സൗമ്യ വധക്കേസ്‌ വിചാരണ അന്തിമഘട്ടത്തിലേക്ക്‌

Friday 12 August 2011 11:28 pm IST

തൃശൂര്‍ : പഴുതുകള്‍ അടച്ച്‌ പ്രോസിക്യൂഷന്‍. സൗമ്യ വധക്കേസ്‌ വിചാരണ അവസാനഘട്ടത്തിലേക്ക്‌. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കെതിരെയുള്ള വിചാരണ തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍ അവസാന ഘട്ടത്തിലേക്ക്‌ നീങ്ങുന്നു. 154 സാക്ഷികളാണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അപ്രധാനമായ സാക്ഷികളെ ഒഴിവാക്കി വിചാരണ അവസാനിപ്പിക്കാനാണ്‌ പ്രോസിക്യൂഷന്‍ തയ്യാറെടുക്കുന്നത്‌.ഇതിനോടകം 75ഓളം പേരെ വിസ്തരിച്ച്‌ കഴിഞ്ഞു. ഇതില്‍ ഒരാള്‍ പോലും പ്രതിക്ക്‌ അനുകൂലമായ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
പ്രതിഭാഗം അഭിഭാഷകന്‍ സാക്ഷികളെ അനാവശ്യമായി വിസ്തരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ്‌ വിചാരണ ഇത്രയും നീളാന്‍ ഇടയാക്കിയത്‌. ഇപ്പോള്‍ മൂന്ന്‌ മാസത്തോടടുക്കുന്ന വിചാരണ ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കോടതി പ്രത്യേക താല്‍പര്യമെടുത്താണ്‌ കേസ്‌ വിചാരണ നടത്തുന്നത്‌. അപ്രധാനമായ കേസുകള്‍ മാറ്റിവെച്ചാണ്‌ കോടതി സൗമ്യ കേസ്‌ പരിഗണിക്കുന്നത്‌. പ്രതിഭാഗം വക്കീലായ ബി.എ.ആളൂര്‍ പലപ്പോഴും കോടതിയില്‍ എത്താറില്ല. 18-ാ‍ം തീയതിയാണ്‌ ഇയാള്‍ ബോംബെയില്‍ നിന്നെത്തുന്നത്‌. അതിന്‌ ശേഷം മാത്രമാണ്‌ ചിലരെ വിസ്തരിക്കാന്‍ സാധിക്കുക.
പലപ്പോഴും പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോടതിയിലെത്തുന്ന സാക്ഷികളെയും മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചതും കോടതിയെ ചൊടിപ്പിച്ചിരുന്നു. ഒരവസരത്തില്‍ സാക്ഷി പറയാനെത്തിയ ഒരാള്‍ പ്രതിഭാഗം വക്കീലിനെതിരെ പൊട്ടിത്തെറിച്ച സംഭവവും അരങ്ങേറി. ഇപ്പോള്‍ പ്രതിഭാഗം വക്കീലിന്റെ ജൂനിയര്‍ അഭിഭാഷകരാണ്‌ സാക്ഷികളെ വിസ്തരിക്കുന്നത്‌. പ്രോസിക്യൂഷനാകട്ടെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുവാനുള്ള ശ്രമത്തിലാണ്‌. അതുകൊണ്ടുതന്നെ എല്ലാതരത്തിലുള്ള പഴുതുകളും അടച്ചുള്ള തെളിവുകളാണ്‌ ഹാജരാക്കിയിട്ടുള്ളതും.
ഈ കേസിലൂടെ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ റെയില്‍വേയുടെ കൈകഴുകല്‍ അവസാനിപ്പിക്കുക കൂടി ലക്ഷ്യമിട്ടുകൊണ്ട്‌ കോടതിയിലൂടെ ഇതിനൊരു പരിഹാരം കാണുന്നതിനും പ്രോസിക്യൂഷന്‌ വേണ്ടി വാദിക്കുന്ന അഡ്വ. കെ.സുരേശന്‍ ശ്രമിക്കുന്നുണ്ട്‌. റെയില്‍വേയുടെ ഭാഗത്തുനിന്നും യാത്രക്കാര്‍ക്ക്‌ യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നില്ല. പല റെയില്‍വെ പ്ലാറ്റ്‌ ഫോമിന്റെ ഭാഗങ്ങളില്‍ വൈദ്യുതി വിളക്കുപോലും ഇല്ലാത്ത അവസ്ഥയാണ്‌. ഇതാണ്‌ പ്രതിക്ക്‌ കൃത്യം നടത്താന്‍ സാഹചര്യമൊരുക്കിയതെന്നും പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ചെറുതുരുത്തിക്കടുത്ത്‌ എറണാകുളത്തുനിന്നും വീട്ടിലേക്ക്‌ വരുന്നതിനിടെ സൗമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമിയെന്ന ക്രിമിനല്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട്‌ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.