: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി, ദല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മില്യ ഇസ്ലാമിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതി മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തുന്നു.
ഡിസംബര്‍ 21: പ്രായപൂര്‍ത്തിയാവാത്ത പ്രതി അറസ്റ്റിലാകുന്നു. കുറ്റവാളികളിലൊരാളെ തീഹാര്‍ ജയിലില്‍ വച്ച്‌ പെണ്‍കുട്ടിയുടെ സുഹൃത്ത്‌ തിരിച്ചറിയുന്നു. ദല്‍ഹി പോലീസ്‌ ഹരിയാനയിലും ബീഹാറിലും ആറാമത്തെ പ്രതിയ്ക്ക്‌ വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുന്നു. പെണ്‍കുട്ടിയുടെ മൊഴിയും ഇതേ ദിവസം രേഖപ്പെടുത്തുന്നു.
ഡിസംബര്‍ 22: പ്രതിഷേധക്കാരെ തടയുന്നതിന്‌ വേണ്ടി ഏഴ്‌ മെട്രോ സ്റ്റേഷനുകളും അടയ്ക്കുന്നതിന്‌ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു, ഡിസംബര്‍ 23: ദല്‍ഹി ഹൈക്കോടതി അതിവേഗ കോടതിയ്ക്ക്‌ രൂപം നല്‍കുന്നു. ഡിസംബര്‍ 24: ജനങ്ങളോട്‌ ശാന്തരാകുവാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അഭ്യര്‍ത്ഥിക്കുന്നു. നീതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ്‌ നല്‍കുന്നു. ഡിസംബര്‍ 26: പെണ്‍കുട്ടിയെ വിദഗ്ധ പരിചരണത്തിനായി സിംഗപ്പൂരിലേക്ക്‌ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു ഡിസംബര്‍ 27: സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലേക്ക്‌ കുട്ടിയെ വിമാനമാര്‍ഗ്ഗം മാറ്റുന്നു ഡിസംബര്‍ 29: ആശുപത്രിയില്‍ വച്ച്‌ പുലര്‍ച്ചെ 4.45 ഓടെ അവള്‍ മരണത്തിന്‌ കീഴടങ്ങുന്നു ഡിസംബര്‍ 30: മൃതദേഹം ദല്‍ഹിയില്‍ എത്തിച്ച്‌ സംസ്കരിക്കുന്നു 2013 ജനുവരി 1: ദല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക ദൗത്യ സേനയ്ക്ക്‌ രൂപം നല്‍കുന്നു. ജനുവരി 3: മാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ്‌ നശിപ്പിക്കല്‍, കൊലപാതക ശ്രമം എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസ്‌ ഫയല്‍ ചെയ്യുന്നു. ജനുവരി 7: വീഡിയോ കോണ്‍ഫറന്‍സ്‌ മുഖേനയുള്ള വിചാരണയ്ക്ക്‌ കോടതി ഉത്തരവിടുന്നു ജനുവരി 9: കേസ്‌ വാദിക്കുന്നതിന്‌ അഭിഭാഷകന്‍ വേണമെന്ന്‌ പ്രതികളായ രാം സിംഗും മുകേഷ്‌ കുമാറും അക്ഷയ്‌ താക്കൂറും ആവശ്യപ്പെടുന്നു. പ്രതികള്‍ക്ക്‌ വേണ്ടി അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ കേസ്‌ ഏറ്റെടുക്കുന്നു. ജനുവരി 10: ഡിസംബര്‍ 16 സംഭവത്തിന്‌ ഇരകളും ഉത്തരവാദികളാണെന്ന വിവാദ പ്രസ്താവന ശര്‍മ നടത്തുന്നു ജനുവരി 28: പ്രതികളില്‍ ഒരാള്‍ക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്‌ ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ പ്രഖ്യാപിക്കുന്നു ഫെബ്രുവരി 3: വര്‍മ കമ്മറ്റി റിപ്പോര്‍ട്ടിന്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ക്രിമിനല്‍ ലോ(ഭേദഗതി)ഓഡിനന്‍സ്‌. 2013 അവതരിപ്പിക്കുന്നു. മാര്‍ച്ച്‌ 19 ന്‌ ലോക്സഭയും മാര്‍ച്ച്‌ 21 ന്‌ രാജ്യസഭയിലും ഓഡിനന്‍സ്‌ പാസാക്കുന്നു ഫെബ്രുവരി 5: കേസിന്റെ വിചാരണ ആരംഭിക്കുന്നു. പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തുന്നു മാര്‍ച്ച്‌ 11: തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ പ്രതി രാം സിംഗിനെ കണ്ടെത്തുന്നു ഏപ്രില്‍ 4 : തീഹാര്‍ ജയില്‍ അധികൃതരില്‍ നിന്നും തനിക്ക്‌ ഭീഷണിയുണ്ടെന്ന്‌ പ്രതി അക്ഷയ്‌ താക്കൂര്‍ കോടതിയെ അറിയിക്കുന്നു. ഏപ്രില്‍ 5 : സഹടതവുകാരില്‍ നിന്നും മര്‍ദ്ദനമേറ്റുവെന്ന്‌ ആരോപിച്ച്‌ ഒടിഞ്ഞ വലത്തേ കൈയ്യുമായി വിനയ്‌ കോടതിയില്‍ എത്തുന്നു. ഏപ്രില്‍ 11: ഡിസംബര്‍ 16 സംഭവത്തില്‍ പ്രതികളായ വിനയ്‌ ശര്‍മയ്ക്കും പവന്‍ ഗുപ്തയ്ക്കും പങ്കില്ലെന്ന്‌ വിനയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു. സംഭവ ദിവസം ഇരുവരും ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പറയുന്നു ഏപ്രില്‍ 18: നിരവധി തവണ കോടതില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്‌ ശര്‍മയെ മാറ്റി പകരം രാജീവ്‌ ജെയിനെ അമിക്കസ്‌ ക്യൂറിയായി നിയമിക്കുന്നു. ഏപ്രില്‍ 22: നിത്യേനയുള്ള കോടതി നടപടികള്‍ക്ക്‌ പകരം ഒന്നിടവിട്ട ദിവസങ്ങളില്‍ നടപടികള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ രണ്ട്‌ പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളുന്നു മെയ്‌ 1: സംഭവത്തെ കുറിച്ച്‌ അഭിമുഖം നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ക്രോസ്‌ വിസ്താരം നടത്തുന്നതില്‍ നിന്നും പ്രതിഭാഗം വക്കീല്‍ വി.കെ ആനന്ദിനെ വിലക്കുന്നു. മെയ്‌ 14: പെണ്‍കുട്ടിയുടെ അമ്മയും അന്വേഷണ ഉദ്യേഗസ്ഥരും മൊഴി നല്‍കുന്നു മെയ്‌ 10: സുഹൃത്തിനെ പോളിഗ്രാഫ്‌ പരിശോധനയ്ക്ക്‌ വിധേയനാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതികളുടെ അഭിഭാഷകന്‍ എ.പി.സിംഗ്‌ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. മെയ്‌ 20: വിചാരണ അന്തിമ ഘട്ടതിലാണെന്നും 77 സാക്ഷികളുടെ ക്രോസ്‌ വിസ്താരം പൂര്‍ത്തിയാക്കിയതായും കോടതി പ്രഖ്യാപിക്കുന്നു ജൂണ്‍ 4: ജുവനെയില്‍ പ്രതിയുടെ പ്രായം 18 ല്‍ എത്തുന്നു ജൂലൈ 11: വിധി പ്രഖ്യാപനം ജൂലൈ 25 വരെ ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ നീട്ടുന്നു ജൂലൈ 25 : പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിധി പ്രഖ്യാപിക്കുന്നത്‌ ആഗസ്റ്റ്‌ അഞ്ചിലേക്ക്‌ നീട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.