കോടതി കയറിയ വേമ്പനാട്‌ കായല്‍ കയ്യേറ്റം

Sunday 1 September 2013 7:40 pm IST

പെരുമ്പളം പഞ്ചായത്തിലെ നെടിയ തുരുത്തില്‍ നടന്ന വേമ്പനാട്‌ കായല്‍ കയ്യേറ്റവും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും റിസോര്‍ട്ടുകളും പാര്‍പ്പിട സമുച്ചയങ്ങളും വെറ്റില തുരുത്തില്‍ കായല്‍ കയ്യേറി നിര്‍മിച്ച നിര്‍മിതികളും പൊളിച്ചു മാറ്റുവാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്‌. ആലപ്പുഴ ജില്ലയിലെ വേമ്പനാട്‌ കായല്‍ കയ്യേറ്റങ്ങള്‍ക്കെതിരെയാണ്‌ ഹൈക്കോടതി വിധി. ഈ പ്രദേശങ്ങളിലെ കോടികളുടെ അനധികൃത നിക്ഷേപങ്ങളാണ്‌ കോടതി തടഞ്ഞിരിക്കുന്നത്‌. ആഗോള താപനം മൂലമുണ്ടായേക്കാവുന്ന സമുദ്ര നിരപ്പിലെ ഉയര്‍ച്ച ശാസ്ത്രീയമായി അവലോകനം ചെയ്യാതെ നടത്തിയ വേമ്പനാട്‌ കായലിലെ വികസന പ്രവര്‍ത്തനങ്ങളാണ്‌ കോടതി ഇടപെടല്‍ മൂലം ത2ടയപ്പെട്ടിരിക്കുന്നത്‌. നെടിയ തുരുത്തിലും വെറ്റില തുരുത്തിലും നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ്‌ അരങ്ങേറിയത്‌. റാംസാര്‍ കരാര്‍ ലംഘനം കൂടാതെ ഭൂവിനിയോഗ നിയമം, തീരദേശ പരിപാലന നിയമം, തണ്ണീര്‍ത്തട പാടശേഖര സംരക്ഷണ നിയമം, വേമ്പനാട്‌ കായല്‍ സംരക്ഷണ നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണ്‌ നെടിയ തുരുത്തിലും വെറ്റില തുരുത്തിലും നടന്നത്‌. റിസോര്‍ട്ട്‌ ഉടമകള്‍ കായല്‍ തട്ടിയെടുത്ത്‌ അനധികൃതമായി നിര്‍മിതികള്‍ ഉണ്ടാക്കുകയും വ്യാജരേഖകള്‍ സൃഷ്ടിക്കുകയും പൊക്കാളി പാടശേഖരങ്ങള്‍ നികത്തിയെടുക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതോടെ നിലവിലെ ഒട്ടേറെ നിയമങ്ങളാണ്‌ നോക്കുകുത്തികളായത്‌. സമ്പന്നന്റെ വാലാട്ടികളായി ഒരു പഞ്ചായത്തിലെ അംഗങ്ങളെല്ലാം മാറിയതായി ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
നെടിയ തുരുത്തില്‍ മാത്രം 64 വില്ലകളും ഹോട്ടലും നീന്തല്‍ കുളങ്ങളും സുഖ ചികിത്സാ സൗകര്യങ്ങളും മറ്റും നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നിരുന്നു. ഇതിനായി ചെമ്മീന്‍ കെട്ടുകള്‍, കണ്ടല്‍ കാടുകള്‍, കോള്‍ നിലങ്ങള്‍ എന്നിവയെല്ലാം നികത്തി അനധികൃതമായി രൂപാന്തരപ്പെടുത്തി. തീരദേശ സംരക്ഷണ നിയമത്തിലെ സോണ്‍ ഒന്നിലെ സ്ഥലങ്ങള്‍ സോണ്‍ 3, 4 എന്നിങ്ങനെയാക്കിത്തീര്‍ക്കുകയും തീരദേശ സംരക്ഷണ നിയമത്തില്‍ വീടുകള്‍ക്ക്‌ മാത്രമുള്ള 50 മീറ്റര്‍ ഇളവിനായി റിസോര്‍ട്ടുകളെ വില്ലകളെന്ന്‌ നാമകരണം ചെയ്യുകയും ചെയ്തു. 2007 ല്‍ വെറും രണ്ടേക്കര്‍ മാത്രമായി ഭൂമി ഒരു സുപ്രഭാതത്തില്‍ 11 1/2 ഏക്കറായി വര്‍ധിക്കുകയും പഞ്ചായത്ത്‌ തലം മുതല്‍ സംസ്ഥാന തലം വരെ നീണ്ട വന്‍ അഴിമതി റാക്കറ്റിലൂടെ കോടികളുടെ നിക്ഷേപ സ്ഥലമായി നെടിയ തുരുത്ത്‌ മാറുകയും ചെയ്തു. അതീവ ഗുരുതരമായി അപകടത്തിലിരിക്കുന്ന വേമ്പനാട്‌ കായലിലെ ദ്വീപ സമൂഹങ്ങളില്‍ വെറ്റില തുരുത്തും നെടിയതുരുത്തും ഉള്‍പ്പെടുന്നു. ഇരു ദ്വീപുകളിലും കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നും നിര്‍മാണ രേഖകള്‍ സംഘടിപ്പിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ജനങ്ങള്‍ ആരോപിക്കുന്നു. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി കുടിവെള്ള വിതരണ പ്ലാന്റില്‍ നിന്നും പെരുമ്പളം ദ്വീപിലേക്ക്‌ വരുന്ന കുടിവെള്ള പൈപ്പ്‌ ലൈനുകള്‍ നെടിയ തുരുത്തിലേക്ക്‌ റിസോര്‍ട്ടുകളുടെ നീന്തല്‍ കുളങ്ങള്‍ നിറയ്ക്കുന്നതിനായി തിരിച്ചുവിടുവാന്‍ പ്ലാനിട്ടിരിക്കുന്നതായും അതിന്‌ പെരുമ്പളം പഞ്ചായത്തിലെ ചില മെമ്പര്‍മാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായും ജനങ്ങള്‍ വിലയിരുത്തുന്നു. ഇതു കൂടാതെ റിസോര്‍ട്ടുടമകള്‍ കായലിലേക്ക്‌ പണി തീര്‍ന്നിരിക്കുന്ന പുലിമുട്ടുകള്‍ പെരുമ്പളം ദ്വീപിന്റെ നിലനില്‍പ്പിന്‌ തന്നെ ഭീഷണിയാണെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്‌ തടസ്സം സൃഷ്ടിക്കുന്നതിനായി കായലിലെ ഊന്നുവലകള്‍ നീക്കം ചെയ്തതായും റിസോര്‍ട്ട്‌ ഉടമകള്‍ വേമ്പനാട്ട്‌ കായല്‍ റിസോര്‍ട്ട്‌ നിര്‍മാണ വേളയില്‍ തന്നെ അതിഭീകരമായി കായല്‍ മലിനീകരിക്കുന്നതായും ജനങ്ങള്‍ ആരോപിക്കുന്നു.
വേമ്പനാട്ടു കായല്‍ 143000 പേര്‍ക്കാണ്‌ ഉപജീവനം ഒരുക്കുന്നത്‌. 132539 ചതുരശ്ര മീറ്റര്‍ നിര്‍മിതികള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായ നെടിയ തുരുത്തില്‍ കെട്ടിപ്പൊക്കിയതുതന്നെ വലിയ നിയമലംഘനമാണെന്ന്‌ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുകയും അവയെ സംരക്ഷിക്കുകയും അനധികൃത നിര്‍മാണങ്ങള്‍ നിലനിര്‍ത്തുവാന്‍ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്ത അധികാര സ്ഥാനങ്ങളുടെ അഴിമതിയെക്കുറിച്ച്‌ സമഗ്രമായി ഒരന്വേഷണം നടത്തണമെന്നാണ്‌ കുടിവെള്ള-കായല്‍ സംരക്ഷണ സമിതിയുടെ ആവശ്യം. തങ്ങളുടെ തൊഴിലും കുടിവെള്ളവും ഇല്ലാതാക്കുന്ന റിസോര്‍ട്ടുകള്‍ എത്രയും പെട്ടെന്ന്‌ ഹൈക്കോടതി വിധിയുടേയും ആ വിധി ശരിവച്ച സുപ്രീംകോടതി നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ പൊളിച്ചുമാറ്റണമെന്നാണ്‌ ആവശ്യം. ഇളവുകള്‍ നേടണമെങ്കില്‍ അത്‌ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ തൊഴിലും മത്സ്യലഭ്യത ഉറപ്പാക്കിയും മാത്രമേ ആകാവൂ എന്ന നിയമത്തിലെ പ്രധാന നിബന്ധനയാണ്‌ നെടിയ തുരുത്തിലും വെറ്റില തുരുത്തിലും അട്ടിമറിക്കപ്പെട്ടത്‌. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ ഈ തുരുത്തുകളിലെ റിസോര്‍ട്ടുകള്‍ എന്ത്‌ ഉന്നമനമാണ്‌ വരുത്തുക? റിസോര്‍ട്ടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യങ്ങളും റിസോര്‍ട്ടിലേക്ക്‌ വരുന്ന ബോട്ടുകളില്‍ നിന്നുണ്ടാകുന്ന ഓയില്‍ മലിനീകരണവും മത്സ്യപ്രജനനത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്‌. അതിസമ്പന്നരുടെ വിഹാരഭൂമിയായി തുരുത്തുകള്‍ വഴിമാറും. നാട്ടിലെ നിയമങ്ങള്‍, തുരുത്തിലെത്തിപ്പെടുവാനുള്ള പ്രതിബന്ധങ്ങള്‍ മൂലം നടപ്പിലാക്കുക വലിയ ബുദ്ധിമുട്ടാണ്‌. തുരുത്തുകളിലെ വിനോദസഞ്ചാരം ലൈംഗിക വിനോദസഞ്ചാരമായി മാറിയാല്‍ പോലും ഒരു നടപടിയും ഉണ്ടാകില്ല. രാജ്യസുരക്ഷയ്ക്ക്‌ പോലും തുരുത്തുകളിലെ റിസോര്‍ട്ടുകള്‍ ഭീഷണിയായി മാറി കൂടെന്നില്ല. കടലില്‍നിന്നും എളുപ്പത്തില്‍ തുരുത്തുകളില്‍ എത്തിച്ചേരാമെന്നതിനാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുരുത്തുകളിലെ "ഇക്കോ ടൂറിസം" വഴി മാറിയാല്‍ അത്ഭുതപ്പെടാനില്ല. ഭീകരവാദികള്‍ക്ക്‌ അത്രയേറെ സുരക്ഷിതത്വമാണ്‌ ഈ തുരുത്തുകള്‍ നല്‍കുക.
നിയമവിരുദ്ധമായി പണിതുയര്‍ത്തിയ റിസോര്‍ട്ടുകളും കെട്ടിട സമുച്ചയങ്ങളും പൊളിച്ചുമാറ്റുവാനുള്ള ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട്‌ ഉടമകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരിക്കയാണ്‌. കൂടാതെ സംസ്ഥാനത്ത്‌ നടന്നിരിക്കുന്ന ജലാശയ തീരത്തെ നിര്‍മിതികളുടെ കൃത്യമായ വിവരങ്ങളും നല്‍കുവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കയാണ്‌. സംസ്ഥാനത്ത്‌ അരങ്ങേറിയിരിക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും നിയമലംഘനത്തിലൂടെ നടത്തിയിരിക്കുന്ന നിര്‍മിതികളുടേയും ഏകദേശ ധാരണ സുപ്രീംകോടതിക്ക്‌ ലഭിച്ചിരിക്കുന്നു എന്നുതന്നെയാണ്‌ മനസ്സിലാക്കേണ്ടത്‌. സംസ്ഥാനം ഭരിക്കുന്നത്‌ ജനാധിപത്യത്തിന്‌ പകരം പണാധിപത്യമാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌. പണമുണ്ടെങ്കില്‍ എന്തും നടക്കും.
ഇതിനിടയാണ്‌ വേമ്പനാട്‌ കായല്‍ കയ്യേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ കോടതിവിധിയുടെ പേരില്‍ പൊളിക്കരുതെന്നാവശ്യപ്പെട്ട്‌ കേരളത്തിലെ ഭരണ-പ്രതിപക്ഷത്തെ എംഎല്‍എമാരും മതമേലധ്യക്ഷന്മാരും ഒപ്പിട്ട്‌ മുഖ്യമന്ത്രിയ്ക്കയച്ച കത്ത്‌ പുറത്തായത്‌. ഇത്‌ കേരള ജനതയുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്‌. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയ പ്രകൃതി വിഭവങ്ങളായ കായലുകളും നദികളും കയ്യേറി നിയമലംഘനം നടത്തി നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന്റെ സ്വത്ത്‌ അപഹരിച്ചെടുക്കുന്നവരോട്‌ പക്ഷം പിടിക്കുന്നവരാണ്‌ ജനനേതാക്കളായി വിലസുന്നതെന്ന സത്യമാണ്‌ നാം മനസ്സിലാക്കേണ്ടത്‌. ഇവിടെ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലെന്നതാണ്‌ പ്രധാനം. പണത്തിന്‌ വേണ്ടി നാടിനെ ഒറ്റിക്കൊടുക്കുന്ന യൂദാസുകളായാണ്‌ ചില എംഎല്‍എ മാര്‍ പെരുമാറിയത്‌. അവര്‍ക്ക്‌ കോടതി വിധികളിലൊന്നും ഒരു കൂസലുമില്ല.
മുഖ്യമന്ത്രിയ്ക്ക്‌ നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടവരെല്ലാം റിസോര്‍ട്ട്‌ ഉടമകളുടെ ദല്ലാളന്മാരായി പ്രവര്‍ത്തിച്ചവരാണെന്ന്‌ പോലും ജനങ്ങള്‍ സംശയിക്കുന്നു. കാരണം രാജ്യത്തിന്റെയും വരുംതലമുറകളുടെയും സമ്പത്ത്‌ കവര്‍ന്നെടുക്കുന്നതിനൊന്നും അവര്‍ക്ക്‌ ദണ്ണമില്ല. റിസോര്‍ട്ടു ഉടമകള്‍ക്കും "വിനോദസഞ്ചാര" വികസനത്തിനും കോട്ടം തട്ടിയാല്‍ നിയമലംഘനത്തിന്‌ കൂട്ടുനില്‍ക്കുവാന്‍ എംഎല്‍എമാര്‍ പോലും മുഖ്യമന്ത്രിയോട്‌ ശിപാര്‍ശയ്ക്ക്‌ പോകുമെന്നതാണ്‌ ഈ കത്തിലൂടെ നാം മനസ്സിലാക്കേണ്ടത്‌. പെരുമ്പളത്തെ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേമ്പനാട്ടു കായലിനും ദ്രോഹം വന്നാലൊന്നും എംഎല്‍എമാര്‍ക്കും മതമേലദ്ധ്യക്ഷന്മാര്‍ക്കും ഒരു വിഷമവുമില്ലേ? ജനങ്ങളുടെ വോട്ടു വാങ്ങി ജനങ്ങളെ പറ്റിക്കുന്ന ജനപ്രതിനിധികളെ നാം തിരിച്ചറിയണം. കായല്‍ കയ്യേറി നിര്‍മിച്ചിട്ടുള്ള റിസോര്‍ട്ടുകളെ സംബന്ധിച്ച്‌ അന്വേഷണം നടത്തുവാന്‍ കേരള മന്ത്രിസഭ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണ്‌ നിയമങ്ങളും കോടതിവിധികളും മറികടന്ന്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും നടത്തിയ റിസോര്‍ട്ട്‌ ഉടമകള്‍ക്ക്‌ അനുകൂലമായി തീരുമാനമെടുക്കുവാന്‍ വേണ്ടിയാണ്‌ എംഎല്‍എ മാരുടെ സംഘം മുഖ്യമന്ത്രിയോട്‌ ശിപാര്‍ശ ചെയ്തത്‌. ഈ കാര്യങ്ങളൊക്കെ പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ റിസോര്‍ട്ട്‌ ഉടമകള്‍ക്ക്‌ അനുകൂലമായല്ല നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നതെന്നും തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും ഒപ്പിട്ട ഭൂരിഭാഗം എംഎല്‍എമാരും നിലപാട്‌ തിരുത്തിയിരിക്കുന്നു.
പൂച്ച കണ്ണടച്ച്‌ പാല്‌ കുടിച്ചാല്‍ ആരും കാണില്ലെന്ന്‌ വിചാരിച്ചതുപോലെയായി എംഎല്‍എമാരുടെ നിവേദന പ്രഹസനം. ജനങ്ങളുടെ മുമ്പില്‍ വോട്ടിനുവേണ്ടി മാന്യന്മാരായി തോന്നിക്കുന്ന ജനപ്രതിനിധികളുടെ യഥാര്‍ത്ഥ മുഖമാണ്‌ കേരളീയ സമൂഹം കണ്ടത്‌. ആരും അറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരൊറ്റ എംഎല്‍എയും പക്ഷേ നിലപാടുകള്‍ തിരുത്തില്ലായിരുന്നു. സര്‍ക്കാര്‍ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നതിന്‌ പുറകില്‍ നടക്കുന്ന കള്ളകളികളാണ്‌ നിവേദന രൂപത്തില്‍ പുറത്തായത്‌. ഇതിനോടകം എന്തെല്ലാം ചതി പ്രയോഗങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന്‌ ആര്‍ക്കറിയാം? നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ട എംഎല്‍എമാര്‍ നിയമലംഘനം നടത്തിയ റിസോര്‍ട്ട്‌ ഉടമകള്‍ക്കായി വിനോദസഞ്ചാര വികസനത്തിന്‌ എന്ന വ്യാജേന മുന്നിട്ടിറങ്ങിയത്‌ എന്തായാലും നാണക്കേടായി. വേമ്പനാട്ട്‌ കായല്‍ കയ്യേറ്റം എന്തായാലും മത്സ്യബന്ധനത്തിനെ തകര്‍ക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. മത്സ്യത്തൊഴിലാളികളുടെയും മത്സ്യസമ്പത്തിന്റെ വികസനത്തിന്റെയും വക്താക്കളുമായിരുന്ന സംസ്ഥാനത്തെ രണ്ട്‌ മുന്‍ ഫിഷറീസ്‌ മന്ത്രിമാരും മുഖ്യമന്ത്രിക്ക്‌ റിസോര്‍ട്ട്‌ ഉടമകളുടെ സംരക്ഷകരായി നല്‍കിയ നിവേദനത്തിന്‌ ഒപ്പിട്ടുവെന്നത്‌ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട്‌ കാട്ടിയ നെറികേടായി പോയി. ഇനിയെത്ര പ്രസ്താവനകളിറക്കിയിട്ടും എന്ത്‌ കാര്യം? മുന്‍ മന്ത്രിമാരുടെ മനസ്സിലിരുപ്പ്‌ ജനത്തിന്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ആലോചിച്ചാണ്‌ നിവേദനത്തില്‍ ഒപ്പിട്ടതെന്നാണ്‌ ഒരു എംഎല്‍എ പറഞ്ഞത്‌.
നിയമനിര്‍മാണ സഭയിലെ അംഗമായ എംഎല്‍എയ്ക്ക്‌ തങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ കണിശമായി നടപ്പാക്കണമെന്ന്‌ ഭാരതത്തിലെ പരമോന്നത കോടതി പറഞ്ഞാല്‍ എങ്ങനെ നിഷേധിക്കാനാകും? തന്റെ ബിനാമികള്‍ക്കും സ്പോണ്‍സര്‍മാരായ റിസോര്‍ട്ട്‌ ഉടമകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധിയിലെ അമര്‍ഷമാണ്‌ സത്യത്തില്‍ നിവേദനമായി പുറത്തുവന്നത്‌. നാമൊന്നോര്‍ക്കണം നൂറ്‌ കണക്കിന്‌ കോടികളുടെ സ്വകാര്യ നിക്ഷേപമാണ്‌ തുരുത്തുകളില്‍ നടന്നത്‌.
നിയമപ്രകാരം 50 ലക്ഷത്തില്‍ കൂടുതലുള്ള പദ്ധതികളുടെ നടത്തിപ്പിന്‌ മുമ്പ്‌ പരിസ്ഥിതി ആഘാതപഠനവും പബ്ലിക്‌ ഹിയറിംഗും നിയമപ്രകാരം നടക്കേണ്ടതായിട്ടുണ്ട്‌. ഇവിടെ ഇത്‌ രണ്ടും നടന്നിട്ടില്ല. വേമ്പനാട്ടു കായലിനകത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും തീരദേശ സംരക്ഷണ മേഖലയിലെ സോണ്‍ ഒന്നില്‍പ്പെടുന്ന പ്രദേശങ്ങളാണ്‌ നെടിയ തുരുത്തും വെറ്റില തുരുത്തും. എന്നിട്ടും യാതൊരു തരത്തിലുമുള്ള നിയമപരമായ പഠനങ്ങളും പാരിസ്ഥിതിക വിലയിരുത്തലുകളും ഇവിടെ കെട്ടിപ്പൊക്കിയ റിസോര്‍ട്ടുകളുടെ കാര്യത്തില്‍ നടന്നില്ല എന്നത്‌ പണാധിപത്യത്തിന്റെയും അഴിമതിയുടേയും ചിത്രമാണ്‌ തെളിയുന്നത്‌. ആഗോളതാപനവും അതുവഴി ധ്രുവപ്രദേശ മഞ്ഞുരുകലും തുടര്‍ന്ന്‌ സമുദ്ര നിരപ്പില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കിലെടുത്ത്‌ ബഹുമാനപ്പെട്ട ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച വിധികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം. കടലിന്റെ മക്കളുടെ രോദനം സര്‍ക്കാര്‍ കേള്‍ക്കണം. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ നിലനില്‍പ്പിന്‌ തീരദേശ സംരക്ഷണ നിയമം കര്‍ശനമായി പാലിക്കപ്പെടണം. e-mail: jcheenikkal@gmail.com
ഡോ.സി.എം.ജോയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.