എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ്‌ ഇന്ന്‌ (13)തുടങ്ങും

Friday 12 August 2011 11:19 pm IST

കാസര്‍കോട്‌: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ മൂലംരോഗം ബാധിച്ചുവെന്ന്‌ സംശയിക്കുന്ന രോഗികള്‍ക്കായി ആരോഗ്യ വകുപ്പ്‌ നാലു ദിവസക്കാലം വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ബദിയടുക്കയില്‍ ഇന്ന്‌ ആരംഭിക്കും. നാലു കേന്ദ്രങ്ങളില്‍ നടത്തുന്ന ഓരോ മെഡിക്കല്‍ ക്യാമ്പുകളിലും ആയിരം വീതം മൊത്തം 4,൦൦൦ രോഗികളെ പരിശോധനയ്ക്ക്‌ വിധേയമാക്കും. 14 ന്‌ ബോവിക്കാനം ബിഎആര്‍ ഹൈസ്കൂള്‍, 15 ന്‌ രാജപുരം ഹോളിഫാമിലി എച്ച്‌എസ്‌എസ്‌, 16 ന്‌ ഹൊസ്ദുര്‍ഗ്ഗ്‌ ജിഎച്ച്‌എസ്‌എസ്സിലുമാണ്‌ മറ്റു ക്യാമ്പുകള്‍ നടക്കുക. ഓരോ ക്യാമ്പുകളിലും മെഡിക്കല്‍ കോളേജുകളിലെ ൩൩ ലേറെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയും നടത്തും. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനോക്കോളജിസ്റ്റ്‌, വന്ധ്യതാ ചികില്‍സ വിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍, ഇ എന്‍ ടി, ത്വക്ക്‌ രോഗ വിദഗ്ധര്‍, മനശ്ശാസ്ത്രജ്ഞന്‍, ന്യൂറോജിസ്റ്റ്‌, ശിശുരോഗ വിദഗ്ധന്‍ എന്നിവരടങ്ങിയതാണ്‌ മെഡിക്കല്‍ സംഘം. എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരാണെന്ന്‌ സംശയിക്കുന്ന 7,൦൦൦ അപേക്ഷകള്‍ പുതുതായി ജില്ലാതല എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവരില്‍ ഏറ്റവും അവശരും, പരസഹായം ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരുമായ രോഗികളെ എ വിഭാഗം, മറ്റുളളവരെ ബി വിഭാഗം എന്നും തരംതിരിച്ചിട്ടുണ്ട്‌. അവശരായ രോഗികളെയാണ്‌ മെഡിക്കല്‍ ക്യാമ്പില്‍ ആദ്യം പരിശോധിക്കുക. എന്‍ഡോസള്‍ഫാന്‍ മൂലം ഉണ്ടാകാവുന്ന രോഗമാണ്‌ ബാധിച്ചതെന്ന്‌ മെഡിക്കല്‍ പരിശോധനയില്‍ വിദഗ്ധ സംഘം ഉറപ്പ്‌ വരുത്തിയാല്‍ രോഗികള്‍ക്ക്‌ വിദഗ്ധ ചികില്‍സയും, പെന്‍ഷനും, മറ്റു ആനുകൂല്യങ്ങളും ലഭ്യമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.